കൊച്ചി: പെരുമ്പാവൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ അവ്യക്തത തുടരുന്നതിനിടെ എല്‍ദോസ് കുന്നപ്പിള്ളിക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. പെരുമ്പാവൂര്‍ എല്‍ദോസ് കുന്നപ്പിള്ളിക്കൊപ്പം എന്ന ബാനര്‍ അടക്കമായാണ് കുറുപ്പുംപടിയില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
പെരുമ്പാവൂരിലെ കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിമാരും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രസിഡന്‍റും മണ്ഡലം പ്രസിഡന്‍റുമാരും സഹഭാരവാദികളും ജനങ്ങളും പ്രകടനത്തില്‍ പങ്കെടുത്തു. പെരുമ്പാവൂര്‍ സീറ്റ് എല്‍ദോസിന് തന്നെ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
15 വര്‍ഷക്കാലം എല്‍ഡിഎഫ് ഭരിച്ചിരുന്ന മണ്ഡലത്തെ തിരിച്ചു പിടിച്ചത് എല്‍ദോസ് ആണ്. തുടര്‍ച്ചയായി രണ്ടു ടേമില്‍ ഭരിച്ച്, പെരുമ്പാവൂരിനെ പെരുമ്പാവൂരാക്കി മാറ്റിയ ജനകീയനായ നേതാവ് എല്‍ദോസ് കുന്നപ്പിള്ളിക്ക് തന്നെ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കണമെന്നാണ് പെരുമ്പാവൂരിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആവശ്യം.
കേന്ദ്ര നേതൃത്വം ഈ വികാരം മനസിലാക്കി കുന്നപ്പിള്ളിയെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടനെ സ്ഥാനാര്‍ഥിയാക്കും എന്ന വിവരമാണ് ലഭിക്കുന്നത്.
സീറ്റ് ഉറപ്പിക്കാനായി കഴിഞ്ഞ ദിവസം എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയില്‍ എത്തിയിരുന്നു. മത്സരിച്ചാല്‍ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും കോണ്‍ഗ്രസ് തന്നെ കൈവിടില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് കെട്ടിച്ചമച്ചതാണെന്നും എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ലൈംഗികാതിക്രമ കേസ് ഈ മാസം 26ന് കോടതിയില്‍ പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിക്കാന്‍ കാരണമായത്.
Tags : eldhose kunnappilly legislative assembly election election