പ്രതീകാത്മക ചിത്രം
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരു വയസും മൂന്നു മാസവും പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്ന് വിസിൽ കണ്ടെത്തി. കുടുങ്ങി കിടന്ന പാവയുടെ വിസില്‍ പുറത്തെടുത്തു. ചെര്‍പ്പുളശേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ ശ്വാസകോശത്തിലാണ് പാവയുടെ വിസില്‍ കുടുങ്ങിക്കിടന്നത്. മൗലാന ആശുപത്രിയില്‍ വച്ച് ബ്രോങ്കോസ്കോപി സംവിധാനത്തിലൂടെ വിസിൽ നീക്കം ചെയ്തു.
ഒരു മാസത്തിലധികമായി ശ്വാസതടസം നേരിട്ടിരുന്ന കുഞ്ഞ് വിവിധ ആശുപത്രികളില്‍ ചികിത്സിച്ചിരുന്നെങ്കിലും ഭേദമായിരുന്നില്ല. തുടര്‍ന്നാണ് പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. ദിപുവിന്റെ ചികിത്സക്കായി എത്തിയത്. സിടി സ്കാന്‍ പരിശോധനയില്‍ കുട്ടിയുടെ ഇടതു ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാരത്തില്‍ കാര്യമായി തടസമുള്ളതായും ശ്വാസകോശത്തില്‍ അവ്യക്തമായ ഒരു സാധനം കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തി.
തുടര്‍ന്ന് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റ് ഡോ. നിമിഷ, അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബ്രോങ്കോസ്കോപ്പി സംവിധാനത്തിലൂടെ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന വിസില്‍ നീക്കം ചെയ്യുകയായിരുന്നു. കുഞ്ഞ് അപകടനില തരണം ചെയ്തുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Tags : Deepika BreakingNews Baby Lungs