“ലോകമെമ്പാടുമുള്ള സർക്കാരുകൾ തെറ്റായ പാതയിലാണ്. അവർ സംരക്ഷിക്കുന്നത് സ്വാതന്ത്ര്യത്തെയല്ല; മറിച്ച് സമ്പന്നരുടെ താത്പര്യങ്ങളെയാണ്. ജീവിതം താങ്ങാനാവാത്തതാകുന്നതിൽ ജനങ്ങൾക്കുള്ള രോഷത്തെ അടിച്ചമർത്താനാണ് അവർ ശ്രമിക്കുന്നത്.” -ഓക്സ്ഫാം റിപ്പോർട്ടിന്റെ സഹരചയിതാവായ മാക്സ് ലോസന്റെ വാക്കുകളാണിത്. റിപ്പോർട്ട് സൂചിപ്പിക്കുന്നതുപോലെ, സമ്പന്നരുടെ ആസ്തി ഇതേ വേഗത്തിൽ വളരുകയാണെങ്കിൽ, അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകം അതിന്റെ ആദ്യത്തെ ട്രില്യണയറെ (ഒരു ലക്ഷം കോടി ഡോളർ ആസ്തിയുള്ള വ്യക്തി) കാണും. ഇത് ഒരു വ്യക്തിയുടെ കൈയിൽ ചില രാജ്യങ്ങളുടെ ആകെ ജിഡിപിയേക്കാൾ കൂടുതൽ പണം കുമിഞ്ഞുകൂടുന്ന അവസ്ഥയുണ്ടാക്കുമെന്ന വസ്തുതകൂടി ചേർത്തു വായിക്കുമ്പോൾ നമുക്ക് ഏറെ ആശങ്കപ്പെടാനുണ്ട്.
ലോകത്തിലെ ദരിദ്രർക്കുവേണ്ടി ശബ്ദമുയർത്തുകയും അവർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആഗോള കൂട്ടായ്മയാണ് ഓക്സ്ഫാം. സ്വിറ്റ്സർലൻഡിലെ ദാവോസിൽ എല്ലാ വർഷവും നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി ഓക്സ്ഫാം ‘ആഗോള അസമത്വ റിപ്പോർട്ട്’ പുറത്തുവിടാറുണ്ട്. ലോകത്തെ പണം എങ്ങനെ വിതരണം ചെയ്യപ്പെടുന്നുവെന്നും പാവപ്പെട്ടവർ എങ്ങനെ പാർശ്വവത്കരിക്കപ്പെടുന്നുവെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകത്തെ ശതകോടീശ്വരന്മാരുടെ എണ്ണം ആദ്യമായി മൂവായിരം കടന്നത് കഴിഞ്ഞ വർഷമാണെന്ന് 2026ലെ ഓക്സ്ഫാം റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അവരുടെ ആകെ സമ്പത്ത് 18.3 ട്രില്യൺ ഡോളറിൽ (ഏകദേശം 1,500 ലക്ഷം കോടി രൂപ) എത്തി. അതേസമയം, പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരായ ആഗോള പോരാട്ടങ്ങൾ സ്തംഭനാവസ്ഥയിലുമായി. 2020നു ശേഷം ഇവരുടെ സമ്പത്തിലുണ്ടായ വർധന 81 ശതമാനമാണ്. ഈ തുക ഉപയോഗിച്ച് ലോകത്തിലെ ദാരിദ്ര്യം 26 തവണ തുടച്ചുനീക്കാൻ സാധിക്കുമെന്ന് ഓക്സ്ഫാം നിരീക്ഷിക്കുന്നു. രാഷ്ട്രീയസ്വാധീനത്തിന്റെ കാര്യത്തിലാണെങ്കിൽ സാധാരണ പൗരന്മാരേക്കാൾ രാഷ്ട്രീയ പദവികൾ വഹിക്കാൻ 4,000 മടങ്ങ് കൂടുതൽ സാധ്യതയുള്ളത് ശതകോടീശ്വരന്മാർക്കാണ്.
കുത്തകകളുടെ ആധിപത്യം
സമ്പന്നർ വെറുതെ പണം സമ്പാദിക്കുക മാത്രമല്ല, വിപണികളെ മൊത്തമായി നിയന്ത്രിക്കുകയും ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ 10 കോർപറേറ്റുകളിൽ എട്ടെണ്ണത്തിലും ഒരു ശതകോടീശ്വരൻ മുഖ്യ ഓഹരിയുടമയോ സിഇഒയോ ആണ്.
കൃഷി, മരുന്ന് നിർമാണം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ചുരുക്കം ചില കമ്പനികൾ മാത്രം ആധിപത്യം സ്ഥാപിക്കുന്നത് സാധാരണക്കാർക്ക് സാധനങ്ങൾ കൂടിയ വിലയ്ക്ക് വാങ്ങേണ്ടിവരുന്ന സാഹചര്യമുണ്ടാക്കുന്നു. പല രാജ്യങ്ങളിലും ശതകോടീശ്വരന്മാർ നൽകുന്ന ഫലപ്രദമായ നികുതിനിരക്ക് ഒരു സാധാരണ തൊഴിലാളി നൽകുന്നതിനേക്കാൾ കുറവാണ്.
മാധ്യമ നിയന്ത്രണം
അതിസമ്പന്നർ പണത്തിന്റെ ബലത്തിൽ രാഷ്ട്രീയത്തെയും മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് കൂടുതൽ പരസ്യമായിട്ടായി. ലോകത്തെ പകുതിയിലധികം മാധ്യമ സ്ഥാപനങ്ങളും പ്രധാനപ്പെട്ട പത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒൻപതും ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലാണ്.
ലോകത്തെ പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങളുടെ പകുതിയിലധികവും, എല്ലാ മുൻനിര സോഷ്യൽ മീഡിയ കമ്പനികളും ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലാണ്. ജെഫ് ബെസോസ് (വാഷിംഗ്ടൺ പോസ്റ്റ്), ഇലോൺ മസ്ക് (എക്സ്/ട്വിറ്റർ) തുടങ്ങിയവരുടെ ഉടമസ്ഥാവകാശം ഉദാഹരണമാണ്. മാധ്യമ എഡിറ്റർമാരിൽ 27 ശതമാനം മാത്രമാണ് സ്ത്രീകൾ. ആഗോളതലത്തിൽ വംശീയ ന്യൂനപക്ഷങ്ങളിൽനിന്നുള്ള എഡിറ്റർമാർ 23 ശതമാനം മാത്രം.
അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം
ഒരു പുതിയ നയത്തെ അതിസമ്പന്നർ പിന്തുണയ്ക്കുകയാണെങ്കിൽ അത് നടപ്പിലാകാൻ 45% സാധ്യതയുണ്ടെന്നാണ് അമേരിക്കയിൽ നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നത്. എന്നാൽ, അവരെതിർത്താൽ സാധ്യത വെറും 18 ശതമാനം മാത്രമാണ്. ജനാധിപത്യ സംവിധാനങ്ങളിൽ സാധാരണക്കാരന്റെ ശബ്ദം എത്രത്തോളം അവഗണിക്കപ്പെടുന്നു എന്നു നോക്കൂ.
സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള ഈ വിടവ് അപകടകരമായ രാഷ്ട്രീയ സാഹചര്യമാണുണ്ടാക്കിയതെന്ന് ഓക്സ്ഫാം ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ അമിതാഭ് ബെഹാർ പറഞ്ഞു. പണക്കാർ തെരഞ്ഞെടുപ്പുകളെ വിലയ്ക്കെടുക്കുന്നുവെന്ന് 66 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ പകുതിയോളംപേർ അഭിപ്രായപ്പെട്ടു.
ലിംഗവിവേചനം, കാലാവസ്ഥാ വ്യതിയാനം
ലോകത്തെ സമ്പത്ത് കുറച്ചുപേരിൽ കുന്നുകൂടുന്നതിൽ വലിയ ലിംഗവിവേചനവുമുണ്ട്. ലോകത്തെ ശതകോടീശ്വരന്മാരിൽ ബഹുഭൂരിപക്ഷവും പുരുഷന്മാരാണ്. ആഗോളതലത്തിൽ സമ്പത്തിന്റെ കാര്യത്തിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വിടവ് വർധിച്ചുകൊണ്ടിരിക്കുന്നു. ദരിദ്രരാജ്യങ്ങളിലെ സ്ത്രീകളാണ് ഈ സാമ്പത്തിക അസമത്വത്തിന്റെ ഏറ്റവും വലിയ ഇരകൾ.
ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകൾ പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ്, ലോകത്തിലെ ഏറ്റവും ദരിദ്രരായ 66 ശതമാനം (ഏകദേശം 500 കോടി) ആളുകൾ പുറന്തള്ളുന്നതിനു തുല്യമാണ്. അതായത്, സമ്പന്നരുടെ ആഡംബരജീവിതം കാലാവസ്ഥാ വ്യതിയാനത്തെ വേഗത്തിലാക്കുന്നു, ഇതിന്റെ ദുരന്തങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ദരിദ്രരുമാണ്.
നഷ്ടമാകുന്ന പൗരാവകാശങ്ങൾ
കഴിഞ്ഞ 19 വർഷമായി പൗരാവകാശങ്ങൾ കുറഞ്ഞുവരികയാണ്. കഴിഞ്ഞ വർഷം 68 രാജ്യങ്ങളിലായി നടന്ന 142 പ്രധാന പ്രതിഷേധങ്ങളെ അക്രമത്തിലൂടെയാണ് ഭരണകൂടം നേരിട്ടത്. അസമത്വത്തിനും അഴിമതിക്കുമെതിരേ ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ യുവാക്കളുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. ഇതിനെ അടിച്ചമർത്തുമ്പോഴും വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കുന്നു.അതേസമയം, വൻകിട ബിസിനസുകൾക്ക് നികുതിയിളവ് നൽകുന്നു.
2025 സെപ്റ്റംബറിൽ അഴിമതിക്കെതിരേ നടന്ന ശക്തമായ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് നേപ്പാളിലെ സർക്കാർ പുറത്തായി. നേപ്പാളിലെ ഏക ശതകോടീശ്വരനായ ബിനോദ് ചൗധരിയുടെ സ്വത്തുക്കൾ പ്രക്ഷോഭകാരികൾ ലക്ഷ്യംവച്ചിരുന്നു. ബിസിനസുകാരിൽനിന്ന് പണം വാങ്ങി അവർക്ക് അനുകൂലമായി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർക്കെതിരേയുള്ള സന്ദേശമായിരുന്നു ഈ വിപ്ലവം.
ഇന്ത്യയിലെയും ബ്രസീലിലെയും മാതൃക
സാധാരണക്കാരെ രാഷ്ട്രീയമായി ശക്തീകരിക്കുന്നതിന് ഇന്ത്യയിലെ സംവരണ സംവിധാനം മികച്ച ഉദാഹരണമാണെന്ന് ഓക്സ്ഫാം റിപ്പോർട്ടിലുണ്ട്. അസമത്വങ്ങൾക്കിടയിലും സാധാരണക്കാർക്ക് രാഷ്ട്രീയ കരുത്ത് നൽകുന്നതിനുള്ള ‘ശക്തമായ ഉദാഹരണം’ ആയിട്ടാണ് ഇന്ത്യയിലെ രാഷ്ട്രീയ സംവരണത്തെ റിപ്പോർട്ട് വിശേഷിപ്പിച്ചത്.
ഇന്ത്യയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും മറ്റ് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുമായി നൽകുന്ന രാഷ്ട്രീയ സംവരണം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാമൂഹികമായി മാറ്റിനിർത്തപ്പെട്ടവർക്കും നിയമനിർമാണ സഭകളിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ സഹായിക്കുന്നു എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിയമനിർമാണ സഭകളിൽ സ്ത്രീകൾക്കായി അടുത്തിടെ പ്രഖ്യാപിച്ച 33 ശതമാനം സംവരണത്തെയും റിപ്പോർട്ട് പരാമർശിക്കുന്നു. കൂടാതെ, വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും നിലനിൽക്കുന്ന സംവരണവും ഇതിൽ ഉൾപ്പെടുന്നു.
ബ്രസീലിന്റെ ‘പാർട്ടിസിപ്പേറ്ററി ബജറ്റിംഗ്’ എന്ന പ്രക്രിയയെയും ഓക്സ്ഫാം പ്രശംസിച്ചു. 1990കളിൽ ആരംഭിച്ച ഈ രീതി മുനിസിപ്പൽ ബജറ്റിന്റെ വിഹിതം തീരുമാനിക്കാൻ പൗരന്മാരെ നേരിട്ട് അനുവദിക്കുന്നു. ബ്രസീലിലെ പോർട്ടോ അലെഗ്രെ നഗരം ഇക്കാര്യത്തിൽ ലോകത്തിനുതന്നെ മാതൃകയാണെന്ന് റിപ്പോർട്ട് വിലയിരുത്തി. അസമത്വങ്ങൾക്കിടയിലും സാധാരണക്കാർക്ക് രാഷ്ട്രീയമായി കരുത്ത് ലഭിക്കുന്നത് നിയമപരവും സാമൂഹികവുമായ സാഹചര്യങ്ങൾ അനുകൂലമാകുമ്പോഴാണെന്ന നിരീക്ഷണവുമുണ്ട്.
ഇന്ത്യയുടെ മറുവശം
ഇന്ത്യയിലെ അതിസമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് ഭയാനകമായ രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ തുടരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലും അവരുടെ ആസ്തിയിലും വൻ വർധനയുണ്ടായിട്ടുണ്ട്.
ഇന്ത്യയിലും അതിസമ്പന്നർക്ക് രാഷ്ട്രീയ തീരുമാനങ്ങളിലും നിയമനിർമാണത്തിലും വലിയ സ്വാധീനമുണ്ടെന്ന് ഓക്സ്ഫാം ചൂണ്ടിക്കാട്ടുന്നു. ‘ക്രോണി കാപ്പിറ്റലിസം’ അഥവാ രാഷ്ട്രീയക്കാരും വ്യവസായികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അസമത്വം വർധിക്കാൻ കാരണമാകുന്നു.
ഇന്ത്യയിൽ ജിഎസ്ടി പോലുള്ള പരോക്ഷ നികുതികളാണ് സർക്കാരിന്റെ പ്രധാന വരുമാനമാർഗം. ഇത് പാവപ്പെട്ടവരും പണക്കാരും ഒരുപോലെ നൽകേണ്ടിവരുന്നു. എന്നാൽ, കോർപറേറ്റ് നികുതി കുറയ്ക്കുന്നതും അതിസമ്പന്നർക്ക് നൽകുന്ന ഇളവുകളും സാധാരണക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്നു.
ഇന്ത്യയിലെ സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ ഭൂരിഭാഗവും ഒരു ചെറിയ വിഭാഗം ആളുകളിലേക്ക് മാത്രമാണ് എത്തുന്നതെന്നും, ഇത് ജനാധിപത്യത്തിനും സാമൂഹികനീതിക്കും ഭീഷണിയാണെന്നുമാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്.
ഭാവിയിലേക്കുള്ള നിർദേശങ്ങൾ
ഈ ഭയാനകമായ അവസ്ഥ മാറ്റിയെടുക്കാൻ ചില പ്രായോഗിക നിർദേശങ്ങളും ഓക്സ്ഫാം റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നുണ്ട്.
പൗരസ്വാതന്ത്ര്യം: അഭിപ്രായ സ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുമെന്ന് സർക്കാരുകൾ ഉറപ്പുനൽകണം.
സുതാര്യത: ഓൺലൈനിലും അല്ലാതെയും പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യമായ നിരീക്ഷണവും റിപ്പോർട്ടിംഗും വേണം.
പങ്കാളിത്തം: സിവിൽ സൊസൈറ്റി സംഘടനകൾ, തൊഴിലാളി സംഘടനകൾ എന്നിവയുമായി സഹകരിച്ച് നയരൂപീകരണത്തിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കണം.
വെൽത്ത് ടാക്സ്: അതിസമ്പന്നരുടെ സ്വത്തിന്മേൽ നികുതി ഏർപ്പെടുത്തുക.
പൊതുസേവനങ്ങൾ ശക്തിപ്പെടുത്തുക: നികുതിപ്പണം ഉപയോഗിച്ച് ആരോഗ്യം, വിദ്യാഭ്യാസം എന്നിവ സൗജന്യവും സാർവത്രികവുമാക്കുക.
മിനിമം വേതനം: തൊഴിലാളികൾക്ക് മാന്യമായ വേതനം ഉറപ്പാക്കുക.
അസമത്വ വിരുദ്ധ പദ്ധതികൾ: അസമത്വം കുറയ്ക്കുന്നതിന് കൃത്യമായ സമയപരിധിയുള്ള ദേശീയ പദ്ധതികൾ നടപ്പിലാക്കുക.
രാഷ്ട്രീയം സംരക്ഷിക്കുക: രാഷ്ട്രീയ തീരുമാനങ്ങളിൽ പണത്തിന്റെ സ്വാധീനം കുറയ്ക്കാൻ കർശനമായ നിയമങ്ങൾ കൊണ്ടുവരിക.
“സാമ്പത്തിക ദാരിദ്ര്യം വിശപ്പുണ്ടാക്കുന്നു, രാഷ്ട്രീയ ദാരിദ്ര്യം രോഷമുണ്ടാക്കുന്നു.” ഓക്സ്ഫാം ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ അമിതാഭ് ബെഹാറിന്റെ ഈ മുന്നറിയിപ്പ് എല്ലാവർക്കുംവേണ്ടിയുള്ളതാണ്.
എന്താണ് ഓക്സ്ഫാം?
ലോകത്തിലെ ദരിദ്രർക്കുവേണ്ടി ശബ്ദമുയർത്തുകയും അവർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ആഗോള കൂട്ടായ്മയാണ് ഓക്സ്ഫാം.
സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരുകൂട്ടം സന്നദ്ധ സംഘടനകൾ ചേർന്നാണ് 1995ൽ ഓക്സ്ഫാം ഇന്റർനാഷണൽ രൂപീകരിച്ചത്. ലോകമെമ്പാടുമുള്ള ദാരിദ്ര്യവും അനീതിയും കുറയ്ക്കുന്നതിനായി കൂടുതൽ കാര്യക്ഷമമായും ശക്തമായും പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടനകൾ കൂട്ടായ്മയായി ഒന്നിച്ചത്.
‘ഓക്സ്ഫാം’ എന്ന പേര് വന്നത് 1942ൽ ബ്രിട്ടനിൽ സ്ഥാപിതമായ ‘ഓക്സ്ഫോർഡ് കമ്മിറ്റി ഫോർ ഫാമിൻ റിലീഫ്’ എന്നതിൽനിന്നാണ്. രണ്ടാം ലോകയുദ്ധസമയത്ത് ശത്രുരാജ്യങ്ങൾ കൈയടക്കി വച്ചിരുന്ന ഗ്രീസിൽ പട്ടിണി അനുഭവിച്ചിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഖ്യകക്ഷികളുടെ നാവിക ഉപരോധം മറികടന്ന് ഭക്ഷണസാമഗ്രികൾ എത്തിക്കുന്നതിനായി ഈ സമിതി പോരാടി.
യുദ്ധത്തിനുശേഷം, യൂറോപ്പിലുടനീളമുള്ള പാവപ്പെട്ടവർക്ക് സാമഗ്രികളും സാമ്പത്തിക സഹായവും നൽകിക്കൊണ്ട് ഓക്സ്ഫാം പ്രവർത്തനം തുടർന്നു. യൂറോപ്പിലെ സാഹചര്യം മെച്ചപ്പെട്ടതോടെ, വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് ഓക്സ്ഫാം ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്നത്തെ പ്രവർത്തനങ്ങൾ
ഇന്ന് ഓക്സ്ഫാം 77 രാജ്യങ്ങളിൽ ആയിരക്കണക്കിന് പങ്കാളികളുമായും കമ്യൂണിറ്റികളുമായും ചേർന്ന് പ്രവർത്തിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുക, ആളുകളെ അവരുടെ ഉപജീവനമാർഗം വീണ്ടെടുക്കാൻ സഹായിക്കുക, ശാശ്വതമായ മാറ്റങ്ങൾക്കായി പോരാടുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. എല്ലാ പ്രവർത്തനങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്ക് ഓക്സ്ഫാം വലിയ മുൻഗണന നൽകുന്നു.
ഓക്സ്ഫാം ഇന്റർനാഷണൽ കൂട്ടായ്മയിൽ 22 അംഗ സംഘടനകളുണ്ട്. ഓസ്ട്രേലിയ, ബെൽജിയം, ബ്രസീൽ, കാനഡ, കൊളംബിയ, ഡെന്മാർക്ക്, ഫ്രാൻസ്, ജർമനി, ഗ്രേറ്റ് ബ്രിട്ടൻ, ഹോങ്കോംഗ്, അയർലൻഡ്, ഇന്ത്യ, ഇറ്റലി, മെക്സിക്കോ, നെതർലൻഡ്സ്, ന്യൂസിലൻഡ്, ഫിലിപ്പീൻസ്, ക്യൂബെക്ക്, ദക്ഷിണാഫ്രിക്ക, സ്പെയിൻ, തുർക്കി, അമേരിക്ക എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്. കൂടാതെ, ഫണ്ട് ശേഖരണത്തിനും ബോധവത്കരണത്തിനുമായി ദക്ഷിണ കൊറിയയിലും സ്വീഡനിലും ഓഫീസുകളുണ്ട്.
ഓക്സ്ഫാം ഇന്റർനാഷണൽ സെക്രട്ടേറിയറ്റ് കെനിയയിലെ നെയ്റോബിയിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ, അഡിസ് അബാബ, ബ്രസൽസ്, ജനീവ, ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിലും സെക്രട്ടേറിയറ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.