തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ബിജെപിക്ക് നല്കിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. മാറ്റത്തിനാണ് ജനങ്ങള്‍ വോട്ടുചെയ്യുന്നതെങ്കില്‍ അത് എത്തേണ്ടത് യുഡിഎഫിലേക്കാണ്. ബിജെപിക്കുപോലും അമിത വിജയ പ്രതീക്ഷയില്ല.
പിന്നെ എന്തുമാറ്റമാണ് അവര്‍ക്ക് കൊണ്ടുവരാന്‍ സാധിക്കുക. കേന്ദ്രത്തില്‍ അധികാരമുള്ളതിനാല്‍ പണം വാരിയെറിഞ്ഞ് പ്രചാരണം നടത്താന്‍ സാധിക്കുന്നുണ്ട്. ഇതൊന്നും കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ല. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ ത്രികോണ മത്സരം പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. ചെറുപ്പക്കാര്‍ രാഷ്ട്രീയ ഭേദമില്ലാതെ യുഡിഎഫിനൊപ്പം അണിചേരുകയാണ്. അഞ്ച് വര്‍ഷത്തെ നേട്ടമെന്ന പേരില്‍ എല്‍ഡിഎഫ് 10 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് വയ്ക്കുമ്പോഴും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടത്തിന്റെ അടുത്തുപോലും എത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. വിഴിഞ്ഞം, നാഷണല്‍ ഹൈവേ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ ഒന്നിലും എല്‍ഡിഎഫിന് ഭരണനേട്ടം അവകാശപ്പെടാനില്ല.
വികസനം ആരു നടത്തിയാലും അതു ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. വേള്‍ഡ് സ്റ്റാര്‍ട്ടപ്പ് റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫ് നല്‍കിയത് സര്‍ക്കാരിന്റെ കണക്കുകള്‍ മാത്രമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
ഇക്കാര്യം ബോധ്യപ്പെട്ടപ്പോള്‍ മുമ്പ് ഇടതു സര്‍ക്കാരിന് പിന്തുണച്ച് എഴുതിയ ലേഖനത്തില്‍നിന്നും താന്‍ പിന്നോട്ടു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags : BJP Votes Shashi Tharoor Not good BJP Votes against goverment Kerala Assembly Election Niyama Sabha Election