കോഴിക്കോട്: പ്രധാനമന്ത്രി ദേശീയപാത ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയെയും ക്ഷണിക്കാതിരുന്നത് കേരളത്തെ അപമാനിക്കലാണെന്ന് മന്ത്രി പി. മുഹമ്മദ് റിയാസ്.
ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്. മന്ത്രി ആര് എന്നുള്ളതല്ല വിഷയം. ഇത്തരം പരിപാടിയില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കുക എന്നത് കേരളത്തിന്റെ അവകാശമാണ്. ദേശീയപാത ഉദ്ഘാടന ചടങ്ങുകള്‍ പരിശോധിച്ചാല്‍ എല്ലാക്കാലത്തും പൊതുമരാമത്ത് വകുപ്പ് മന്ത്രി പങ്കെടുക്കാറുണ്ട്. അത് സ്വാഭാവികമാണ്.
ബിജെപി പ്രസിഡന്റിനെ പരിപാടിയില്‍ ക്ഷണിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ കെപിസിസി പ്രസിഡന്റിനെയും സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാരെയും മറ്റു രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയും ക്ഷണിക്കേണ്ടതല്ലേ? ഈ രീതി ജനാധിപത്യത്തിന് ഗുണകരമാണോ എന്ന് ചിന്തിക്കണം.
ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതിലൂടെ ദേശീയപാത 66 യാഥാര്‍ഥ്യമാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഒരു പങ്കുമില്ല എന്ന സ്ഥാപിക്കാനാണ് ശ്രമമെങ്കില്‍ അത് കേരളത്തിലെ ജനങ്ങള്‍ കൃത്യമായി മനസിലാക്കിയിട്ടുണ്ട്. -റിയാസ് പറഞ്ഞു.
Tags : National Highway inauguration controversy Minister Muhammad Riyas insult Kerala