തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപ്പിഴവും അനാസ്ഥയും ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. ബൈക്ക് അപകടത്തെത്തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാലാണ് പുഴു അരിച്ച നിലയിലായത്. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഈ ദുരനുഭവം ഉണ്ടായത്.
കഴിഞ്ഞ മാസം 28-നായിരുന്നു രാജേന്ദ്രപ്രസാദിന് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. തുടര്ന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാളുടെ കാലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കമ്പിയിട്ടിരുന്നു. സർജറിക്ക് ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ച് ദിവസത്തെ ഐസിയു വാസത്തിന് ശേഷം ഇയാളെ ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തറിയുന്നത്.
വാർഡിലെത്തിച്ച രോഗിയുടെ കെട്ടിവെച്ചിരുന്ന കാലിൽ പുഴുക്കൾ അരിക്കുന്നതായി കൂടെയുണ്ടായിരുന്ന ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയിൽ പ്രകോപിതരായ ബന്ധുക്കൾ വാർഡിൽ വലിയ രീതിയിൽ ബഹളം വെക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ബന്ധുക്കളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആശുപത്രി അധികൃതർ ഒടുവിൽ മുറിവ് വൃത്തിയാക്കുകയും രോഗിയെ അടിയന്തരമായി വീണ്ടും ഐസിയുവിലേക്ക് തന്നെ മാറ്റുകയും ചെയ്തിട്ടുണ്ട്.
Tags : Trivandrum Medical College Latest News Protest