തിരുവനന്തപുരം: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ ആരോഗ്യവകുപ്പ്. വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും റഷീദാ ബീവിയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ മരണകാരണം സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിന് പത്തോളജി പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത മീൻകറി, മുട്ട, മറ്റ് വിഭവങ്ങൾ എന്നിവയുടെ സാമ്പിളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക.
ഷാജിയും റഷീദാ ബീവിയും ഭക്ഷണം കഴിച്ച അതേ ദിവസം തന്നെ ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച മറ്റ് രണ്ടുപേർ ചികിത്സയിൽ കഴിയുകയാണ്. ഇതോടെ ഹോട്ടലിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചു.
Tags : food poisoning vizhinjam death sample result