തൃശൂർ: കണ്ണീർക്കനലുകൾ എരിഞ്ഞടങ്ങുംമുന്പേ, വർണചാരുതയുടെ മഹാപൂരത്തിലേക്കു മിഴിതുറന്ന് തൃശൂർ. വെടിക്കോപ്പുപുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചേലുകുറച്ചാണ് പൂരം.
ഇന്നു പുലർച്ചെ മഞ്ഞും വെയിലുമേൽക്കാതെ കണിമംഗലം ശാസ്താവെഴുന്നള്ളി വടക്കുന്നാഥന്റെ മണ്ണിൽ എത്തുന്നതോടെ പൂരങ്ങളുടെ പൂരത്തിനു തുടക്കമാകും.
രാവിലെ ഏഴിനാണു തിരുവന്പാടിയുടെ പൂരം പുറപ്പാട്. ഏഴരയോടെ ക്ഷേത്രത്തിനു പുറത്തേക്കു കടന്ന് മൂന്ന് ആനകളുടെയും നടപ്പാണ്ടിയുടെയും അകന്പടിയിൽ നടുവിൽമഠത്തിലേക്ക്. മഠത്തിലെ ഉപചാരങ്ങൾക്കുശേഷം പ്രസിദ്ധമായ മഠത്തിൽവരവ് എഴുന്നള്ളിപ്പിനു 11.30നു തുടക്കമാകും.കൊന്പൻ തിരുവന്പാടി ചന്ദ്രശേഖരൻ തിടന്പേറ്റും. പഞ്ചവാദ്യത്തിനു കോങ്ങാട് മധു നേതൃത്വം നൽകും.
രാവിലെ 11.30നാണ് ചെന്പടമേളത്തോടെ പാറമേക്കാവ് ഭഗവതിയുടെ പുറപ്പാട്. തുടർന്ന് ക്ഷേത്രത്തിനു മുന്പിൽ 15 ആനപ്പുറത്ത് അണിനിരന്ന് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തിനു തുടക്കമിടും. തൃക്കടവൂർ ശിവരാജു ഭഗവതിയുടെ തിടന്പേറ്റും. വടക്കുന്നാഥന്റെ കിഴക്കേ ഗോപുരത്തിലൂടെ അകത്തേക്കു പ്രവേശിച്ച് രണ്ടോടെ ഇലഞ്ഞിത്തറയിൽ മുന്നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന മേളം നടക്കും. മേളം കലാശിച്ച് 4.30ഓടെ തെക്കോട്ടിറക്കം.
ഇതേസമയം നായ്ക്കനാലിൽനിന്നു ചെറുശേരി കുട്ടൻ മാരാരുടെ നേതൃത്വത്തിൽ ആരംഭിച്ച പാണ്ടിമേളം ശ്രീമൂലസ്ഥാനത്തു കലാശിച്ച് വടക്കുന്നാഥന്റെ പടിഞ്ഞാറെഗോപുരത്തിലേക്കു കടക്കുന്ന തിരുവന്പാടി വിഭാഗം തെക്കേ ഗോപുരത്തിനു മുന്പിൽ അണിനിരക്കും. തുടർന്നുള്ള കുടമാറ്റം മുൻ ധാരണപ്രകാരം ഇത്തവണ 15 മിനിറ്റിൽ ഒതുക്കും. പതിനഞ്ചോളം കുടകള്‍ വീതമാണ് ഉയര്‍ത്തുക.
ഘടക ക്ഷേത്രങ്ങളായ ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ചെന്പൂക്കാവ് കാർത്യായനി ഭഗവതി, കിഴക്കുന്പാട്ടുകര പനമുക്കുംപിള്ളി ശ്രീധർമശാസ്താവ്, ലാലൂർ കാർത്യായനി ഭഗവതി, ചൂരക്കോട്ടുകാവ് ശ്രീദുർഗാദേവി, അയ്യന്തോൾ കാർത്യായനി ഭഗവതി, കുറ്റൂർ നെയ്തലക്കാവ് ഭഗവതി പൂരങ്ങളുടെ എഴുന്നള്ളിപ്പും രാവിലെ ഏഴുമുതൽ ശ്രീമൂലസ്ഥാനത്തു യഥാക്രമം നടക്കും. രാത്രിയിൽ പൂരം തനിയാവർത്തനം.
പുലർച്ചെ വെടിക്കെട്ട് ഉണ്ടാകില്ലെന്നു പാറമേക്കാവ്, തിരുവന്പാടി ദേവസ്വങ്ങൾ നേരത്തേ അറിയിച്ചിട്ടുണ്ട്. വെടിക്കെട്ടുസമയത്ത് ആചാരപരമായി കതിന പൊട്ടിക്കും.
നാളെ പകൽപ്പൂരത്തിനു പാറമേക്കാവ്, തിരുവന്പാടി ഭഗവതിമാർ പാണ്ടിമേളത്തിന്റെ അകന്പടിയോടെ ശ്രൂമൂലസ്ഥാനത്തേക്ക് എഴുന്നള്ളും. ഉച്ചയോടെ മേളം കലാശിച്ച് ഭഗവതിമാർ ഉപചാരംചൊല്ലി പിരിയുന്നതോടെ പൂരത്തിനു പരിസമാപ്തിയാകും. പൂരത്തിനുശേഷം പതിവുള്ള പൂരക്കഞ്ഞി വിതരണവും പാറമേക്കാവ്, തിരുവന്പാടി ക്ഷേത്രങ്ങളിൽ നടക്കും.
Tags : Thrissur puram tears flow Opens eyes