x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊന്തൻപുഴ കർഷകസമരം: സർക്കാർ നിസംഗത അവസാനിപ്പിക്കണം

പ്ര​​​ഫ. റോ​​​ണി കെ. ​​​ബേ​​​ബി
Published: February 23, 2026 12:29 AM IST | Updated: February 23, 2026 12:29 AM IST

കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന പൊ​​​ന്ത​​​ൻ​​​പു​​​ഴ-​​​വ​​​ലി​​​യ​​​കാ​​​വ് വ​​​ന​​​ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​ത്തി​​​ലും അ​​​വി​​​ടെ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ പ​​​ട്ട​​​യ വി​​​ഷ​​​യ​​​ത്തി​​​ലും ശാ​​​ശ്വ​​​ത​​​മാ​​​യ പ​​​രി​​​ഹാ​​​രം കാ​​​ണാ​​​തെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കു​​​റ്റ​​​ക​​​ര​​​മാ​​​യ അ​​​നാ​​​സ്ഥ തു​​​ട​​​രു​​​ക​​​യാ​​​ണ്. വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി താ​​​മ​​​സി​​​ക്കു​​​ന്ന ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം ക​​​ർ​​​ഷ​​​ക​​​രും ഭൂ​​​ര​​​ഹി​​​ത​​​രും അ​​​ട​​​ങ്ങു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ൾ പ​​​ട്ട​​​യ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ്. എ​​​ന്നാ​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളോ​​​ട് തി​​​ക​​​ഞ്ഞ നി​​​സം​​​ഗ​​​ത​​​യും അ​​​വ​​​ഗ​​​ണ​​​ന​​​യു​​​മാ​​​ണ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​കു​​​ന്ന​​​ത്.

സ​​​ർ​​​ക്കാ​​​ർ തോ​​​റ്റു​​​കൊ​​​ടു​​​ത്ത കോ​​​ട​​​തി​​​വി​​​ധി

കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി താ​​​ലൂ​​​ക്കി​​​ലും പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ റാ​​​ന്നി താ​​​ലൂ​​​ക്കി​​​ലു​​​മാ​​​യി വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന ജൈ​​​വവൈ​​​വി​​​ധ്യ​​​ങ്ങ​​​ളു​​​ടെ ക​​​ല​​​വ​​​റ​​​യും ച​​​രി​​​ത്ര-ഐ​​​തി​​​ഹ്യ ങ്ങ​​​ള്‍ക്കൊ​​​ണ്ട് പ്ര​​​ശ​​​സ്ത​​​വു​​​മാ​​​യ വ​​​ന​​​ഭൂ​​​മി​​​യി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​നു​​​ള്ള അ​​​വ​​​കാ​​​ശം 2018 ജ​​​നു​​​വ​​​രി പ​​​ത്തി​​​ലെ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെഞ്ചി​​​ന്‍റെ വി​​​ധി​​​യോ​​​ടെ ന​​​ഷ്ട​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് വി​​​ഷ​​​യം സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ​​​ത്.

ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം ഈ ​​​വ​​​ന​​​ഭൂ​​​മി 283 സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​ക​​​ളു​​​ടേ​​​താ​​​ണ്. ഇ​​​തോ​​​ടെ​​​യാ​​​ണ് വ​​​ന​​​ത്തി​​​ന്‍റെ​​​യും വ​​​നാ​​​തി​​​ര്‍ത്തി​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന രണ്ടായിരത്തോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും നി​​​ല​​​നി​​​ല്‍പ്പുത​​​ന്നെ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​യ​​​ത്. സ​​​ര്‍ക്കാ​​​രി​​​നു​​​വേ​​​ണ്ടി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യ വ​​​നം വ​​​കു​​​പ്പ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ കൃ​​​ത്യ​​​മാ​​​യി ഹാ​​​ജ​​​രാ​​​ക്കാ​​​തെ ചില വ്യ​​​ക്തി​​​ക​​​ള്‍ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്.

സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വ​​​നം സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി​​​യാ​​​ണെ​​​ന്നു സ്ഥാ​​​പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ല്ല. ചെ​​​മ്പ് പ​​​ട്ട​​​യ​​​ത്തി​​​ന്‍റെ ആ​​​ധി​​​കാ​​​രി​​​ക​​​ത കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ​​​പോ​​​ലും ത​​​യാ​​​റാ​​​യി​​​ല്ല. ചെ​​​മ്പ് പ​​​ട്ട​​​യ​​​ത്തി​​​ന്‍റെ ആ​​​ധി​​​കാ​​​രി​​​ക​​​ത സം​​​ബ​​​ന്ധി​​​ച്ച് വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ള്‍ ച​​​മ​​​ച്ച് നി​​​യ​​​മവ്യ​​​വ​​​സ്ഥി​​​തി​​​യെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ഹ​​​ര്‍ജി​​​ക്കാ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന നി​​​ര്‍ണാ​​​യ​​​ക വി​​​ധി മു​​​ൻ​​​പ് കോ​​​ട​​​തി പ്ര​​​സ്താ​​​വി​​​ച്ചി​​​രു​​​ന്നു.

മ​​​ല​​​യാ​​​ളം ലി​​​പി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റി​​​ല്ലാ​​​ത്ത അ​​​ക്കാ​​​ല​​​ത്ത് വ​​​ട്ടെ​​​ഴു​​​ത്തി​​​ല്‍ എ​​​ഴു​​​ത​​​പ്പെ​​​ട്ട​​​തെ​​​ന്ന് ക​​​രു​​​തു​​​ന്ന രേ​​​ഖ​​​യു​​​ടെ ലി​​​പി മാ​​​റ്റം വ​​​രു​​​ത്തി​​​യ പ​​​ക​​​ര്‍പ്പ് മാ​​​ത്ര​​​മാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ച​​​ത്. ഇ​​​തും അ​​​നു​​​ബ​​​ന്ധ​​​രേ​​​ഖ​​​ക​​​ളും വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് 1991 മാ​​​ര്‍ച്ച് 18ലെ ​​​ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​യി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, ഈ ​​​വി​​​ധി സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മ​​​റ​​​ച്ചു​​​വ​​​ച്ചു. മു​​​ൻ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച സു​​​ശീ​​​ല ഭ​​​ട്ടി​​​നെ ഒ​​​ഴി​​​വാ​​​ക്കി പ​​​ക​​​രം നി​​​യോ​​​ഗി​​​ച്ച അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പൊ​​​ന്ത​​​ൻ​​​പു​​​ഴ വ​​​നം കു​​​റ്റി​​​ക്കാ​​​ടാ​​​ണെ​​​ന്നാ​​​ണ് കോ​​​ട​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്.

അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ട്ട നി​​​യ​​​മവ​​​ഴി​​​ക​​​ൾ

1980ലെ ​​​കേ​​​ന്ദ്ര വ​​​ന​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 1996 ഡി​​​സം​​​ബ​​​ർ 12ന് ​​​വ​​​ന്ന ഗോ​​​ദ​​​വ​​​ര്‍മ​​​ന്‍ തി​​​രു​​​മു​​​ല്‍പ്പാ​​​ട്‌ കേ​​​സി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യും 2003ലെ ​​​ഇ​​​എ​​​ഫ്എ​​​ല്‍ ആ​​​ക്ടും 1971ലെ ​​​കേ​​​ര​​​ള ഫോ​​​റ​​​സ്റ്റ് വെ​​​സ്റ്റിം​​​ഗ് ആ​​​ന്‍ഡ്‌ അ​​​സൈ​​​ന്‍മെ​​​ന്‍റ് ആ​​​ക്ടും പൊ​​​ന്ത​​​ന്‍പു​​​ഴ വ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ള സ​​​ര്‍ക്കാ​​​രി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ 1991ലെ ​​​ഹൈക്കോ​​ട​​​തി​​​വി​​​ധി​​​യും യ​​​ഥാ​​​സ​​​മ​​​യം കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കാ​​​തെ കേ​​​സി​​​ൽ സ​​​ര്‍ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ദ​​​യ​​​നീ​​​യ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. സ​​​ര്‍ക്കാ​​​രി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​കു​​​മാ​​​യി​​​രു​​​ന്ന ഈ ​​​നി​​​യ​​​മ​​​ങ്ങ​​​ള്‍ കോ​​​ട​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍ കൊ​​​ണ്ടു​​​വ​​​രാ​​​തി​​​രു​​​ന്ന​​​ത് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ല്‍ത​​​ന്നെ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്.

2003ലെ ​​​ഇ​​​എ​​​ഫ്എ​​​ൽ ആ​​​ക്ട് പ്ര​​​കാ​​​രം ഏ​​​തു വ​​​ന​​​പ്ര​​​ദേ​​​ശം വേ​​​ണ​​​മെ​​​ങ്കി​​​ലും പ​​​രി​​​സ്ഥി​​​തി ദു​​​ർ​​​ബ​​​ല പ്ര​​​ദേ​​​ശ​​​മാ​​​ണെ​​​ന്ന് വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്ത് സ​​​ർ​​​ക്കാ​​​രി​​​ന് ഏ​​​റ്റെ​​​ടു​​​ക്കാം. ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യി​​​ൽത്ത​​​ന്നെ ജ​​​സ്റ്റീ​​​സ് ചി​​​ദം​​​ബ​​​രേ​​​ഷ് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ 1971ലെ ​​​കേ​​​ര​​​ള സ്വ​​​കാ​​​ര്യ വ​​​നം നി​​​ഷി​​​പ്ത​​​മാ​​​ക്ക​​​ൽ നി​​​യ​​​മം (കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ഫോ​​​റ​​​സ്റ്റ് വെ​​​സ്റ്റിം​​​ഗ് ആ​​​ൻ​​​ഡ് അ​​​സൈ​​​ൻ​​​മെന്‍റ് ആ​​​ക്ട്) പ്ര​​​കാ​​​രം ഒ​​​രു ട്രൈ​​​ബ്യൂ​​​ണ​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച് അ​​​തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം അം​​​ഗീ​​​ക​​​രി​​​പ്പി​​​ച്ച് ട്രൈ​​​ബ്യൂ​​​ണ​​​ൽ നി​​​ശ്ച​​​യി​​​ക്കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കി വ​​​ന​​​ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

ട്രൈ​​​ബ്യൂ​​​ണ​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ മ​​​റ്റു നി​​​യ​​​മന​​​ട​​​പ​​​ടി​​​ക​​​ൾ പാ​​​ടി​​​ല്ല എ​​​ന്ന് വ്യ​​​വ​​​സ്ഥചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​തി​​​ന് അ​​​ധി​​​കം കാ​​​ല​​​താ​​​മ​​​സ​​​വു​​​മു​​​ണ്ടാ​​​കി​​​ല്ല. എ​​​ന്നാ​​​ൽ, ഇ​​​തി​​​നൊ​​​ന്നും ശ്ര​​​മി​​​ക്കാ​​​തെ വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ർ​​​ജി​​​യും ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ൽ സു​​​പ്രീംകോ​​​ട​​​തി ത​​​ൽ​​​സ്ഥി​​​തി നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​ർ​​​ഷ​​​ക ദു​​​രി​​​ത​​​ങ്ങ​​​ളു​​​ടെ ച​​​രി​​​ത്രം

1753ല്‍ ​​​തി​​​രു​​​വി​​​താം​​​കൂ​​​ര്‍ രാ​​​ജാ​​​വി​​​നെ യു​​​ദ്ധ​​​ത്തി​​​ല്‍ സ​​​ഹാ​​​യി​​​ച്ച​​​തി​​​ന് പ്ര​​​ത്യു​​​പ​​​കാ​​​ര​​​മാ​​​യി എ​​​ഴു​​​മ​​​റ്റൂ​​​ര്‍ നെ​​​യ്ത​​​ല്ലൂ​​​ര്‍ കൈ​​​പ്പു​​​ഴ കോ​​​വി​​​ല​​​ക​​​ത്തി​​​ന് ന​​​ല്‍കി​​​യ​​​താ​​​ണ് പൊ​​​ന്ത​​​ന്‍പു​​​ഴ വ​​​നം എ​​​ന്നാ​​​ണ് പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

മാ​​​ര്‍ത്താ​​​ണ്ഡ​​​വ​​​ര്‍മ​​​യു​​​ടെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ചെ​​​മ്പ് പ​​​ട്ട​​​യ​​​ത്തി​​​ല്‍ നീ​​​ട്ട് ന​​​ല്‍കി എ​​​ന്നാ​​​ണ് കോ​​​വി​​​ല​​​ക​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം. എ​​​ന്നാ​​​ൽ, 1891ലെ ​​​തി​​​രു​​​വി​​​താം​​​കൂ​​​ർ വ​​​ന നി​​​യ​​​മ പ്ര​​​കാ​​​രം തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ര്‍ താ​​​ലൂ​​​ക്കു​​​ക​​​ളി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ട ആ​​​റേ മു​​​ക്കാ​​​ല്‍ ച​​​തു​​​ര​​​ശ്ര മൈ​​​ല്‍ സ്ഥ​​​ലം വ​​​ലി​​​യ​​​കാ​​​വ് റി​​​സ​​​ര്‍വ് വ​​​ന​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ വി​​​ജ്ഞാ​​​പ​​​ന​​​മു​​​ണ്ടാ​​​യി. പൊ​​​ന്ത​​​ൻ​​​പു​​​ഴ​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളാ​​​യ ക​​​രി​​​ക്കാ​​​ട്ടൂ​​​ർ, വ​​​ലി​​​യ​​​കാ​​​വ്‌ , ആ​​​ല​​​പ്ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ റി​​​സ​​​ർ​​​വ് ആ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് 1904,1906,1908 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ൾ പ്ര​​​കാ​​​ര​​​മാ​​​ണ്. അ​​​ന്ന​​​ത്തെ തി​​​രു​​​വി​​​താം​​​കൂ​​​ർ ദി​​​വാ​​​ൻ ആ​​​യി​​​രു​​​ന്ന മാ​​​ധ​​​വറാ​​​വു ആ​​​ണ് ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ റി​​​സ​​​ർ​​​വ് വ​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

കേ​​​ര​​​ള സം​​​സ്ഥാ​​​ന രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന് ശേ​​​ഷം 1959ൽ ​​​കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​ന​​​വും ഉ​​​ണ്ടാ​​​യി.എ​​​ന്നാ​​​ൽ, ത​​​ങ്ങ​​​ൾ ഈ ​​​ഭൂ​​​മി എ​​​ഴു​​​മ​​​റ്റൂ​​​ർ കോ​​​വി​​​ല​​​ക​​​ത്തു​​​നി​​​ന്ന് 1930ക​​​ളി​​​ൽ വാ​​​ങ്ങി​​​യ​​​താ​​​ണെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട് 283 സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​ക​​​ൾ രം​​​ഗ​​​ത്തെ​​​ത്തി. മാ​​​ർ​​​ത്താ​​​ണ്ഡ​​​വ​​​ർ​​​മ​​​യു​​​ടെ കാ​​​ല​​​ത്തു​​​ത​​​ന്നെ ചെ​​​മ്പു​​​പ​​​ട്ട​​​യ​​​ത്തി​​​ലൂ​​​ടെ ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ര​​​മൊ​​​ഴി​​​വാ​​​യി ത​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ച്ചു എ​​​ന്നാ​​​ണ് സ്ഥ​​​ല​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന എ​​​ഴു​​​മ​​​റ്റൂ​​​ർ കോ​​​വി​​​ല​​​ക​​​ത്തി​​​ന്‍റെ വാ​​​ദം. കോ​​​വി​​​ല​​​ക​​​ത്തി​​​ന്‍റെ ഈ ​​​വാ​​​ദ​​​ത്തെ അ​​​ക്കാ​​​ല​​​ത്തു​​​ത​​​ന്നെ സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് ഓ​​​ഫീസ​​​ർ​​​മാ​​​രും വി​​​വി​​​ധ കോ​​​ട​​​തി​​​ക​​​ളും ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞി​​​രു​​​ന്നു. ഈ ​​​വ​​​ന​​​ഭൂ​​​മി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ ഉ​​​ള്ള​​​താ​​​ണെ​​​ന്ന് കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ സിം​​​ഗി​​​ൾ ബെ​​​ഞ്ചും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചും നേ​​​ര​​​ത്തേത​​​ന്നെ വി​​​ധി​​​ച്ചി​​​രു​​​ന്നു.

ഈ ​​​വി​​​ധി​​​ക​​​ൾ​​​ക്കെ​​​തി​​​രേ പ​​​രാ​​​തി​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യും തു​​​ട​​​ർ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യോ​​​ട് വീ​​​ണ്ടും കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഭൂ​​​മി​​​യി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​വ​​​കാ​​​ശ​​​മി​​​ല്ല എ​​​ന്ന ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വി​​​ധി ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്. ക​​​രി​​​ക്കാ​​​ട്ടൂ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ജ്ഞാ​​​പ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു നി​​​ല​​​വി​​​ൽ കേ​​​സു​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലും നേ​​​ര​​​ത്തേത​​​ന്നെ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി തീ​​​ർ​​​പ്പു ക​​​ൽ​​​പ്പി​​​ച്ച​​​തി​​​നാ​​​ലും കോ​​​ട​​​തി ഇ​​​ട​​​പെ​​​ടു​​​ന്നി​​​ല്ല എ​​​ന്നാ​​​ണ് 2018 ജ​​​നു​​​വ​​​രി പ​​​ത്തി​​​ലെ വി​​​ധി​​​യി​​​ലൂ​​​ടെ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ക​​​രി​​​ക്കാ​​​ട്ടൂ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം ശ​​​രി​​​വ​​​ച്ച കോ​​​ട​​​തി വ​​​ലി​​​യ​​​കാ​​​വ്‌, ആ​​​ല​​​പ്ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​വ​​​കാ​​​ശ​​​മി​​​ല്ല എ​​​ന്ന് വി​​​ധി​​​ച്ച​​​ത് കേ​​​സ് ന​​​ട​​​ത്തി​​​പ്പി​​​ലെ വീ​​​ഴ്ച മൂ​​​ല​​​മാ​​​ണ് എ​​​ന്ന് പ​​​ക​​​ൽ​​​പോ​​​ലെ വ്യ​​​ക്ത​​​മാ​​​ണ്.

പൊ​​​ന്ത​​​ന്‍പു​​​ഴ​​​യി​​​ലെ സം​​​ര​​​ക്ഷി​​​ത​​​വ​​​ന​​​ഭൂ​​​മി​​​യി​​​ല്‍ സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​ക​​​ള്‍ക്ക് ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം ന​​​ല്‍കി​​​യ ഹൈ​​​ക്കോ​​​ട​​​തിവി​​​ധി ഒ​​​രു നൂ​​​റ്റാ​​​ണ്ട് പ​​​ഴ​​​ക്ക​​​മു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്ത​​​ര്‍ക്ക​​​ങ്ങ​​​ളു​​​ടെ അ​​​ന്തി​​​മ​​​തീ​​​ര്‍പ്പാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, രാ​​​ജാ​​​വി​​​ന്‍റെ കാ​​​ല​​​ത്തെ ചെ​​​മ്പു​​​പ​​​ട്ട​​​യം ഉ​​​ണ്ടെ​​​ന്ന് പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന 283 പേ​​​ർ​​​ക്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണ് പൊ​​​ന്ത​​​ൻ​​​പു​​​ഴ വ​​​നം എ​​​ന്നും കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന് റി​​​സ​​​ർ​​​വ് വ​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മി​​​ല്ല എ​​​ന്നു​​​മു​​​ള്ള 2018 ജ​​​നു​​​വ​​​രി 10ലെ ​​​ഹൈ​​​ക്കോ​​​ട​​​തിവി​​​ധി ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​ണ് വ​​​നാ​​​തി​​​ർ​​​ത്തി​​​ക്ക് ചു​​​റ്റും നൂ​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി താ​​​മ​​​സി​​​ക്കു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ​​​ത്.

വ​​​നം, റ​​​വ​​​ന്യു വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​നാ​​​സ്ഥ​​​കാ​​​ര​​​ണം ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്നും പ​​​ട്ട​​​യം കി​​​ട്ടാ​​​ക്ക​​​നി​​​യാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്. അ​​​തി​​​ൽ​​​ത​​​ന്നെ അ​​​ഞ്ഞൂ​​​റി​​​ല്‍പ​​​രം ഭൂ​​​ര​​​ഹി​​​ത ദ​​​ളി​​​ത് കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണ് പൊ​​​ന്ത​​​ന്‍പു​​​ഴ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്.

1906ല്‍ ​​​ദി​​​വാ​​​ന്‍ മാ​​​ധ​​​വ​​​റാ​​​വു പൊ​​​ന്ത​​​ന്‍പു​​​ഴ​​​യെ വ​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ഴും വ​​​നാ​​​തി​​​ര്‍ത്തി​​​യി​​​ല്‍ കൈ​​​വ​​​ശ​​​ക്കാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​ർ രേ​​​ഖ​​​ക​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​ണ്. കൂ​​​ടാ​​​തെ, 1940ക​​​ളി​​​ലെ ഗ്രോ​​​ മോ​​​ര്‍ ഫു​​​ഡ് പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം കു​​​ത്ത​​​ക​​​പ്പാ​​​ട്ട വ്യ​​​വ​​​സ്ഥ​​​യി​​​ല്‍ കു​​​റെ കു​​​ടും​​​ബ​​​ങ്ങ​​​ളെ ഈ ​​​ച​​​തു​​​പ്പു​​​ക​​​ളി​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ താ​​​മ​​​സി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​വ​​​രെ​​​ല്ലാം 1977 മു​​​മ്പു​​​ള്ള കൈ​​​വ​​​ശ​​​ക്കാ​​​രാ​​​ണ്. അ​​​തു റ​​​വ​​​ന്യു, വ​​​നം വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ജോ​​​യി​​​ന്‍റ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തു​​​മാ​​​ണ്. പ​​​ട്ട​​​യം ന​​​ല്‍കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​വ​​​ര്‍ക്ക് 2005ലെ ​​​യു​​​ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​ര്‍ കൈ​​​വ​​​ശ​​​രേ​​​ഖ ന​​​ല്‍കി​​​യി​​​രു​​​ന്നു. കോ​​​ട​​​തി​​​വി​​​ധി എ​​​തി​​​രാ​​​യ​​​തോ​​​ടു​​​കൂ​​​ടി ഇ​​​വ​​​രെ​​​ല്ലാം കു​​​ടി​​​യി​​​റ​​​ക്ക​​​ല്‍ ഭീ​​​ഷ​​​ണി​​​യി​​​ലാ​​​ണ്.

ഉ​​​യ​​​രു​​​ന്ന ക​​​ർ​​​ഷ​​​ക പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ

സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് വ​​​ന​​​ഭൂ​​​മി​​​ക്ക് മാ​​​ത്ര​​​മാ​​​ണ് ബാ​​​ധ​​​ക​​​മെ​​​ന്നും അ​​​തി​​​നു പു​​​റ​​​ത്തു​​​ള്ള റ​​​വ​​​ന്യു ഭൂ​​​മി അ​​​ള​​​ന്ന് തി​​​ട്ട​​​പ്പെ​​​ടു​​​ത്തി അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്ക് പ​​​ട്ട​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​നു ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​ക്കൊ​​​ണ്ട് വ​​​നം-​​​റ​​​വ​​​ന്യു ഭൂ​​​മി​​​ക​​​ൾ വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ‘എ​​​ന്‍റെ ഭൂ​​​മി’ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ ഇ​​​പ്പോ​​​ൾ കാ​​​ര്യ​​​ങ്ങ​​​ൾ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കു​​​ക​​​യാ​​​ണ്.

1977ന് ​​​മു​​​ൻ​​​പ് വ​​​ന​​​ഭൂ​​​മി കൈ​​​വ​​​ശം വ​​​ച്ചി​​​രു​​​ന്ന​​​വ​​​ർ​​​ക്ക് കേ​​​ന്ദ്രാ​​​നു​​​മ​​​തി​​​യോ​​​ടെ പ​​​ട്ട​​​യം ന​​​ൽ​​​കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, വ​​​ന​​​ഭൂ​​​മി​​​യു​​​ടെ​​​യും വ​​​നാ​​​തി​​​ര്‍ത്തി​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന കൈ​​​വ​​​ശ​​​ക്കാ​​​രു​​​ടെ​​​യും ഭൂ​​​മി​​​യു​​​ടെ സ​​​ര്‍വേ ന​​​മ്പ​​​ര്‍ ഒ​​​ന്നു ത​​​ന്നെ​​​യാ​​​ണെ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന പ്ര​​​ശ്നം. മ​​​ണി​​​മ​​​ല വി​​​ല്ലേ​​​ജി​​​ലെ ആ​​​ല​​​പ്ര - പൊ​​​ന്ത​​​ൻ​​​പു​​​ഴ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ​​​യി​​​ൽ ക​​​ർ​​​ഷ​​​ക​​​രു​​​ടെ കൈ​​​വ​​​ശ​​​ഭൂ​​​മി വ​​​ന​​​ഭൂ​​​മി​​​യാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

വ​​​ന​​​വി​​​ജ്ഞാ​​​പ​​​നം പ്ര​​​കാ​​​രം അ​​​തി​​​ർ​​​ത്തി നി​​​ശ്ച​​​യി​​​ക്കാ​​​തെ പ​​​ഴ​​​യ റി-​​​സ​​​ർ​​​വേ രേ​​​ഖ​​​ക​​​ൾ മാ​​​ത്രം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് സ​​​ർ​​​വേ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നാ​​​ണ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ​​​രാ​​​തി.1959​​​ൽ വ​​​നം വ​​​കു​​​പ്പ് ഇ​​​റ​​​ക്കി​​​യ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ അ​​​നു​​​സ​​​രി​​​ച്ച് 1,592.5 ഏ​​​ക്ക​​​റി​​​ൽ 1,223.7 ഏ​​​ക്ക​​​ർ വ​​​രു​​​ന്ന സിം​​​ഹ​​​ഭാ​​​ഗം മാ​​​ത്ര​​​മാ​​​ണ് റി​​​സ​​​ർ​​​വ് ഫോ​​​റ​​​സ്റ്റ് എ​​​ന്ന് നോ​​​ട്ടി​​​ഫൈ ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ൽ, ബാ​​​ക്കി വ​​​രു​​​ന്ന ഭൂ​​​മി ഡീ​​​നോ​​​ട്ടി​​​ഫൈ ചെ​​​യ്തു റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന് കൈ​​​മാ​​​റു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ണ്ടി​​​ല്ല. ഇ​​​വി​​​ടത്തെ ഭൂ​​​മി​​​യു​​​ടെ യ​​​ഥാ​​​ര്‍ഥ സ​​​ര്‍വേ ന​​​മ്പ​​​ര്‍ 283/1 ആ​​​യി​​​രു​​​ന്നു.

പി​​​ന്നെ കാ​​​ല​​​ക്ര​​​മ​​​ത്തി​​​ലെ​​​പ്പെ​​​ഴോ ര​​​ണ്ടു സ​​​ര്‍വേ ന​​​മ്പ​​​രു​​​ക​​​ളാ​​​യി, 283/1 ഉം 283/1A ​​​യും. ഗ​​​സ​​​റ്റ് നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ അ​​​നു​​​സ​​​രി​​​ച്ച് 283/1A യു​​​ടെ ഭൂ​​​രി​​​ഭാ​​​ഗ​​​വും വ​​​ന​​​മാ​​​ണ്. പു​​​തി​​​യ സ​​​ര്‍വേ അ​​​നു​​​സ​​​രി​​​ച്ച് 193/1 ആ​​​ണ് വ​​​നം. 174/1-192/19 വ​​​രെ​​​യും 194/1 മു​​​ത​​​ല്‍ 211/4 വ​​​രെ​​​യു​​​മാ​​​ണ് കൈ​​​വ​​​ശ​​​ക്കാ​​​രു​​​ടെ ഭൂ​​​മി. വ​​​നം 1265 ഏ​​​ക്ക​​​ര്‍ വ​​​രു​​​മ്പോ​​​ള്‍ കൈ​​​വ​​​ശ​​​ക്കാ​​​രു​​​ടെ ഭൂ​​​മി 325 ഏ​​​ക്ക​​​റാ​​​ണ്.

പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​തി പ​​​രി​​​ഗ​​​ണി​​​ച്ച് വ​​​ന​​​വി​​​ജ്ഞാ​​​പ​​​നം അ​​​നു​​​സ​​​രി​​​ച്ച് ഭൂ​​​മി​​​യി​​​ൽ അ​​​തി​​​ർ​​​ത്തി പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം എ​​​ന്ന് ര​​​ണ്ടു വ​​​ർ​​​ഷം മു​​​ൻ​​​പ് ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ർ കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട ക​​​ള​​​ക്ട​​​ർമാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​ത് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​തെ റീ-​​​സ​​​ർ​​​വേ രേ​​​ഖ​​​ക​​​ളെ മാ​​​ത്രം ആ​​​ശ​​​യി​​​ച്ചു ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ ന​​​ട​​​ത്തി ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഭൂ​​​മി വ​​​നം എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഹെ​​​ഡ് സ​​​ർ​​​വേ​​​യ​​​ർ നോ​​​ട്ടീ​​​സ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ പ്ര​​​തി​​​ഷേ​​​ധം. 1907ലെ ​​​വ​​​ന​​​വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​രം പു​​​ളി​​​ക്ക​​​ൻ​​​പാ​​​റ തോ​​​ട്, പൊ​​​ന്ത​​​ൻ​​​പു​​​ഴ തോ​​​ട് എ​​​ന്നി​​​വ അ​​​തി​​​ർ​​​ത്തി​​​യാ​​​യി നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ ആ​​​വ​​​ശ്യം.

വ​​​ന​​​ഭൂ​​​മി സം​​​ര​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ട് വ​​​ന​​​പ​​​രി​​​ധി​​​ക്ക് പു​​​റ​​​ത്ത് വ​​​സി​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ​​​ട്ട​​​യം ന​​​ൽ​​​ക​​​ണം എ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​ത്. ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വേ​​​യി​​​ൽ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഭൂ​​​മി വ​​​നം ആ​​​ണെ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച നോ​​​ട്ടീ​​​സ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണം, വ​​​ന​​​ത്തി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​നം അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള അ​​​തി​​​ർ​​​ത്തി ഫീ​​​ൽ​​​ഡി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം എ​​​ന്ന ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പി​​​ലാ​​​ക്കി പ​​​ട്ട​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണം തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് പ്ര​​​ദേ​​​ശ​​​ത്ത് ക​​​ന​​​ത്ത പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​രു​​​ക​​​യാ​​​ണ്.

ആ​​​ല​​​പ്ര, പു​​​ളി​​​ക്ക​​​ൻ​​​പാ​​​റ, വ​​​ഞ്ചി​​​യ​​​പ്പാ​​​റ, വെ​​​ച്ചൂ​​​ക്കു​​​ന്ന്, രാ​​​മ​​​നാ​​​നി, നെ​​​ടു​​​മ്പു​​​റം ച​​​തു​​​പ്പ്, പൊ​​​ന്ത​​​ൻ​​​പു​​​ഴ വ​​​ള​​​കോ​​​ടി​​​ച്ച​​​തു​​​പ്പ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ക​​​ർ​​​ഷ​​​ക ദ​​​ളി​​​ത് കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണ് പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലേ​​​ക്ക് നീ​​​ങ്ങു​​​ന്ന​​​ത്. പ്ര​​​ദേ​​​ശ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ല​​​ക്ഷ്മി വി​​​ലാ​​​സം എ​​​ൽ​​​പി സ്കൂ​​​ൾ 1926ലാ​​​ണ് സ്ഥാ​​​പി​​​ച്ച​​​ത്. ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ഈ ​​​സ്കൂ​​​ൾ ഇ​​​രി​​​ക്കു​​​ന്ന സ്ഥ​​​ലം​​​പോ​​​ലും വ​​​നം എ​​​ന്നാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​സം​​​ഗ​​​ത തു​​​ട​​​രു​​​മ്പോ​​​ൾ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധം ആ​​​ളി​​​ക്ക​​​ത്തു​​​ക​​​യാ​​​ണ്.

Tags : Ponthanpuzha farmers strike indifference

Recent News

Corehub Up