തിരുവനന്തപുരം: 2023ലെ കേരളീയം- വി.കെ.മാധവൻകുട്ടി മാധ്യമ അവാര്ഡിന് ദീപിക തിരുവനന്തപുരം യൂണിറ്റിലെ സീനിയര് റിപ്പോര്ട്ടര് റിച്ചാര്ഡ് ജോസഫ് അര്ഹനായി.
2023 ജനുവരിയില് പ്രസിദ്ധീകരിച്ച ‘അപകടം ഇ-മാലിന്യം’എന്ന ലേഖന പരമ്പരയ്ക്കാണ് അച്ചടി മാധ്യമ വിഭാഗത്തില് മികച്ച റിപ്പോര്ട്ടിനുള്ള അവാര്ഡ് ലഭിച്ചത്.
50,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം അടുത്തമാസം കൊച്ചിയില് സംഘടിപ്പിക്കുന്ന ചടങ്ങില് സമ്മാനിക്കുമെന്ന് അവാര്ഡ് നിര്ണയ സമിതി അധ്യക്ഷന് മുന് അംബാസിഡര് ടി.പി. ശ്രീനിവാസന് വാർത്താസമ്മേളനത്തില് അറിയിച്ചു.
വര്ധിച്ചുവരുന്ന ഇലക്ട്രോണിക് മാലിന്യങ്ങള് സാമൂഹ്യ പ്രശ്നമായി ഉയര്ന്നുവന്നുകഴിഞ്ഞുവെന്നും ഇ-മാലിന്യത്തിന്റെ വിവിധ പ്രശ്നങ്ങളെ ലേഖനം വിശകലനം ചെയ്തിട്ടുണ്ടെന്നും അവാര്ഡ് നിര്ണയ സമിതി വിലയിരുത്തി.
പ്രശസ്ത പത്രപ്രവര്ത്തകനും ഗ്ലോബല് കേരള ഇനിഷ്യേറ്റീവ്-കേരളീയം സ്ഥാപക പ്രസിഡന്റുമായിരുന്ന വി.കെ. മാധവന്കുട്ടിയുടെ സ്മരണാര്ഥം മാധ്യമപ്രവര്ത്തകര്ക്കായി കേരളീയം ഏര്പ്പെടുത്തിയതാണ് അവാർഡ്.
ഇടുക്കി അടിമാലി തേക്കനാല് ജോസഫിന്റെയും സിസിലിയുടെയും മകനാണ് റിച്ചാര്ഡ് ജോസഫ്. ജര്മനിയിലെ ഏംഗല്സ്കിര്ഷെന് സെന്റ് ജോസഫ്സ് ഹോസ്പിറ്റലില് സ്റ്റാഫ് നഴ്സായ സയോണ തോമസ് ആണ് ഭാര്യ. മക്കള്: കാതറിന് തെരേസ റിച്ചാര്ഡ്, കരോലിന് മരിയ റിച്ചാര്ഡ്, ലൂക്കാസ് മിഖായേല് റിച്ചാര്ഡ്.
Tags : Richard Joseph V.K. Madhavankutty Media Award Deepika Trivandrum Unit Senior Reporter