തൃശൂർ: തൃശൂരിൽ റോഡ് ഷോയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. ഇന്ന് ഉച്ചമുതൽ കാത്തുനിന്ന പ്രവർത്തകർക്ക് ആവേശമായി, നഗരത്തെ ഇളക്കിമറിച്ചായിരുന്നു നരേന്ദ്ര മോദിയുടെ റോഡ് ഷോ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അന്പതിനായിരത്തോളം പ്രവർത്തകരെയാണ് മോദി അഭിവാദ്യം ചെയ്തത്. വടക്കും നാഥന്റെ നടവഴികളിലുടനീളം പുഷ്പവൃഷ്ടി നടത്തിയാണ് മോദിയെ ആനയിച്ചത്. പുലിക്കളി, കുമ്മാട്ടി വേഷങ്ങളും മോദിയെ സ്വീകരിക്കാൻ ഒരുക്കിയിരുന്നു. സ്വരാജ് റൗണ്ടിൽ 900 മീറ്റർ ദൂരത്തിൽ അരമണിക്കൂറോളം എടുത്താണ് റോഡ് ഷോ പൂർത്തിയാക്കിയത്.
കുട്ടനെല്ലൂരിലെ ഗവ. അച്യുതമേനോൻ കോളജിലെ ഹെലിപാഡിൽ ഇറങ്ങിയ മോദി, റോഡ്മാർഗം തൃശൂരിലെത്തി. സ്വരാജ് റൗണ്ടിലെ ജില്ലാ ആശുപത്രിക്കു മുന്നിൽനിന്ന് പ്രത്യേകം അലങ്കരിച്ച വാഹനത്തിലേക്കു മാറി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, തൃശൂർ നിയോജക മണ്ഡലം സ്ഥാനാർഥിയും മുൻ കോണ്ഗ്രസ് നേതാവുമായ പദ്മജ വേണുഗോപാൽ, മുൻ നാട്ടിക എംഎൽഎയും മുൻ സിപിഐ നേതാവുമായ സി.സി. മുകുന്ദൻ, മണലൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ. കെ.കെ. അനീഷ് കുമാർ എന്നിവരും അദ്ദേഹത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്നു.
മുനിസിപ്പൽ റോഡ്, നടുവിലാൽ, നായ്ക്കനാൽ വഴി ബിനി ജംഗ്ഷനിൽ എത്തി റോഡ് ഷോ സമാപിച്ചു. ശനിയാഴ്ച രാവിലെ മുതൽ തൃശൂരിനു പുറമേ, എറണാകുളം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള പ്രവർത്തകരും സ്വരാജ് റൗണ്ടിൽ സ്ഥാനം പിടിച്ചിരുന്നു.
സന്ദർശനത്തിനു മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയത്. രാവിലെ 11 മുതൽ ആറരവരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബാരിക്കേഡ് കെട്ടി ഒരു ഭാഗത്തുമാത്രമാണ് ജനങ്ങൾക്കു പ്രവേശനം അനുവദിച്ചത്.