കോട്ടയം: നഴ്സാകുക എന്നത് ഷീല റാണിയുടെ ആഗ്രഹവും സ്വപ്നവുമായിരുന്നു. പക്ഷേ, ആ സ്വപ്നത്തിലേക്കു നടന്നടുക്കാന്‍ അല്പം വൈകി. വൈകിയാലെന്താ, അതിനെ ഏറ്റവും മനോഹരമായി തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് ഈ നഴ്സ്.
കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ പഞ്ചായത്തിലെ പാലിയേറ്റീവ് നഴ്സാണ് വൈക്കത്തുശേരില്‍ വി.എസ്. ഷീല റാണി. നഴ്സുമാര്‍ക്ക് രാജ്യം നല്കുന്ന ആദരം ഫ്ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡും ഷീലയെ തേടിയെത്തിയിരുന്നു.
2000 ലാണ് ഷീല നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കുന്നത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണ് കുഞ്ഞുങ്ങള്‍ എന്ന ഉത്തരവാദിത്വത്തിലേക്കു മാത്രമായി ഷീലയ്ക്ക് ചുരുങ്ങേണ്ടി വന്നത്. പക്ഷേ, പഠിക്കാനും തൊഴില്‍ ചെയ്യാനുമുള്ള ഷീലയുടെ ആഗ്രഹത്തിനു ഒന്നും തടസമായില്ല. കംപ്യൂട്ടര്‍ പഠിച്ചു. ഡിടിപി സെന്റര്‍ തുടങ്ങി. അങ്ങനെ ജീവിതം മുന്നോട്ട് നീങ്ങുമ്പോഴും നഴ്സിംഗ് എന്ന പ്രൊഫഷനെ ഉള്ളിലൊളിപ്പിച്ചിരുന്നു.
ആ സമയത്താണ് പഞ്ചായത്തുകള്‍ പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു എന്ന നിര്‍ദേശം. കുടുംബശ്രീയുടെ ജില്ലാ മിഷനില്‍ നിന്നും പരിശീലനം നേടി. രോഗികളുടെ പ്രാഥമിക പരിശോധനകളും പരിചരണങ്ങളും മാത്രമായിരുന്നു പരിശീലനത്തില്‍ നല്‍കിയത്. പക്ഷേ, ഫീല്‍ഡിലേക്ക് ഇറങ്ങിയപ്പോഴാണ് അതിന്റെ ആഴവും പരപ്പും അറിഞ്ഞത്. വീടുകളുടെ അകത്തളങ്ങളിലോ പിന്നാമ്പുറങ്ങളിലോ ഒരു പരിചരണവും കിട്ടാതെ കിടന്നിരുന്ന ചിലര്‍. കിടന്ന കിടപ്പില്‍ മല-മൂത്ര വിസര്‍ജനം നടത്തുന്നവര്‍, ശരീരം മുറിഞ്ഞും പഴുത്തുമൊക്കെയിരിക്കുന്നവര്. ഇവരെയൊക്കെ ഷീല തന്റെ പരിചരണത്തിലൂടെ പതിയെ പതിയെ ജീവിതത്തിലേക്കും വീടിന്റെ വെളിച്ചത്തിലേക്കും തിരികെ കൊണ്ടുവന്നു.
പഞ്ചായത്ത് പ്രസിഡന്റിന്റെയും മെഡിക്കല്‍ ഓഫീസറുടെയും പേരില്‍ പാലിയേറ്റീവ് കെയറിനായി ഒരു സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങി. കേരളത്തില്‍ തന്നെ ആദ്യമായിട്ടാകും ഇങ്ങനെയൊരു അക്കൗണ്ടെന്ന് ഷീല പറയുന്നു. പാലിയേറ്റീവ് പരിചരണം വേണ്ട രോഗികള്‍ക്ക് കിട്ടേണ്ട സഹായങ്ങളെല്ലാം സ്വീകരിക്കുന്നത് ഇതിലേക്കാണ്. സാന്പത്തിക സഹായം, വീട്, വീടിന്റെ അറ്റകുറ്റപ്പണികള്‍, ഡയപ്പര്‍... ഇങ്ങനെ മുറിവിനു മരുന്നെന്നപോലെ ജീവിതത്തിലെ പ്രതിസന്ധികളിലേക്കും പരിഹാരവുമായി ഷീലയെത്തി.
ഷീലയുടെ സാന്ത്വന പരിചരണത്തിനായ് ഇന്ന് 180 ഓളം രോഗികള്‍ കിടങ്ങൂര്‍ പഞ്ചായത്തിലുണ്ട്. 2021 മേയ് 12 ലെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ഷീലയെ തേടിയെത്തി. സര്‍ക്കാര്‍ മേഖലയിലെ മികച്ച നഴ്സുമാര്‍ക്ക് നല്കുന്ന അവാര്‍ഡാണിത്. പക്ഷേ, അന്നാദ്യമായി സ്ഥിരജോലിയല്ലാത്ത, പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു നഴ്സിനെ തേടിയായിരുന്നു അവാര്‍ഡെത്തിയത്.
കിടങ്ങൂരിലെ പികെവി വനിതാ ലൈബ്രറിയുടെ സെക്രട്ടറികൂടിയാണ് ഷീല. ഷീലയുടെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത് ഈ ലൈബ്രറിയാണ്. അതിനൊപ്പം കിടങ്ങൂര്‍ പഞ്ചായത്തില അംഗങ്ങളും ഷീലയ്ക്കും ടീമിനുമൊപ്പമുണ്ട്. ഭര്‍ത്താവ്: ജയചന്ദ്രന്. മക്കൾ: അര്‍ച്ചന എസ്. (ദുബായ്), ജഗന്നാഥന് (പ്ലസ്ടു).
Tags : International Nurses Day Comforting Hands Queen Nurses day