കേരളം ഇന്ന് ഒരു ധനകാര്യ വഴിത്തിരിവിലാണ് എന്നതാണ് ധവളപത്രത്തിന്റെ അടിസ്ഥാന വാദം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, മനുഷ്യവികസനം തുടങ്ങിയ മേഖലകളിൽ കേരളം രാജ്യത്തെ മുന്നണി സംസ്ഥാനമായി തുടരുമ്പോഴും, ഈ നേട്ടങ്ങളെ നിലനിർത്താനുള്ള സർക്കാരിന്റെ ധനശേഷി വേഗത്തിൽ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ, നിലവിലെ ധനകാര്യ ഘടന ഉപയോഗിച്ച് കേരളത്തിന് തന്റെ ക്ഷേമവാഗ്ദാനങ്ങളും വികസന ലക്ഷ്യങ്ങളും ഭാവിയിലും തുടരാനാകുമോ എന്ന അടിസ്ഥാന ചോദ്യത്തിനാണ് ഈ റിപ്പോർട്ട് ഉത്തരമന്വേഷിക്കുന്നത്.
പ്രതിസന്ധി ഗുരുതരം
കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി ഇപ്പോൾ ഘടനാപരവും ഗുരുതരവുമാണെന്നതാണ് റിപ്പോർട്ടിന്റെ കേന്ദ്ര കണ്ടെത്തൽ. ഏകദേശം 5.07 ലക്ഷം കോടി രൂപയുടെ മൊത്തം ബാധ്യത, ആകെ വരുമാനത്തിന്റെ 77 ശതമാനത്തോളം വിഴുങ്ങുന്ന പ്രതിബദ്ധ ചെലവുകൾ, വരുമാനത്തിന്റെ 20.9 ശതമാനം വരെ എത്തുന്ന പലിശച്ചെലവ്, ജിഎസ്ഡിപിയുടെ വെറും 1.3 ശതമാനം മാത്രമായ മൂലധനച്ചെലവ്, ദേശീയ ശരാശരിയേക്കാൾ വളരെ താഴെയുള്ള വികസനച്ചെലവ് എന്നിവയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്ന പ്രധാന സൂചകങ്ങൾ. ലളിതമായി പറഞ്ഞാൽ, കേരള സർക്കാരിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളം, പെൻഷൻ, പലിശ, പഴയ ബാധ്യതകൾ എന്നിവയ്ക്കായി ചെലവാകുന്നു; വികസന നിക്ഷേപങ്ങൾക്ക് വളരെ കുറച്ച് മാത്രം ശേഷിക്കുന്നു.
ട്രഷറി പണമിടപാട് നിയന്ത്രണത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് റിപ്പോർട്ടിന്റെ ഏറ്റവും ശക്തമായ ഭാഗങ്ങളിൽ ഒന്ന്. റിസർവ് ബാങ്കിന്റെ അഡ്വാൻസ്, ഓവർഡ്രാഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളിൽ കേരളം അമിതമായി ആശ്രയിച്ചിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
കുടിശിക ബാധ്യതകൾ
പുതിയ സർക്കാർ ഏറ്റെടുത്ത കുടിശിക ബാധ്യതകൾ ഏകദേശം 48,733 കോടി രൂപയാണെന്നും റിപ്പോർട്ട് പറയുന്നു. ഇതിൽ 21,670 കോടി ഡിഎ കുടിശികയും 14,387 കോടി പെൻഷൻകാരുടെ കുടിശികയുമാണ്.
കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണോ എന്ന ചോദ്യത്തിന് റിപ്പോർട്ട് നൽകുന്ന മറുപടി സൂക്ഷ്മമാണ്. കേരളം ഒരു പരാജയപ്പെട്ട സമ്പദ്വ്യവസ്ഥയല്ല. മനുഷ്യ വികസന നേട്ടങ്ങളിൽ രാജ്യമെങ്ങും കേരളം ഇന്നും മുന്നിലാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ധനകാര്യ സംവിധാനം അതീവ സമ്മർദത്തിലാണ്. ഉയർന്ന കടബാധ്യത, കർശനമായ പ്രതിബദ്ധ ചെലവുകൾ, കുറഞ്ഞ മൂലധന നിക്ഷേപം, ദുർബലമായ വരുമാന വളർച്ച, ഓഫ് ബജറ്റ് ബാധ്യതകൾ എന്നിവയാണ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങൾ. ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കാത്ത പക്ഷം ക്ഷേമച്ചെലവും വികസന ചെലവും ഭാവിയിൽ നിലനിൽക്കാനാവാത്ത അവസ്ഥയിലേക്കെത്തുമെന്നാണ് റിപ്പോർട്ടിന്റെ മുന്നറിയിപ്പ്.
നികുതി പ്രകടനത്തിലെ ദൗർബല്യം
മുൻ എൽഡിഎഫ് സർക്കാരിനെതിരേ റിപ്പോർട്ട് കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. 2016-17 മുതൽ 2025-26 വരെ സ്ഥിരമായ വരുമാന ധനാഭാവം, അമിത കടമെടുപ്പ്, നികുതി പ്രകടനത്തിലെ ദൗർബല്യം, യാഥാർഥ്യവിരുദ്ധ ബജറ്റ് കണക്കുകൾ, കിഫ്ബി പോലുള്ള ഓഫ്ബജറ്റ് സ്ഥാപനങ്ങളിലുള്ള അമിത ആശ്രയം എന്നിവ കേരളത്തിൽ വർധിച്ചതായി റിപ്പോർട്ട് പറയുന്നു. സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം ബജറ്റ് കണക്കുകളേക്കാൾ സ്ഥിരമായി ഏകദേശം 10 ശതമാനം കുറവായിരുന്നുവെന്നും അത് ബജറ്റ് വിശ്വാസ്യതയെ ദുർബലമാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ജനങ്ങൾക്ക് മുന്നിൽ വന്നിരുന്നില്ലെന്ന്
പൊതുജനങ്ങളെ മുൻ സർക്കാർ തെറ്റിദ്ധരിപ്പിച്ചോ എന്ന ചോദ്യത്തിന് റിപ്പോർട്ട് പരോക്ഷമായ മറുപടിയാണ് നൽകുന്നത്. കേരളത്തിന്റെ യഥാർഥ ധനകാര്യ പ്രതിസന്ധി സാധാരണ ബജറ്റ് രേഖകളിലൂടെ പൂർണമായി ജനങ്ങൾക്കു മുന്നിൽ വന്നിരുന്നില്ലെന്ന് അത് സൂചിപ്പിക്കുന്നു. വലിയ കുടിശികകൾ, ട്രഷറി പ്രതിസന്ധി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാധ്യതകൾ, കിഫ്ബി ബാധ്യതകൾ എന്നിവ സാധാരണ ധനകാര്യ ചർച്ചകളിൽ പൂർണമായി പ്രതിഫലിച്ചിരുന്നില്ല. എന്നാൽ ഇത് “ജനങ്ങളെ വഞ്ചിച്ചു” എന്ന് സാങ്കേതികമായി തെളിയിക്കുന്നില്ല; അത് രാഷ്ട്രീയ വിലയിരുത്തലിന്റെ മേഖലയിലാണ്.
കേന്ദ്ര ധനസഹായത്തിലെ നിയന്ത്രണങ്ങൾ
റിപ്പോർട്ട് സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ അവസാനിക്കൽ, റവന്യു കമ്മി ഗ്രാന്റിലുള്ള കുറവ്, കേന്ദ്ര ധനസഹായത്തിലെ നിയന്ത്രണങ്ങൾ, കടമെടുപ്പ് പരിധിയിലെ കർശനത എന്നിവ കേരളത്തിന്റെ ധനകാര്യ ശേഷിയെ ദുർബലമാക്കിയതായി റിപ്പോർട്ട് അംഗീകരിക്കുന്നു. 2026-27 ബജറ്റിൽ കേന്ദ്ര ധനസഹായത്തെക്കുറിച്ചുള്ള അതിരുകടന്ന പ്രതീക്ഷകൾ കാരണം ഏകദേശം 20,000 കോടി രൂപയുടെ കുറവ് ഉണ്ടാകാമെന്നും റിപ്പോർട്ട് കണക്കാക്കുന്നു. എന്നിരുന്നാലും, കേന്ദ്ര സർക്കാർ കേരളത്തിനെതിരേ മനഃപൂർവമായ രാഷ്ട്രീയ വിവേചനം നടത്തിയെന്ന് റിപ്പോർട്ട് തെളിയിക്കുന്നില്ല. കേന്ദ്രസംസ്ഥാന ധനകാര്യ ബന്ധം മോശമായതും കേരളത്തിന്റെ സ്വന്തം ഘടനാപരമായ ദൗർബല്യങ്ങളും ഒരുപോലെ പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പരിമിതികൾ
അതേസമയം, റിപ്പോർട്ടിന് ചില പരിമിതികളും ഉണ്ട്. ഇത് ഒരു ഫോറൻസിക് ഓഡിറ്റ് അല്ല. പൊതുവായി ലഭ്യമായ ഔദ്യോഗിക കണക്കുകളെ ആശ്രയിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങൾ ചില കണ്ടെത്തലുകളെ സ്വാധീനിച്ചിരിക്കാമെന്ന വിമർശനവും ഉയരാം. കൂടാതെ പരിഷ്കാര നിർദേശങ്ങൾ വ്യക്തമായ മുൻഗണനക്രമമോ സമയക്രമമോ നടപ്പാക്കൽ തന്ത്രങ്ങളോ ഇല്ലാതെ പൊതുവായ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
വിഭവ സമാഹരണവും വികസന തന്ത്രങ്ങളും
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിന്റെ സുസ്ഥിര വികസനത്തിനായി കൂടുതൽ വിഭവങ്ങൾ സമാഹരിക്കേണ്ടതിന്റെ ആവശ്യകതയെ റിപ്പോർട്ട് പ്രത്യേകം എടുത്തുകാട്ടുന്നു. വെറും ചെലവ് ചുരുക്കലിലൂടെ മാത്രം കേരളത്തിന്റെ ധനപ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും വളർച്ചയും നിക്ഷേപവുമാണ് ദീർഘകാല പരിഹാരമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിനായി സ്വകാര്യ നിക്ഷേപം, സഹകരണ മേഖലാ നിക്ഷേപം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിപണി അധിഷ്ഠിത ധനശേഖരണം, വ്യവസായ സൗഹൃദ അന്തരീക്ഷം, വൈദ്യുതി മേഖലയിലെ സ്വകാര്യ പങ്കാളിത്തം, ഭൂമിതൊഴിൽ നിയമ പരിഷ്കാരങ്ങൾ, വ്യവസായ അടിസ്ഥാന സൗകര്യ വികസനം എന്നിവയെ പ്രോത്സാഹിപ്പിക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. കിഫ്ബി പുനഃസംഘടിപ്പിച്ച് കൂടുതൽ സുതാര്യവും ധനകാര്യ അച്ചടക്കമുള്ളതുമായ സംവിധാനമാക്കണമെന്നും, നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പുനഃസംഘടിപ്പിക്കുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്യണമെന്നും റിപ്പോർട്ട് പറയുന്നു.
ഈ ധവളപത്രം കേരളത്തിന്റെ ഘടനാപരമായ ധനകാര്യ പ്രതിസന്ധിയുടെ ആഴം ഇത് വ്യക്തമായി തുറന്നുകാട്ടുന്നു. കേരളത്തിന്റെ പ്രശ്നങ്ങൾ താത്കാലിക കണക്കെടുപ്പ് പിഴവുകൾ അല്ല, മറിച്ച് ദീർഘകാല ഘടനാപരമായ അസന്തുലിതാവസ്ഥകളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സുതാര്യത
ഈ റിപ്പോർട്ടിന്റെ ഏറ്റവും വലിയ സംഭാവന സുതാര്യതയാണ്. ഇതുവരെ പൊതുജനങ്ങൾക്ക് പൂർണമായി ദൃശ്യമാകാതിരുന്ന കുടിശികകളും ട്രഷറി സമ്മർദങ്ങളും റിപ്പോർട്ട് തുറന്നുപറയുന്നു. ഇത് തന്നെ ഒരു പ്രധാന ജനാധിപത്യ ഇടപെടലാണ്. എന്നാൽ ഈ വൈറ്റ് പേപ്പർ വെറും രാഷ്ട്രീയ കുറ്റപ്പെടുത്തൽ രേഖയായി ചുരുങ്ങരുത്. അങ്ങനെ സംഭവിച്ചാൽ അതിന്റെ ദീർഘകാല പ്രാധാന്യം കുറഞ്ഞുപോകും. കേരളത്തിന് ഇപ്പോൾ ആവശ്യമുള്ളത് സുതാര്യത, ധനകാര്യ അച്ചടക്കം, ഉത്പാദന നിക്ഷേപം, പൊതുമേഖലാ പരിഷ്കാരം, കിഫ്ബി പുനഃസംഘടന, നീതിപൂർണമായ വരുമാന സമാഹരണം, ദുർബല വിഭാഗങ്ങളുടെ സംരക്ഷണം എന്നിവയെ ഏകോപിപ്പിക്കുന്ന ഒരു സർവകക്ഷി ധനകാര്യ പുനരുദ്ധാരണ ദൗത്യമാണ്.
ഈ റിപ്പോർട്ട് നൽകുന്ന ഏറ്റവും വലിയ പാഠം ലളിതമാണ്: കടമെടുപ്പും കുടിശികകളും ധനകാര്യ അസുതാര്യതയും മാത്രം ആശ്രയിച്ച് കേരളത്തിന്റെ സാമൂഹ്യ നേട്ടങ്ങൾ അനന്തമായി നിലനിൽക്കില്ല. കേരള മോഡലിന്റെ ഭാവി നിലനിൽപ്പ് കൂടുതൽ ഉത്പാദനക്ഷമവും നിക്ഷേപ അധിഷ്ഠിതവും ധനകാര്യ അച്ചടക്കമുള്ളതുമായ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അങ്ങനെ മാത്രമേ കേരളത്തിന് ക്ഷേമ നേട്ടങ്ങളും വികസന സ്വപ്നങ്ങളും ഭാവിയിലും സംരക്ഷിക്കാനാകൂ.
ആകെ ചെലവിൽ റവന്യൂ ചെവ് വിഹിതം (ശതമാനത്തിൽ). എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി ബ്രാക്കറ്റിൽ
2015-16 90.41 (81.27)
2016-17 88.98 (80.36)
2017-18 90.67 (84.43)
2018-19 91.88 (84.42)
2019-20 91.55 (85.85)
2020-21 88.88 (86.62)
2021-22 89.56 (85.27)
2022-23 89.42 (84.71)
2023-24 89.42 (83.29)
2024-25 90.69 (82.76)
2025-26 90.38 (82.01)
മൂലധന ചെവ് ജിഎസ്ഡിപി വിഹിതത്തിൽ (ശതമാനത്തിൽ). എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി ബ്രാക്കറ്റിൽ
2015-16 1.48 (3.08)
2016-17 1.78 (3.31)
2017-18 1.47 (2.52)
2018-19 1.24 (2.58)
2019-20 1.19 (2.29)
2020-21 2.00 (2.30)
2021-22 1.84 (2.44)
2022-23 1.62 (2.49)
2023-24 1.49 (2.68)
2024-25 1.33 (3.07)
2025-26 1.34 (3.20)
കേരളത്തിന്റെ പലിശയടവ് റവന്യൂ വരുമാനത്തിന്റെ വിഹിതം (ശതമാനത്തിൽ). എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി ബ്രാക്കറ്റിൽ
2015-16 16.09 (11.69)
2016-17 16.02 (12.28)
2017-18 18.21 (12.63)
2018-19 18.04 (12.18)
2019-20 21.30 (13.16)
2020-21 21.49 (14.96)
2021-22 19.98 (13.25)
2022-23 18.97 (12.55)
2023-24 21.68 (12.90)
2024-25 22.37 (12.25)
2025-26 20.89 (12.18)
ശമ്പളവും വേതനവും റവന്യൂ ചെലവിന്റെ വിഹിതം (ശതമാനത്തിൽ) എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി ബ്രാക്കറ്റിൽ
2015-16 30.28 (16.39)
2016-17 31.25 (23.59)
2017-18 32.37 (26.80)
2018-19 29.64 (26.17)
2019-20 31.55 (26.09)
2020-21 23.37 (28.90)
2021-22 31.41 (23.77)
2022-23 27.83 (23.39)
2023-24 28.14 (22.28)
2024-25 26.30 (21.21)
2025-26 25.55 (21.85)
ശമ്പളവും വേതനവും റവന്യൂ വരുമാനത്തിന്റെ വിഹിതം (ശതമാനത്തിൽ) എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി ബ്രാക്കറ്റിൽ
2015-16 34.52 (16.43)
2016-17 37.65 (24.06)
2017-18 38.97 (27.02)
2018-19 35.21 (26.35)
2019-20 36.62 (27.28)
2020-21 29.56 (33.04)
2021-22 39.36 (24.52)
2022-23 29.76 (23.78)
2023-24 32.24 (22.81)
2024-25 32.08 (22.09)
2025-26 30.10 (22.20)
കേരളത്തിന്റെ കടബാധ്യത ജിഎസ്ഡിപി വിഹിതത്തിൽ (ശതമാനത്തിൽ). എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി ബ്രാക്കറ്റിൽ
2015-16 28.90 (23.70)
2016-17 30.20 (25.10)
2017-18 30.90 (25.10)
2018-19 30.90 (25.30)
2019-20 32.90 (26.60)
2020-21 40.30 (31.00)
2021-22 38.90 (29.10)
2022-23 37.90 (28.20)
2023-24 36.30 (28.10)
2024-25 36.20 (28.40)
2025-26 35.50 (29.20)
കേരളത്തിന്റെ പലിശയടവ് റവന്യൂ ചെലവിന്റെ വിഹിതം (ശതമാനത്തിൽ). എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി ബ്രാക്കറ്റിൽ
2015-16 14.12 (11.65)
2016-17 13.30 (12.04)
2017-18 15.13 (12.53)
2018-19 15.18 (12.10)
2019-20 18.35 (12.59)
2020-21 16.99 (13.08)
2021-22 15.94 (12.85)
2022-23 17.74 (12.35)
2023-24 18.92 (12.60)
2024-25 18.34 (11.76)
2025-26 17.73 (11.99)
റവന്യൂ വരുമാനത്തിൽ ശമ്പളത്തിന്റെയും വേതനത്തിന്റെ വിഹിതം (ശതമാനത്തിൽ) എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി ബ്രാക്കറ്റിൽ
2015-16 34.52(16.43)
2016-17 37.65(24.06)
2017-18 38.97 (27.02)
2018-19 35.21 (26.35)
2019-20 36.62 (27.28)
2020-21 29.56 (33.04)
2021-22 39.36 (24.52)
2022-23 29.76 (23.78)
2023-24 32.24 (22.81)
2024-25 32.08 (22.09)
2025-26 30.10 (22.20)
Tags : political accusation White paper