മലപ്പുറം: പോലീസ് സേനയിലെ സ്ഥാനക്കയറ്റം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക നിർദേശം. സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നാണ് നിർദേശം.
സേനയുടെ വിശ്വാസ്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി ആധുനികവും ശാസ്ത്രീയവുമായ പരിശീലനമുറകൾ നടപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
സേനയിലെ അഴിമതി, അശാസ്ത്രീയമായ സ്ഥാനകയറ്റം, പരിശീലനത്തിലെ പോരായ്മകൾ എന്നിവ പരിശോധിച്ച് ആവശ്യമായ നയപരമായ മാറ്റങ്ങൾ വരുത്തണമെന്നും നിർദേശമുണ്ട്. ഇതുസംബന്ധിച്ച് കെ. ബൈജുനാഥ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഫലപ്രദമായ പരിശീലനമില്ലാത്തത് കാരണം പോലീസ് ജയിൽ സേനാംഗങ്ങളിൽ കൂടുതൽ പേരും സംശയാസ്പദവും സ്വാഭാവികമല്ലാത്തതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന പരാതിയിലാണ് നടപടി.