കൊച്ചി: എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവ്യക്തത തുടരുന്നു. വൈപ്പിന്‍, പെരുമ്പാവൂര്‍, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് തീരുമാനമാകാതെ പോകുന്നത്. പെരുമ്പാവൂരില്‍ സീറ്റ് ഉറപ്പിക്കാനായി സിറ്റിംഗ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളി കേന്ദ്ര നേതാക്കളെ കാണാനായി വീണ്ടും ഡല്‍ഹിയിലെത്തി.
കൊച്ചിയില്‍ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ദീപ്തി മേരി വര്‍ഗീസുമാണ് പരിഗണനയിലുള്ളത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമാകുന്നതിന് മുമ്പേ മുഹമ്മദ് ഷിയാസിനായി പ്രചാരണം തുടങ്ങാന്‍ ഒരുങ്ങുകയാണ് പ്രവര്‍ത്തകര്‍. ഷിയാസിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ രംഗത്തുള്ളപ്പോൾ കെ.സി. വേണുഗോപാലാണ് ദീപ്തിയുടെ പേര് ഉയർത്തിയത്.
കൊച്ചിയില്‍ റോഡ് ഷോ നടത്തുമെന്ന വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളി ഇല്ലെങ്കില്‍ ഉല്ലാസ് തോമസ് സ്ഥാനാര്‍ഥി ആകണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. മനോജ് മൂത്തേടത്തിനായും സമ്മര്‍ദമുണ്ട്.
തൃപ്പൂണിത്തുറയില്‍ കെ.സി വിഭാഗം എം. ലിജുവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, കെ. ബാബു ഉള്‍പ്പെടെയുള്ളവര്‍ കൊച്ചി ഡെപ്യൂട്ടി മേയര്‍ ആയ ദീപക് ജോയ്‌യുടെ പേരാണ് ഉയര്‍ത്തുന്നത്. വൈപ്പിനില്‍ ടോണി ചമ്മണിയുടെയും ഷാരോണിന്‍റെയും പേരാണ് ഉയരുന്നത്.
Tags : Mohammed Shiyas Deepthi Mary Varghese Congress constituencies Kochi