തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജീവ് വസ്തുതകൾ മനസിലാക്കി പ്രതികരിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
സ്വർണക്കൊള്ള കേസിൽ ഡി. മണിക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അറിവിൽ ഹൈക്കോടതിയോ എസ്ഐടിയോ അത്തരത്തിലൊരു വിവരം പുറത്തുവിട്ടിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നത് കേസിലെ യഥാർഥ പ്രതികളാണ്. മാർക്സിസ്റ്റ് പാർട്ടിക്കാരാണ് കേസിലെ യഥാർഥ പ്രതികൾ. മൂന്ന് നേതാക്കൻമാർ ജയിലിലാണ്. ശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
രാജീവ് ഒരു മന്ത്രിയാണെന്നും രമേശ് ചെന്നിത്തല ഓർമിപ്പിച്ചു. പ്രത്യേക അന്വേഷണസംഘം പറയുന്നത് തങ്ങൾ ഒരു വാർത്തയും പുറത്തുകൊടുത്തില്ലെന്നാണ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് എങ്ങനെ പുറത്തുവന്നുവെന്നും ചെന്നിത്തല ചോദിച്ചു.
അത് സത്യമാണോയെന്ന് ചോദിച്ച ചെന്നിത്തല തന്റെ റോൾ എസ്ഐടിക്ക് മൊഴി നൽകിയതോടെ അവസാനിച്ചെന്നും അറിയിച്ചു. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ലഭിച്ച വിവരങ്ങൾ അന്വേഷണസംഘത്തിന് കൈമാറുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്നുള്ള കാര്യങ്ങളിൽ തനിക്ക് ഒരു പങ്കുമില്ല. തനിക്ക് അതിൽ പങ്കാളിയാകേണ്ട കാര്യവുമില്ല. വിഷയത്തിൽ രാജീവ് കഥയറിയാതെ ആട്ടം കാണരുതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Tags : p rajeev ramesh chennithala cpm congress