തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തള്ളി. പത്രികയിൽ ബംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരിനാഥൻ പരാതി നൽകുകയായിരുന്നു.
തുടർന്ന് സൂക്ഷ്മപരിശോധനയ്ക്കിടെ പത്രിക മാറ്റിവയ്ക്കുകയും പിന്നീട് വരണാധികാരി യുഡിഎഫിന്റെ പരാതി തള്ളുകയുമായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കി. ബംഗളൂരുവിലെ വസ്തുവിന് കരമടച്ചതിന്റെ രേഖകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചിരുന്നത്.
ബംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിന്റെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പരാതി. എല്ലാ തെരഞ്ഞെടുപ്പിനു മുമ്പും വ്യക്തിപരമായി ആക്രമിക്കുന്നത് കോൺഗ്രസിന്റെ പതിവാണ്. സിപിഎമ്മും ബിജെപിയും ഡീലാണെന്ന് ആദ്യം അവർ പറഞ്ഞു.
അതു ഫലിക്കുന്നില്ലെന്ന് കണ്ടപ്പോൾ എന്നെ ആക്രമിക്കുകയാണ്. ജനങ്ങൾ ആഗ്രഹിക്കുന്നത് വിവാദങ്ങളല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം സ്വത്തിന്റെ 25 ശതമാനം പോലും വെളിപ്പെടുത്തിയിട്ടില്ലെന്ന് പൊതുസംസാരം ഉണ്ടെന്നും എന്നാൽ ഇതു സംബന്ധിച്ച് തങ്ങളുടെ കൈയിൽ തെളിവ് ഇല്ലെന്നും എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടി പറഞ്ഞു.
ഉയർന്നുവരുന്ന പരാതികൾ കമ്മീഷൻ പരിശോധിക്കട്ടെ. പത്രിക തള്ളി വാശി തീർക്കാനില്ലെന്നും രാഷ്ട്രീയ മത്സരം നടക്കട്ടെയെന്നും ശിവൻകുട്ടി പറഞ്ഞു.