കോഴിക്കോട്: സംസ്ഥാനത്ത് ആയുധ ലൈസന്‍സിനായുള്ള നിര്‍ബന്ധിത സുരക്ഷാ പരിശീലനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച പുതിയ സിലബസ് പ്രകാരമായിരിക്കും പരിശീലനം. കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് ഹൈക്കോടതി പരിശീലനം താത്കാലികമായി തടഞ്ഞിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ സിലബസും പരിശീലന കേന്ദ്രങ്ങളും വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണു സംഘടന കോടതിയെ സമീപിച്ചത്. നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക സിലബസ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പരിശീലനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ആകെ 270 മിനിറ്റ് (നാലര മണിക്കൂര്‍) ദൈര്‍ഘ്യമുള്ള ആറ് സെഷനുകളിലായാണു പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
ആയുധങ്ങളുടെയും വെടിമരുന്നുകളുടെയും അടിസ്ഥാന സുരക്ഷാ രീതികള്‍, വെടിവയ്ക്കുന്നതിനുള്ള രീതികളും നടപടിക്രമങ്ങളും, സുരക്ഷാ സംവിധാനങ്ങള്‍, ആയുധങ്ങളുടെ സംരക്ഷണം, വൃത്തിയാക്കുന്ന രീതികള്‍, ആയുധങ്ങളും വെടിമരുന്നുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതും യാത്രകളില്‍ കൊണ്ടുപോകുന്നതും, ആയുധ നിയമം, ലൈസന്‍സ് പുതുക്കല്‍, നിയമപരമായ ഉത്തരവാദിത്വങ്ങള്‍, ശിക്ഷകള്‍ എന്നീ വിഷയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ ലൈസന്‍സിന് ആവശ്യമായ എസ് വണ്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. സംസ്ഥാന പോലീസ് മേധാവി ശിപാര്‍ശ ചെയ്ത 11 പേരെ പരിശീലനം നല്‍കുന്നതിനായി സര്‍ക്കാര്‍ താത്കാലികമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കോഴിക്കോട് ജില്ലയില്‍നിന്ന് നാലു പേരും കോട്ടയം, പാലക്കാട് ജില്ലകളില്‍നിന്നു രണ്ടു പേര് വീതവും ഇടുക്കി, ആലപ്പുഴ, വയനാട് ജില്ലകളില്‍ നിന്ന് ഓരോ ആളുകള്‍ വീതവുമാണുള്ളത്.
നേരത്തേ പോലീസ് ആസ്ഥാനത്തുനിന്നാണ് പരിശീലനം നല്‍കിയിരുന്നത്. കേന്ദ്രത്തിന്റെ അന്തിമ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നതു വരെ താത്കാലിക ക്രമീകരണം തുടരും. ആയുധ ലൈസന്‍സ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കു വിനയായിരുന്നു കേന്ദ്രത്തിന്റെ നിയമക്കുരുക്ക്.
പുതിയ ലൈസന്‍സ് ലഭിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ സുരക്ഷാ പരിശീലനം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്ത് അംഗീകൃത സ്ഥാപനങ്ങളില്ലാതിരുന്നതാണ് അപേക്ഷകരെ വെട്ടിലാക്കിയത്. പരിശീലകരെ ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകും.
Tags : Safety training weapons licenses