പുലാമന്തോൾ: നല്ല പെരുമാറ്റവും നിറഞ്ഞ വാത്സല്യവുംകൊണ്ട് സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അജിത ടീച്ചർ പ്രിയങ്കരിയും സ്നേഹനിധിയുമായിരുന്നു.
വാൽപ്പാറയിൽ പൊലിഞ്ഞ ഒന്പത് പേരിൽ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ ഗ്രാമത്തിന് നഷ്ടമായത് സേവന സന്നദ്ധതയുടെയും ജനപ്രിയതയുടെയും മുഖമായിരുന്ന അജിത ടീച്ചറെയാണ്.
കുറുങ്ങാട്ട് പത്മനാഭൻ മാസ്റ്ററുടെയും പരുത്തിയിൽ മീനാക്ഷിക്കുട്ടി ടീച്ചറുടെയും അധ്യാപന പാതയിൽ സഞ്ചരിക്കാനുള്ള ഇഷ്ടംകൊണ്ട് സിവിൽ സപ്ലൈസ് കോർപറേഷനിൽ നേടിയ ജോലി ഉപേക്ഷിച്ചാണ് അജിത അധ്യാപികയായത്. പാങ്ങ് ജിഎൽപി സ്കൂളിന്റെ പ്രധാനാധ്യാപികയായി ഒരു വർഷം പിന്നിടുന്പോഴേക്കാണ് മരണം അവരെ അപകടത്തിലൂടെ തട്ടിയെടുത്തത്.
പ്രൈമറി സ്കൂൾ അധ്യാപികയായി തുടങ്ങിയ ജീവിതത്തിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപികയായി തുടരുന്നതിനിടെയാണ് കഴിഞ്ഞ വർഷം പ്രധാനാധ്യാപികയായത്. ജോലിക്കിടയിൽ പഠനം തുടർന്നാണ് ഹിന്ദിയിൽ ബിരുദവും ബിഎഡും നേടിയത്.
കൂടെയുള്ളവരെയെല്ലാം ചേർത്തുനിർത്തുന്ന മനസിന്റെ നന്മയിൽ സംഘടിപ്പിച്ച അവധിക്കാലയാത്ര പക്ഷേ അവസാനിച്ചത് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ മഹാദുരന്തത്തിലാണ്. രഘുവാണ് ഭർത്താവ്. മക്കൾ: അഭിരാമി, അവന്തിക.
Tags : Ajitha Teacher Valparai Accident