കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടറിസ്ഥാനം എം.വി. ഗോവിന്ദൻ ഒഴിയണമെന്നാവശ്യപ്പെട്ട് സിപിഎമ്മിലെ ഒരു വിഭാഗം. എം.വി. ഗോവിന്ദന്റെ ശൈലി അണികൾ അംഗീകരിക്കാത്തതാണു തുടർച്ചയായുള്ള തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണമെന്നും വിലയിരുത്തുന്നു. 2021ൽ 67 സീറ്റുകൾ നേടിയ സിപിഎമ്മിന് ഇത്തവണ 26 സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തെരഞ്ഞെടുക്കപ്പെട്ടതു മുതൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തദേശ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് വിജയം നേടാൻ കഴിഞ്ഞിട്ടില്ല. തളിപ്പറന്പ്, പയ്യന്നൂർ, അന്പലപ്പുഴ എന്നിവിടങ്ങളിൽ സിപിഎമ്മിൽനിന്നു പുറത്തുപോയവർ നേടിയ വിജയവും എം.വി. ഗോവിന്ദനു തിരിച്ചടിയായിരിക്കുകയാണ്.
തളിപ്പറന്പിൽ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സ്ഥാനാർഥിത്വം നല്കിയപ്പോൾത്തന്നെ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിൽ ഗോവിന്ദനെതിരേ എതിർപ്പുകൾ ഉയർന്നിരുന്നു. ടി.കെ. ഗോവിന്ദൻ ഇക്കാര്യം പറഞ്ഞതാണ്. എന്നാൽ, കണ്ണൂരിൽനിന്നു തളിപ്പറന്പിൽ മത്സരിക്കേണ്ടവരുടെ ലിസ്റ്റ് അയച്ച് സംസ്ഥാന സെക്രട്ടേറിയറ്റിൽ ചെന്നപ്പോൾ അവിടെ പി.കെ. ശ്യാമളയെന്ന ഒറ്റ പേരിലേക്ക് ഉയരാൻ കാരണം സംസ്ഥാന സെക്രട്ടറിയാണെന്നും വിമർശനം ഉയർന്നിരുന്നു.
പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ എം.വി. ഗോവിന്ദനും കൂടി ഉൾപ്പെട്ട തളിപ്പറന്പിലെ യോഗത്തിൽ ഒരു വിഭാഗം ചോദ്യംചെയ്യുകയും ചെയ്തിരുന്നു. പി.കെ. ശ്യാമള തോറ്റതോടെ തോൽവിയുടെ ഉത്തരവാദിത്വം എം.വി. ഗോവിന്ദൻ ഏറ്റെടുക്കേണ്ടി വരും.
പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട കണക്കുകൾക്ക് വിശദീകരണം നല്കാൻ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ എം.വി. ഗോവിന്ദന് കഴിഞ്ഞില്ല. ആരോപണവിധേയനായ ടി.ഐ. മധുസൂദനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.
സിപിഎമ്മിന്റെ മുൻ ഷൊർണൂർ എംഎൽഎയും യുഡിഎഫിൽ ചേർന്ന് മത്സരിക്കുകയും ചെയ്ത പി.കെ. ശശിയിൽനിന്നും എം.വി. ഗോവിന്ദനെതിരേയാണു രൂക്ഷമായ വിമർശനം ഉയർന്നത്. അന്പലപ്പുഴയിൽ വിജയിച്ച ജി. സുധാകരനും എം.വി. ഗോവിന്ദൻ തന്നെ പരിഹസിച്ചെന്നു പറഞ്ഞാണു സിപിഎം വിട്ടത്.
സിപിഎമ്മിലെ മുതിർന്ന നേതാക്കളെ പരിഗണിക്കാതെയുള്ള എം.വി. ഗോവിന്ദന്റെ ശൈലിയോട് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ പാർട്ടിക്കുള്ളിൽനിന്ന് എതിർപ്പുകൾ കൂടിവരികയാണ്. പയ്യന്നൂരിലും ആലപ്പുഴയിലും പാലക്കാട്ടും ബ്രാഞ്ച് തലങ്ങളിലും ഏരിയാ തലങ്ങളിൽനിന്നും ഉയരുന്ന പ്രശ്നങ്ങൾക്ക് പരിഹരിക്കാൻപോലും എം.വി. ഗോവിന്ദന് സെക്രട്ടറി സ്ഥാനത്തിരുന്നു സാധിച്ചിട്ടില്ല.
Tags : M.V. Govindan ecretary continue CPM