തൃശൂർ: ഗുരുവായൂർ നിയമസഭാമണ്ഡലത്തിൽ വർഗീയപ്രചാരണവുമായി എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ.ബി. ഗോപാലകൃഷ്ണൻ.
കഴിഞ്ഞ അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്നും ഇടതനും വലതനും ഹൈന്ദവസമൂഹത്തിൽനിന്നുള്ള സ്ഥാനാർഥികളെപ്പോലും മണ്ഡലത്തിൽ പരിഗണിക്കുന്നില്ലെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.പ്രചാരണത്തിന്റെ ഭാഗമായി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലാണ് വിവാദപരാമർശങ്ങൾ.
ഗുരുവായൂരപ്പന്റെ മണ്ണ് വീണ്ടെടുക്കുക എന്നതു കൊടുങ്ങല്ലൂരമ്മയുടെ നിശ്ചയമാണ്. ആ ദൗത്യമാണ് തനിക്കു ലഭിച്ചിരിക്കുന്നതെന്നു ഗോപാലകൃഷ്ണൻ പറയുന്നു. കഴിഞ്ഞ 50 വർഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലദ്രോഹികളുടെയും കൈകളിലാണ്. മണ്ഡലത്തിൽ 48 ശതമാനം ഹൈന്ദവജനസംഖ്യയുണ്ടായിട്ടും ജനപ്രതിനിധിയായി ഒരു ഹിന്ദു എത്താതിരിക്കുന്നത് ബോധപൂർവമാണ്.
അയൽജില്ലയായ മലപ്പുറത്തെ സ്ഥാനാർഥിനിർണയത്തെയും ഗോപാലകൃഷ്ണൻ വീഡിയോയിൽ വിമർശിക്കുന്നുണ്ട്. സംവരണമണ്ഡലങ്ങൾ ഒഴികെ മലപ്പുറത്ത് ഒരിടത്തും യുഡിഎഫ് ഹിന്ദുസ്ഥാനാർഥികളെ നിർത്തുന്നില്ല. ഇതാണോ കേരളം പറയുന്ന മതേതരത്വം.
ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയിൽനിന്ന് അമ്പലംകൊള്ളക്കാരെയും വർഗീയ മതരാഷ്ട്ര വാദികളെയും ആട്ടിയോടിക്കാനുള്ള സമയമായെന്നും അതിനുള്ള നിയോഗമാണ് തനിക്കു ലഭിച്ചിരിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
സ്ഥാനാർഥിയുടെ ഈ പ്രസ്താവനകൾക്കെതിരേ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകളാണ് നടക്കുന്നത്. മണ്ഡലത്തിൽ വർഗീയധ്രുവീകരണമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് എതിർരാഷ്ട്രീയകക്ഷികൾ ആരോപിക്കുന്നു.
വീഡിയോ വിവാദമായതോടെ മറ്റൊരു വീഡിയോയുമായി ബി. ഗോപാലകൃഷ്ണൻ രംഗത്തെത്തി. തന്റെ വീഡിയോ ചിലർക്കു വർഗീയത.
മതതീവ്രവാദികൾ മതംമാത്രം നോക്കി തൊഴിയൂർ സുനിലിനെയും പെരിയമ്പലം മണികണ്ഠനെയും വെട്ടിക്കൊലപ്പെടുത്തിയപ്പോൾ മിണ്ടാതിരുന്ന എംഎൽഎമാരുടേതാണു വർഗീയത. അറിയുക...എന്ന പേരിലാണ് വീഡിയോ ഇറക്കിയത്.
പെരിയമ്പലം മണികണ്ഠന്റെ കുടുംബത്തിൽനിന്നാണ് വീഡിയോ ചിത്രീകരിച്ചത്. എംഎൽഎമാരുടെ സ്വാധീനത്തിൽ മതതീവ്രവാദികൾ വേരൂന്നിയിരിക്കുന്ന മണ്ഡലത്തിൽ ഗുരുവായൂരപ്പന്റെ മണ്ണ് വീണ്ടെടുക്കാൻ ഹിന്ദു എംഎൽഎ ഉണ്ടാകണമെന്നും മതതീവ്രവാദികൾക്കെതിരേയുള്ള യുദ്ധമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുരുവായൂർ: ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ലക്ഷ്യംവച്ച് നടത്തിയ വിദ്വേഷപരാമർശങ്ങൾ ചട്ടലംഘനമാണെന്നു കാണിച്ച് സിപിഎം ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി സി. സുമേഷ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകുമെന്ന് അറിയിച്ചു.
ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷപ്രസംഗം ഗുരുവായൂരിൽ വിലപ്പോവില്ല. ഗുരുവായൂരിന്റെ സാമൂഹ്യ നവോത്ഥാന പോരാട്ടത്തിൽ ഒരു പങ്കുമില്ലാത്ത സംഘപരിവാർ ഇപ്പോൾ മേനി നടിക്കുന്നതു ജനങ്ങളെ കബളിപ്പിക്കാനാണ്.
നഗരസഭയും സംസ്ഥാനസർക്കാരുമാണ് ഗുരുവായൂരിലെ വികസനങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്. വികസനങ്ങളിൽ ബിജെപിക്ക് ഒരു പങ്കുമില്ലെന്നു സിപിഎം വ്യക്തമാക്കി.
Tags : NDA candidate B. Gopalakrishnan controversial speech BJP