പൂന സ്വദേശി ആകാശ് ഷിൻഡെ, രാജസ്ഥാൻ സ്വദേശി മജീദ് എന്നിവരാണ് പിടിയിലായത്.
മണ്ണുത്തി: ഗൃഹനാഥനെ കെട്ടിയിട്ട് 45.5 പവൻ സ്വർണവും അമ്പതിനായിരം രൂപയും കവർന്ന കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. അന്തർസംസ്ഥാന ലോറി ഡ്രൈവർമാരായ മഹാരാഷ്ട്ര പൂന സ്വദേശി ആകാശ് ഷിൻഡെ, രാജസ്ഥാൻ സ്വദേശി മജീദ് എന്നിവരാണ് പിടിയിലായത്.
മറ്റു പ്രതികളായ രാജസ്ഥാൻ സ്വദേശികളായ സൂരജ് പവാർ, വിക്കി പവാർ, മഹാരാഷ്ട്ര സ്വദേശി നീലേഷ് ഷിൻഡെ എന്നിവരെ പിടികൂടാനുണ്ട്. ഇവരിൽ സൂരജ് പവാർ പോലീസിന്റെ കസ്റ്റഡിയിലായതായി സൂചനയുണ്ട്. മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും അന്തർ സംസ്ഥാന ലോറി പേട്ടകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികൾ പിടിയിലായതെന്ന് ഒല്ലൂർ എസിപി കെ.പി. തോംസൺ പറഞ്ഞു.
കഴിഞ്ഞ ജൂൺ ഏഴിന് പുലർച്ചെ ചെറുവാറ വീട്ടിൽ സോമശേഖരന്റെ വീട്ടിലാണു കവർച്ച നടന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള സ്ക്വാഡും മണ്ണുത്തി എസ്എച്ച്ഒ ബിജു, എസ്ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് രാജസ്ഥാനിലും മഹാരാഷ്ട്രയിലും പോയി അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ കവർച്ച നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതികളിൽ മൂന്നു പേർ കവർച്ചാ കേസുകളിൽ പ്രതികളാണ്. ആരുടെ പേരിലും കേരളത്തിൽ മുൻപ് കേസുകളില്ലെന്ന് പോലീസ് പറഞ്ഞു.