തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ എയ്ഡഡ് മേഖലയിലെ അധ്യാപകരോട് പുലർത്തുന്ന നീതി നിഷേധത്തിനും ഇരട്ടത്താപ്പിനുമെതിരേ കേരളാ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അധ്യാപകരുടെ സംയുക്ത സെക്രട്ടേറിയറ്റ് മാർച്ചും ധർണയും 31ന് നടക്കും.
അധിക തസ്തിക വിഷയം, കെ ടെറ്റ് പ്രതിസന്ധികൾ ഉൾപ്പെടെയുള്ളവ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ചും ധർണയുമെന്ന് കേരളാ എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റവ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ അറിയിച്ചു.
കേരളാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്, കെപിഎസ്എംഎ, ശിവഗിരിമഠം സ്കൂൾ കോർപറേറ്റ് മാനേജ്മെന്റ്, കേരളാ എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവ്, അണ് അപ്രൂവ്ഡ് ടീച്ചേഴ്സ് മൂവ്മെന്റ് കേരള തുടങ്ങിയ സമാനാവശ്യങ്ങൾ ഉയർത്തുന്നവർ ചേർന്ന് സംഘടിപ്പിക്കുന്ന മാർച്ച് 31ന് രാവിലെ 10ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും.
2018 മുതൽ എയ്ഡഡ് സ്കൂളുകളിൽ സ്ഥിര നിയമനാംഗീകാരമില്ലാതെ ആയിരക്കണക്കിന് അധ്യാപകരാണ് ജോലി ചെയ്യുന്നത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശക്തിപ്പെടുത്തുന്ന എയ്ഡഡ് മേഖലയെ പാടേ തകർക്കുന്ന സർക്കാർ നയത്തിനെതിരേയുള്ള പ്രതിഷേധമാണ് ഈ മുന്നറിയിപ്പ് സമരം.
ഭിന്നശേഷി സംവരണം എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കാൻ തയാറാണെന്നു മാനേജ്മെന്റുകൾ സർക്കാരിന് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കോടതി വിധിയനുസരിച്ച് അത്തരത്തിലുള്ള മുഴുവൻ ഒഴിവുകളും മാനേജ്മെന്റ്കൾ ഒഴിച്ചിട്ടിട്ടുമുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും നേരിട്ടും ലഭ്യമായ മുഴുവൻ ആളുകളെയും നിയമിച്ചു കഴിഞ്ഞു. ജില്ലാസമിതി വഴി കണ്ടെത്തിയ 437 പേർക്ക് ഇപ്പോൾ അഡ്വൈസ് മെമ്മോയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി അധ്യാപകരെ പൂർണമായി നിയമിക്കാതെ മറ്റ് നിയമനങ്ങൾ അംഗീകരിക്കില്ല എന്നുള്ള സർക്കാരിന്റെ യുക്തിരഹിത പിടിവാശിക്ക് യാതൊരു അടിസ്ഥാനവുമില്ല. ഈ ശാഠ്യം സുപ്രീംകോടതിയിൽ ചോദ്യം ചെയ്ത് എൻഎസ്എസ് മാനേജ്മെന്റിന് സർക്കാർ അനുകൂല ഉത്തരവ് പുറപ്പെടുവിച്ച് നിയമനാംഗീകാരം നല്കുന്പോൾ സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഏജൻസികൾക്കും ഈ വിധി ബാധകമാണെന്നു സുപ്രീംകോടതി വിധിന്യായത്തിൽ വ്യക്തമാണ്. ഈ വിഷയത്തിൽ നാലു മാസത്തിനകം പ്രശ്നപരിഹാരമുണ്ടാക്കണം എന്ന വിവിധ ഹൈക്കോടതി വിധികളും കാറ്റിൽ പറത്തുന്ന സർക്കാരിന്റെ നീതിനിഷേധത്തിനെതിരേ കേരളത്തിലെ എയ്ഡഡ് മാനേജ്മെന്റുകളിലെ അധ്യാപകർ സംഘടിപ്പിക്കുന്നതാണ് ഈ സമരം. 7500ൽ പരം അധ്യാപകർ ഈ സമരത്തിൽ പങ്കെടുക്കും.
31ന് നടക്കുന്ന സെക്രട്ടേറിയറ്റ് ധർണ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, ബ്രഹ്മശ്രീ വിശാലാനന്ദ സ്വാമികൾ തുടങ്ങിയവർ പ്രസംഗിക്കും. പ്രതിഷേധ മാർച്ചിലും ധർണയിലും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വക്കോ അറയ്ക്കൽ, കേരളാ എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പ്രസിഡന്റ് റവ.ഡോ. വർക്കി ആറ്റുപുറത്ത്, കേരളാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ടോം മാത്യു, കേരളാ എയ്ഡഡ് സ്കൂൾ കളക്ടീവ് പ്രസിഡന്റ് ബിൻസിൻ എക്കാട്ടൂർ, പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മണി കൊല്ലം, ശിവഗിരിമഠം സ്കൂൾസ് മാനേജർ ബ്രഹ്മശ്രീ വിശാലാന്ദ സ്വാമികൾ, അണ് അപ്രൂവ്ഡ് ടീച്ചേഴ്സ് മൂവ്മെന്റ് കേരള. ലീഗൽ കോ-ഓർഡിനേറ്റർ എം. അനുഷാദ് എന്നിവർ പങ്കെടുക്കും.
Tags : Secretariat march dharna aided sector