കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്.
ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത് പ്രത്യേകം ക്ലാസിഫൈ ചെയ്യും.
റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാകും മോഡിഫിക്കേഷൻ അനുവദിക്കുക. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണു പഠനം നടക്കുക. കേന്ദ്ര മോട്ടോർ വാഹന നിയമവും സുപ്രീംകോടതി വിധിയും വെല്ലുവിളിയാണ്.
റോഡ് സുരക്ഷയും പരിസ്ഥിതിയും പരിഗണിക്കാതെയുള്ള ഇളവ് അനുവദിക്കാനാകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 52 മറികടക്കുന്ന ചട്ടം സംസ്ഥാനത്തിന് ഉണ്ടാക്കാനാകില്ല.
വാഹന നിർമാതാക്കൾ അനുവദിക്കുന്നതിനപ്പുറമുള്ള രൂപമാറ്റം വാഹനത്തിൽ അനുവദിക്കാനാകില്ലെന്ന് 1988-ലെ മോട്ടോർ വാഹന നിയമം വകുപ്പ് 52-ൽ വ്യക്തമാക്കുന്നുണ്ട്.
വാഹന മോഡിഫിക്കേഷൻ തടഞ്ഞ 2006ലെ ഉത്തരവിനെതിരേ ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് റദ്ദ് ചെയ്ത് മോഡിഫിക്കേഷൻ വിലക്കി സുപ്രീംകോടതി 2019ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Tags : MVD conduct scientific study vehicle modification