തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എല്ലാ മുന്നണികളുടെയും വെട്ടിനിരത്തലിനു വിധേയരാകുന്നത് വനിതകളാണെങ്കിലും ഇതിനു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. പതിവിനു വിപരീതമായി മുസ്ലിം ലീഗ്, വനിതകൾക്ക് രണ്ടു സീറ്റ് നല്കി. അതിനാൽത്തന്നെ സംവരണത്തിന്റെ പിൻബലമില്ലാതെ വനിതകൾ പ്രധാന മുന്നണികളുടെ മുന്നണിപ്പോരാളികളാകുന്ന ചിത്രം കൗതുകമുളവാക്കുന്നതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന മുന്നണികളുടെ സ്ഥാനാർഥികളായി ഇതുവരെ പ്ര ഖ്യാപിച്ച സ്ഥാനാർഥി ലിസ്റ്റ് പ്രകാരം വനിതകൾ തമ്മിൽ മാറ്റുരയ്ക്കുന്നത് മൂന്ന് മണ്ഡലങ്ങളിൽ. അരൂരിൽ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാനും സിപിഎമ്മിന്റെ ദെലീമ ജോജോയും ഏറ്റുമുട്ടുമ്പോൾ തൃക്കാക്കരയിൽ ഉമാ തോമസും (കോൺഗ്ര സ് ) , പുഷ്പാദാസും(സിപിഎം) തമ്മിലാണ് മത്സരം.
കോങ്ങാടാണ് വനിതകൾ അങ്കം കുറിക്കുന്ന മറ്റൊരു മണ്ഡലം. അവിടെ സിറ്റിംഗ് എംഎൽഎ സിപിഎമ്മിന്റെ കെ. ശാന്തകുമാരിയും കോൺഗ്രസിന്റെ കെ. എ. തുളസിയും ഗോദയിലുണ്ട്.
അരൂർ
ഷാനിമോൾ x ദെലീമ
അരൂരിൽ വീണ്ടും വനിതാ പോരാട്ടത്തിതിനു കളമൊരുങ്ങുകയാണ്. 2021ലെ തെരഞ്ഞെടുപ്പിലും ഷാനിമോളും ദെലീമയും തമ്മിലായിരുന്നു മത്സരം. ഇടതു തരംഗത്തിൽ 6154 വോട്ടിനു ഷാനിമോൾ പരാജയപ്പെട്ടു. എന്നാൽ അതിനു മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ വിജയിക്കാൻ ഷാനിമോൾക്ക് കഴിഞ്ഞിരുന്നു. ഇടതു പക്ഷത്തിനു മേൽക്കോയ്മയുള്ള മണ്ഡലം കോൺഗ്രസിനു വേണ്ടി പിടിച്ചെടുത്ത ക്രെഡിറ്റും അവർക്കുണ്ട്.
മണ്ഡലത്തിലെ സിറ്റിംഗ് എംൽഎ ആയ ദെലീമ വികസന പ്രവർത്തനങ്ങളുടെ പേരിലാണ് വോട്ടു ചോദിക്കുന്നത്. എന്നാൽ, കഴിഞ്ഞ തവണ ഇടതു തരംഗത്തിൽ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എന്തായാലും കനത്ത മത്സരം തന്നെയാകും അരൂരിൽ ഇത്തവണ നടക്കുക.

തൃക്കാക്കര
ഉമ തോമസ് x പുഷ്പദാസ്
പി.ടി. തോമസിന്റെ വിയോഗത്തെത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിലാണ് ഭാര്യ ഉമ തൃക്കാക്കരയിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത്. വീണ്ടും ഉമതന്നെ മത്സരത്തിനെത്തുമ്പോൾ പുഷ്പദാസ് എന്ന അഭിഭാഷകയെ ആണ് സി പിഎം രംഗത്തിറക്കിയിരിക്കുന്നത്.
പാർട്ടിയുടെ എറണാകുളം ജില്ല കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവുമായ പുഷപദാസ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലുമൊക്കെ മത്സരിച്ചു വിജയിച്ചിട്ടുണ്ട്. യുഡിഎഫ് അനുകൂല മണ്ഡലമായതിനാൽ ഉമ വിജയം ആവർത്തിക്കുമെന്ന് പാർട്ടിക്ക് തികഞ്ഞ വിശ്വാസമുണ്ട്. എന്തായാലും നഗര മണ്ഡലമായ തൃക്കാക്കരയിലെ പെൺ പോരാട്ടം ഏറെ ശ്രദ്ധേയമായി കഴിഞ്ഞു.

കോങ്ങാട്
കെ.എ. തുളസി x കെ. ശാന്തകുമാരി
ഇടതുപക്ഷം ഉറച്ച മണ്ഡലമായി കരുതുന്ന കോങ്ങാട് തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് കെ.എ. തുളസി യുഡിഎഫ് സ്ഥാനാർഥിയായി എത്തുന്നത്. വി.കെ. ശ്രീകണ്ഠൻ എംപി യുടെ ഭാര്യകൂടിയാണ് തുളസി. വളരെ കാലം മുൻപേ കോൺഗ്രസിന്റെ സജീവ പ്രവർത്തകയായിരുന്നു.
രാഷ്ട്രീയരംഗത്തുനിന്നുള്ള പരിചയത്തിലൂടെയാണ് ശ്രീകണ്ഠനെ വിവാഹം കഴിച്ചത്. നെന്മാറ എൻഎസ്എസ് കോളജ് അധ്യാപികയാണ്. സിറ്റിംഗ് എംഎൽഎ ആയ ശാന്തകുമാരി മണ്ഡലത്തിലെ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തിനു മേൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശാന്തകുമാരി മണ്ഡലത്തിൽ വിജയിച്ചത്.
അതേസമയം, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പല പഞ്ചായത്തുകളും യുഡിഎഫിന് അനുകൂലമായതാണ് തുളസിയുടെ പ്രതീക്ഷ.
Tags : Women's fight assembly elections Aroor Thrikkakara kongad Niyama Sabha Election