കര്‍ണാടകയെ നയിക്കാന്‍ ഇനി കനകപുര റോക്ക്. അര്‍ഹിച്ച മുഖ്യമന്തിസ്ഥാനം മൂന്നു വര്‍ഷത്തിനുശേഷം ഡികെഎസ് എന്ന ഡി.കെ. ശിവകുമാറിനെത്തേടി എത്തിയിരിക്കുന്നു. കര്‍ണാടക പിസിസി അധ്യക്ഷനായിരുന്ന ശിവകുമാറായിരുന്നു 2023ല്‍ കോണ്‍ഗ്രസിന്റെ മുഖ്യ വിജയശില്പി. എന്നാല്‍, മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയ്ക്കുവേണ്ടി മുഖ്യമന്ത്രിപദം വിട്ടുകൊടുത്ത ശിവകുമാറില്‍നിന്ന് അപസ്വരങ്ങളൊന്നും ഉയര്‍ന്നില്ല. ഉപമുഖ്യമന്ത്രിസ്ഥാനവും പ്രമുഖ വകുപ്പുകളും പിസിസി അധ്യക്ഷസ്ഥാനവും നല്കി കോൺഗ്രസ് ശിവകുമാറിനെ അംഗീകരിച്ചു.
കർണാടക കോൺഗ്രസ് ഏറ്റവും പ്രതിസന്ധിയിലൂടെ കടന്നുപോയ കാലത്താണ് ശിവകുമാർ പിസിസി അധ്യക്ഷനായത്. സിദ്ധരാമയ്യ-ശിവകുമാർ ഡബിൾ എൻജിൻ 134 സീറ്റാണ് 2023ൽ കോൺഗ്രസിനു സമ്മാനിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്‍പതു സീറ്റിൽ കോൺഗ്രസ് വിജയിച്ചു. 2019ൽ ഒരേയൊരു സീറ്റായിരുന്നു കിട്ടിയത്. എക്കാലവും പാര്‍ട്ടിയോടു കൂറു പുലര്‍ത്തിയ നേതാവാണ് കോണ്‍ഗ്രസിന്റെ ഈ ട്രബിള്‍ ഷൂട്ടര്‍.
ശിവകുമാര്‍ കോണ്‍ഗ്രസിനു രക്ഷകനായി അവതരിച്ചത് പലതവണ. 2002ൽ മഹാരാഷ്ട്രയില്‍ വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരിനെതിരേ വിമതനീക്കമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലെത്തിച്ചത് ശിവകുമാറായിരുന്നു. അദ്ദേഹത്തിന്റെ റിസോര്‍ട്ടിലായിരുന്നു എംഎല്‍എമാരെ പാര്‍പ്പിച്ചത്. വിലാസ് റാവു സര്‍ക്കാര്‍ വിശ്വാസ വോട്ടു നേടി അന്നു രക്ഷപ്പെട്ടു. 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നീക്കമാരംഭിച്ചപ്പോഴും രക്ഷകനായത് ശിവകുമാറായിരുന്നു. ഗുജറാത്തിലെ 42 കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലെത്തിച്ചു കൂറുമാറ്റം തടഞ്ഞു. അഹമ്മദ് പട്ടേല്‍ ഒറ്റ വോട്ടിനു വിജയിച്ചു.
വൊക്കലിഗ വിഭാഗത്തിന്റെ അനിഷേധ്യ നേതാവാണ് ശിവകുമാര്‍. വൊക്കലിഗ വിഭാഗത്തെ കോണ്‍ഗ്രസിനൊപ്പം ഉറപ്പിച്ചുനിര്‍ത്തുന്നത് ശിവകുമാറിന്റെ സ്വാധീനമാണ്.
റെയ്ഡ് പരന്പരകൾക്കു പിന്നാലെ 2019 സെപ്റ്റംബർ മൂന്നിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തു. തിഹാർ ജയിലിൽ 50 ദിവസമാണു ശിവകുമാർ കഴിഞ്ഞത്. ജയിൽവാസം ശിവകുമാറിനെ ബിജെപിയിലെത്തിക്കുമെന്നു പലരും കരുതി. എന്നാൽ, കോൺഗ്രസിനോടുള്ള ഡികെഎസിന്റെ കൂറ് വർധിച്ചതേയുള്ളൂ.
എക്കാലവും നെഹ്റുകുടുംബത്തിന്റെ വിശ്വസ്തനാണ് ഡികെഎസ്. തിഹാർ ജയിലിൽ ഇദ്ദേഹത്തെ സോണിയഗാന്ധി സന്ദര്‍ശിച്ചിരുന്നു. രാഹുല്‍, പ്രിയങ്ക എന്നിവരുമായും ഡികെഎസ് എന്നും ഏറെ അടുപ്പം പുലര്‍ത്തുന്നു.
കെംപെ ഗൗഡയുടെയും ഗൗരമ്മയുടെയും മകനായി 1962 മേയ് 15ന് കനകപുരയിലെ ദോദ ആലഹള്ളി ഗ്രാമത്തിലാണ് ശിവകുമാര്‍ ജനിച്ചത്. 1985ൽ സാത്തനൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചെങ്കിലും കന്നി അങ്കത്തിൽ പരാജയപ്പെട്ടു. 1989ല്‍, 27-ാം വയസില്‍ ആദ്യമായി എംഎല്‍എയായി. പിന്നീട് എട്ടു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2023ല്‍ 122,392 വോട്ടിന്റെ വന്പൻ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ പ്രബല നേതാവ് ആര്. അശോകയെ ശിവകുമാര്‍ പരാജയപ്പെടുത്തിയത്. 1993ൽ ഉഷയെ ശിവകുമാർ വിവാഹം ചെയ്തു. ഐശ്വര്യ, ആഭരണ, ആകാശ് എന്നിവരാണു മക്കൾ.