പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ശബരിമലയിലെ സിനിമാ ചിത്രീകരണ വിഷയത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും രണ്ടുതട്ടിൽ. ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി നിലപാട് വ്യക്തമാക്കി. പുരാണ സിനിമകൾക്ക് മാത്രം അനുമതി നൽകുകയെന്നതാണ് നിലപാടെന്നും, സാധാരണ സിനിമകളുടെ ഷൂട്ടിംഗ് അനുവദിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തിൽ ബോർഡ് പ്രസിഡന്റിനെ മന്ത്രി തന്റെ അതൃപ്തി അറിയിച്ചതായാണ് വിവരം.
നേരത്തെ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'അതിമനോഹര'ത്തിന്റെ ചിത്രീകരണത്തിന് ദേവസ്വം ബോർഡ് ഉപാധികളോടെ അനുമതി നൽകിയിരുന്നു. എന്നാൽ പമ്പയും സന്നിധാനവും ഉൾപ്പെടുന്ന പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെടുന്നതിനാൽ വനംവകുപ്പ് സിനിമയ്ക്ക് ചിത്രീകരണാനുമതി നിഷേധിക്കുകയായിരുന്നു. വനംവകുപ്പ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സംവിധായകന് അനുകൂല ഉത്തരവ് ലഭിച്ചില്ല.
ഇതോടെ സന്നിധാനത്തോ പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിലോ ഷൂട്ടിംഗ് നടക്കില്ലെന്നും, റാന്നി വനം ഡിവിഷന്റെ പരിധിയിൽ വരുന്ന നിലക്കൽ വരെയുള്ള പ്രദേശങ്ങളിൽ ചൊവ്വാഴ്ച മുതൽ ചിത്രീകരണം ആരംഭിക്കുമെന്നും വ്യക്തമായിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash