തൊണ്ണൂറ്റിയൊന്‍പതു സീറ്റിലെ തകർപ്പൻ വിജയവുമായാണ് 2001ൽ യുഡിഎഫ് അധികാരത്തിൽ വന്നത്. തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു വരെ മനംമടുപ്പിക്കുന്ന ഗ്രൂപ്പു പോരാട്ടത്തിൽ ഏർപ്പെട്ടിട്ടും നേടിയ ഈ വിജയം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. കോണ്‍ഗ്രസിനു മാത്രം 62 സീറ്റുകൾ ഉണ്ടായിരുന്നു.
മേയ് 16ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായി മന്ത്രിസഭ അധികാരമേറ്റു. തുടക്കം മുതൽ കെ. കരുണാകരന്റെ എതിർപ്പു നേരിട്ടുകൊണ്ടായിരുന്നു ആന്റണിക്കു മുന്നോട്ടു പോകേണ്ടിവന്നത്. തെരഞ്ഞെടുപ്പു സമയത്തുപോലും ആറന്മുള, വടക്കേക്കര, പേരാവൂർ സീറ്റുകളിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ അവസാനനിമിഷം മാറ്റേണ്ടിവന്നിരുന്നു. കരുണാകരൻ നിർദേശിച്ച സ്ഥാനാർഥികളെ വൈകിയ വേളയിൽ ഇവിടെ മത്സരരംഗത്തിറക്കിയെങ്കിലും മൂവരും ജയിച്ചു വന്നു. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസം കെ. മുരളീധരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു. തുടക്കത്തിൽ സർക്കാർ മികച്ച നിലയിൽ മുന്നോട്ടു പോയെങ്കിലും ആന്റണിയെ താഴെയിറക്കാനുള്ള നീക്കങ്ങളുമായി കരുണാകരൻ മുന്നോട്ടു പോയി. ഒടുവിൽ തുറന്ന പോരിനു കരുണാകരൻ തയാറായി.
തുറന്ന പോരിലേക്കു കരുണാകരൻ
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോടോത്ത് ഗോവിന്ദൻ നായരെ വിമത സ്ഥാനാർഥിയായി രംഗത്തിറക്കി കരുണാകരൻ ഒരു ബലപരീക്ഷണത്തിനു തയാറായി. തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികളെ വിജയിപ്പിക്കാൻ കോണ്‍ഗ്രസിനു സാധിച്ചെങ്കിലും കരുണാകരൻ പാർട്ടിക്കു പുറത്തേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു. കെ. മുരളീധരനെ മന്ത്രിസഭയിൽ കൊണ്ടുവന്ന് ഒത്തുതീർപ്പിനുള്ള ശ്രമം നടത്തി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ പരീക്ഷണവും വിജയിച്ചില്ല. വടക്കാഞ്ചേരിയിൽ മത്സരിച്ച മുരളീധരൻ പരാജയപ്പെട്ടു. ഇതോടെ അദ്ദേഹത്തിനു മന്ത്രിസ്ഥാനം നഷ്ടമായി. മന്ത്രിസ്ഥാനത്ത് എത്തിയ ശേഷം ഉപതെരഞ്ഞെടുപ്പിനെ നേരിട്ട മറ്റൊരാളും തോറ്റ ചരിത്രം കേരളത്തിലില്ല.
ആന്റണിയുടെ രാജി
ഗ്രൂപ്പുപോര് രൂക്ഷമായി നിൽക്കുന്ന സമയത്തു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടത്. ഒരു സീറ്റിൽ പോലും കോണ്‍ഗസ് സ്ഥാനാർഥി വിജയിച്ചില്ല. ഇതേത്തുടർന്ന് എ.കെ. ആന്റണി രാജിവച്ചു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു.
2005 മേയ് ഒന്നിന് കെ. കരുണാകരൻ നാഷണൽ കോണ്‍ഗ്രസ്-ഇന്ദിര എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു. പിന്നീട് പാർട്ടിയുടെ പേര് ഡെമോക്രാറ്റിക ഇന്ദിര കോണ്‍ഗ്രസ് എന്നു മാറ്റി. 2005ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഐസി ഇടതുമുന്നണിയുമായി കൈകോർത്തു മത്സരിച്ചു. മുന്നണിക്കും പാർട്ടിക്കും മികച്ച വിജയം നേടാൻ സാധിച്ചു. പി.കെ. വാസുദേവൻ നായരുടെ നിര്യാണത്തെത്തുടർന്നു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രനു ഡിഐസി ശക്തമായ പിന്തുണ നൽകി. പന്ന്യൻ മികച്ച വിജയം നേടുകയും ചെയ്തു.എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഐസിയെ ഒപ്പം കൂട്ടാൻ ഇടതുമുന്നണി തയാറായില്ല. അതോടെ അവർ യുഡിഎഫുമായി സീറ്റ് ധാരണയ്ക്കു തയാറായി. ഏതായാലും തെരഞ്ഞെടുപ്പിൽ യുഡിഎഫിനും ഡിഐസിക്കും കനത്ത തിരിച്ചടി ലഭിച്ചു.
കൊടുങ്കാറ്റായി വിഎസ്
2001ൽ 99 സീറ്റിൽ യുഡിഎഫിനെ വിജയിപ്പിച്ച അതേ വോട്ടർമാർ 2006ൽ 98 സീറ്റോടെ എൽഡിഎഫിനെ അധികാരത്തിലേറ്റി. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി അധികാരമേറ്റു.
മുഖ്യമന്ത്രിപദവിയിലേക്കുള്ള വിഎസിന്റെ യാത്ര അത്ര എളുപ്പമല്ലായിരുന്നില്ല. പാർട്ടി സന്പൂർണമായും വരുതിയിലാക്കിയ ഔദ്യോഗിക പക്ഷം പാർട്ടിയുടെ ജനപ്രിയ മുഖമായ വിഎസിനു സ്ഥാനാർഥിത്വം നിഷേധിച്ചു. ഇതോടെ കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. സിപിഎമ്മിൽ കേട്ടുകേൾവിയില്ലാത്തതായിരുന്നു ഇത്. ഒടുവിൽ പോളിറ്റ് ബ്യൂറോ ഇടപെട്ട് വിഎസിനു സ്ഥാനാർഥിത്വം നൽകി. ഇതോടെ ഹീറോയുടെ പരിവേഷം ലഭിച്ച വിഎസ് കേരളത്തിൽ തരംഗം സൃഷ്ടിച്ചു. അങ്ങനെ എൽഡിഎഫ് ചരിത്രവിജയം കുറിച്ചു.
ഭരണത്തിന്റെ തുടക്കം മുതൽ സർക്കാരിൽ ഭിന്നതയായിരുന്നു. പരസ്പരം തോൽപ്പിക്കാനായിരുന്നു സിപിഎമ്മിലെ ഇരുപക്ഷവും ശ്രമിച്ചുകൊണ്ടിരുന്നത്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വിഎസ് പോരാട്ടം നടത്തിയ പെണ്‍വാണിഭ, മാഫിയ പ്രവർത്തനങ്ങൾക്കെതിരേ ഒന്നും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഏതായാലും സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരേ നടപടി തുടങ്ങിയും സ്മാർട്ട് സിറ്റി കരാർ ഒപ്പിട്ടും വിഎസിനു കൈയടി നേടാൻ കഴിഞ്ഞു.
വിഎസിനെതിരേ പാർട്ടി
എന്നാൽ തുടർന്നങ്ങോട്ടു പാർട്ടി നേതൃത്വത്തിന്റെ ശക്തമായ പിടിയിൽ വിഎസ് ദുർബലനാകുന്നതാണു കണ്ടത്. പേഴ്സണൽ സ്റ്റാഫിലെ സ്വന്തക്കാരിൽ പലരെയും ഒഴിവാക്കാൻ അദ്ദേഹം നിർബന്ധിതനായി. മൂന്നാറിലേക്ക് വിഎസ് അയച്ച ‘കറുത്ത പൂച്ചകളെ’യും കൈവിടേണ്ടിവന്നു. ഔദ്യോഗിക നേതൃത്വവും വിഎസും വാക്കുകൾകൊണ്ടു പലപ്പോഴും ഏറ്റുമുട്ടിക്കൊണ്ടിരുന്നു. വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും പാർട്ടി പോളിറ്റ് ബ്യൂറോയിൽനിന്നു മൂന്നു മാസത്തേക്കു സസ്പെൻഡ് ചെയ്യുന്ന സ്ഥിതിവരെയുണ്ടായി. പിന്നീട് വിഎസിനെ പിബിയിൽനിന്നു പുറത്താക്കുകയും ചെയ്തു. 2006ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 16 സീറ്റിൽ വിജയിച്ചു. എൽഡിഎഫിനു കിട്ടിയത് വെറും നാലു സീറ്റ്. സീറ്റ് തർക്കത്തെത്തുടർന്ന് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ജനതാദൾ-എസിലെ ഒരു വിഭാഗം യുഡിഎഫിലെത്തി. അടുത്ത വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിനു തകർപ്പൻ വിജയം. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറു സീറ്റ് വിജയം യുഡിഎഫ് സ്വപ്നം കണ്ടുതുടങ്ങി.
തിരിച്ചുവരവു ലക്ഷ്യമിട്ട് ഇടതുമുന്നണി
എന്നാൽ, ഭരണത്തിന്റെ അവസാനനാളുകളിൽ തിരിച്ചു വരവിനുള്ള ശ്രമങ്ങൾ ഇടതുപക്ഷം നടത്തി. ഭരണപരമായ കുറേ നടപടികൾ ഉണ്ടായി. നിരവധി ക്ഷേമനടപടികൾ പ്രഖ്യാപിച്ചു. ഇതുകൂടാതെ ഐസ്ക്രീം കേസിലുണ്ടായ വെളിപ്പെടുത്തലും ഇടമലയാർ കേസിൽ ആർ. ബാലകൃഷ്ണപിള്ളയ്ക്കു ശിക്ഷ കിട്ടിയതും യുഡിഎഫിനു തിരിച്ചടിയായി. ഈ കേസുകളിലെല്ലാം നിരന്തര പോരാട്ടം നടത്തിക്കൊണ്ടിരുന്ന വി.എസ്. അച്യുതാനന്ദൻ പെട്ടെന്നു ഹീറോ പരിവേഷത്തിലേക്കു മടങ്ങിവന്നു. പാമോലിൻ കേസിൽ തുടരന്വേഷണം നടത്താമെന്ന കോടതി വിധികൂടി വന്നതോടെ എൽഡിഎഫിനു വീണ്ടുമൊരു ആയുധമായി.
തെരഞ്ഞെടുപ്പു തീയതി അടുക്കുംതോറും യുഡിഎഫിന്റെ നില പരുങ്ങലിലായിക്കൊണ്ടിരുന്നു. എൽഡിഎഫ് നില മെച്ചപ്പെടുത്തിക്കൊണ്ടുമിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലും വിഎസിനു സീറ്റ് നിഷേധിക്കപ്പെടുമെന്ന വാർത്തകൾ പരന്നു. ഏതായാലും വലിയ പ്രതിഷേധത്തിലേക്കു നീങ്ങുന്നതിനു മുന്‍പേ വിഎസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ യുഡിഎഫ് 72, എൽഡിഎഫ്-68. അൽപംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ തുടർഭരണം സാധ്യമാകുമായിരുന്നു എന്ന് എൽഡിഎഫ് ചിന്തിച്ചുപോയ സമയം. സ്വന്തം പക്ഷത്തുള്ളവർ തന്നെയാണു വിഎസിനു തുടർഭരണം നിഷേധിച്ചത് എന്ന ആക്ഷേപം അക്കാലത്ത് ഉയർന്നുവന്നിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സീറ്റുകളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം അനുവദിച്ചതായിരുന്നു ഈ കാലയളവിലെ ശ്രദ്ധേയമായ ഭരണനടപടി.
(തുടരും)
Tags : Congress disarray VS wave Achudanadan