തിരുവനന്തപുരം: നടു റോഡിൽ ആര്യാ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ കെഎസ്ആർടിസി ഡ്രൈവർ യദു കൃഷ്ണനെ പുറത്താക്കാനുള്ള കാരണം വെളിപ്പെടുത്തി മന്ത്രി കെ.ബി.ഗണേഷ് കുമാർ. മേയറായിരുന്ന ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നമല്ല യദുവിനെ പുറത്താക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.
തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ യദു തുടർച്ചയായി ആറ് മണിക്കൂർ ഇയർഫോൺ വെച്ച് ഒരാളോട് ഫോണിൽ സംസാരിച്ചു. ബസിലെ അറുപതോളം യാത്രക്കാരുടെയും റോഡിലെ ആയിരങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയായിരുന്നു അത്.
യദു ഫോണിൽ സംസാരിച്ച കാര്യം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കോൾ ഡീറ്റെയിൽസ് സഹിതം കെഎസ്ആർടിസി സിഎംഡിക്ക് സമർപ്പിച്ചു. തുടർന്നാണ് നടപടി സ്വീകരിച്ചത്. ആര്യയുമായുണ്ടായ പ്രശ്നം തന്നോട് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ സംസാരിച്ചിട്ടില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 27 രാത്രിയിലാണ് വിവാദ സംഭവമുണ്ടായത്. പാളയത്തുവച്ച് മേയറും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് തടയുകയായിരുന്നു. തുടർന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നു.
Tags : k.b.ganesh kumar ksrtc driver yadu arya rajendran