x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാറ്റകൾ ഉണ്ടായിരിക്കണം...

പ്ര​ഫ. ഡോ. ​ബി​ൻ​സ് എം. ​മാ​ത്യു
Published: August 18, 2026 12:48 AM IST | Updated: August 18, 2026 12:48 AM IST

പ്രതീകാത്മക ചിത്രം

ആ​ദ്യം റെ​ബേ​ക്ക എ​ന്ന പെ​ൺ​കു​ട്ടി​യി​ലാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടുതു​ട​ങ്ങി​യ​ത്. വ​രാ​ൻ​ പോ​കു​ന്ന ദു​ര​ന്ത​ത്തി​ന്‍റെ ആ​ദ്യസൂ​ച​ന​യാ​യി​രു​ന്നു അ​ത്. പി​ന്നെ ആ ​മ​ഹാ​മാ​രി ഗ്രാ​മ​ത്തെ​യാ​കെ വി​ഴു​ങ്ങി.

ലോ​ക​പ്ര​ശ​സ്ത കൊ​ളം​ബി​യ​ൻ എ​ഴു​ത്തു​കാ​ൻ ഗബ്രിയേല്‍ ഗാ​ർ​സി​യ മാ​ർ​ക്വിസിന്‍റെ ഭാ​വ​നാ​ഗ്രാ​മ​മാ​യ മക്കോണ്ടോ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ക​യാ​ണ്. ഗ്രാ​മ​ത്തി​ലു​ള്ള എ​ല്ലാ മ​നു​ഷ്യ​രെ​യും മ​റ​വി ബാ​ധി​ച്ചി​രി​ക്കു​ന്നു. ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളും ഭാ​ഷ​യും ഒ​ടു​വി​ൽ ത​ങ്ങ​ളെ​ത്ത​ന്നെ​യും മ​റ​ന്നു​പോ​യി​രി​ക്കു​ന്നു. മക്കോണ്ടോയും അ​വി​ട​ത്തെ കൂ​ട്ട​മ​റ​വി​യും ഒ​രു നോ​വ​ലി​സ്റ്റി​ന്‍റെ ഭാ​വ​ന​യി​ൽ വി​രി​ഞ്ഞ​താ​ണ്.

ആ​ഗോ​ള​മ​റ​വി

മക്കോണ്ടോയെ ബാ​ധി​ച്ച ആ ​മ​ഹാ​വ്യാ​ധി ആ​ഗോ​ള ഗ്രാ​മ​ത്തെ​യാ​കെ വി​ഴു​ങ്ങാ​ൻ വാ​പി​ള​ർ​ന്നി​രി​പ്പു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത് ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ പി​താ​ക്ക​ന്മാ​രി​ലൊ​രാ​ളാ​യ വി​ന്‍റ് സെ​ർ​ഫാ​ണ്. ഡി​ജി​റ്റ​ൽ അ​മ്നേ​ഷ്യ എ​ന്നാ​ണ് കൂ​ട്ട​മ​റ​വി​ക്ക് സെ​ർ​ഫ് ഇ​ട്ട​പേ​ര്.

ആ​ർ​ക്കേ​വ് ഫീ​വ​ർ

ജീ​വി​ത​ത്തോ​ടു​ള്ള മ​നു​ഷ്യ​ന്‍റെ ഒ​ടു​ങ്ങാ​ത്ത ആസ​ക്തി​യെ സി​ഗ്്മ​ണ്ട് ഫ്രോ​യ്ഡ് ഇ​റോ​സ് എ​ന്നു​വി​ളി​ക്കു​ന്നു. മ​ര​ണ​ത്തോ​ടും മ​റ​വി​യോ​ടു​മു​ള്ള അ​വ​ന്‍റെ ഭ​യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ മ​നു​ഷ്യ​ർ ക​ണ്ടെ​ത്തി​യ വ​ഴി​യാ​യി​രു​ന്നു ഓ​ർ​മ​ക​ളു​ടെ​യും അ​റി​വു​ക​ളു​ടെ​യും ആ​ർ​ക്കേ​വി​ങ്. മാ​ന​വ​ച​രി​ത്ര​ത്തി​ന്‍റെ ആ​ദ്യ​നാ​ളു​ക​ളി​ൽ ഓ​ർ​മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും ക​ഥ​ക​ളും പാ​ട്ടു​ക​ളു​മാ​യി ത​ല​മു​റ​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു. ചി​ല​ത് ക​ല്ലി​ൽ​കൊ​ത്തി ഗു​ഹ​യി​ൽ ചി​ത്ര​ങ്ങ​ളാ​യെ​ഴു​തി. പി​ന്നെ എ​ഴു​ത്തു​ വ​ന്നു. പ്രാ​ചീ​ന മ​നു​ഷ്യ​ന്‍റെ ക​ഥ​ക​ളും ഗു​ഹാ​ചി​ത്ര​ങ്ങ​ളും താ​ളി​യോ​ല​ക​ളും ശ​വ​കു​ടീ​ര​ങ്ങ​ളും പു​തി​യ മ​നു​ഷ്യ​ന്‍റെ പു​സ്ത​ക​ങ്ങ​ളും ഡി​ജി​റ്റ​ൽ ആ​ർ​ക്കൈ​വു​ക​ളും പ​റ​യു​ന്ന​ത് വി​സ്മൃ​തി​യെ​യും മ​ര​ണ​ത്തെ​യും അ​തി​ജീ​വി​ക്കാ​നു​ള്ള മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​മാ​ണ്.

എ​ന്നാ​ൽ, ജീ​വി​ത​ത്തോ​ടു​ള്ള​തു​പോ​ലെ​ത​ന്നെ മ​ര​ണ​ത്തോ​ടും ന​ശീ​ക​ര​ണ​ത്തോ​ടും നി​ഗൂ​ഢ​മാ​യ ആ​ഭി​മു​ഖ്യം മ​നു​ഷ്യ​നി​ൽ പ​തി​യി​രി​പ്പു​ണ്ട്. ഫ്രോ​യ്ഡ് ഇ​തി​നെ താ​ന​ത്തോ​സ് എ​ന്ന് വി​ളി​ക്കു​ന്നു.

ഒ​രു സ​മൂ​ഹ​ത്തെ നി​സ​ഹായ​രാ​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല വ​ഴി​യാ​യി​രു​ന്നു അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ അ​വ​ർ സം​ഭ​രി​ച്ച ഓ​ർ​മ​ക​ളെ​യും അ​റി​വു​ക​ളെ​യും ന​ശി​പ്പി​ക്കു​ക എ​ന്ന​ത്. എ​ല്ലാ യു​ദ്ധ​ങ്ങ​ളി​ലും ആ​ദ്യം ലൈ​ബ്ര​റി​ക​ളും ആ​ർ​ക്കേ​വു​ക​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു.

ഓ​ർ​മ​ക​ൾ​ക്ക് കാ​വ​ലി​രു​ന്ന​വ​ർ

പ​ട​യാ​ളി​ക​ൾ ഓ​ർ​മ​ക​ൾ​ക്ക് തീ​യി​ട്ട​പ്പോ​ൾ മ​റ്റൊ​രു കൂ​ട്ട​ർ നാ​ശോ​ന്മു​ഖ​മാ​യ അ​റി​വു​ക​ളെ സ്വ​ന്തം ​കൈ​പ്പ​ട​യി​ൽ പ​ക​ർ​ത്തി​യെ​ഴു​തു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. മ​ധ്യ​കാ​ല​ത്തെ യൂ​റോ​പ്പി​ലെ സ​ന്യാ​സാ​ശമങ്ങ​ളി​ൽ ദേ​വാ​ല​യം ക​ഴി​ഞ്ഞാ​ൽ അ​തി​വി​ശു​ദ്ധ സ്ഥ​ല​മാ​യി​രു​ന്നു സ്ക്രി​പ്റ്റോ​റി​യ​ങ്ങ​ൾ. ദേ​വാ​ല​യ ശു​ശ്രൂ​ഷ​ക​ൾ ക​ഴി​ഞ്ഞ താ​പ​സ​ന്മാ​ർ മ​രം കോ​ച്ചു​ന്ന മ​ഞ്ഞു​കാ​ല​ങ്ങ​ളി​ൽ​പോ​ലും സ്ക്രി​പ്റ്റോ​റി​യ​ങ്ങ​ളി​ലി​രു​ന്നു പു​രാ​ത​ന ഗ്ര​ന്ഥ​ങ്ങ​ൾ ന​ശി​ച്ചു​പോ​കാ​തെ പ​ക​ർ​ത്തി​യെ​ഴു​തി. മാ​ന​വ​രാ​ശി​യു​ടെ ഓ​ർ​മ​യു​ടെ​യും അ​റി​വി​ന്‍റെ​യും കാ​വ​ലാ​ളു​ക​ളാ​യി​രു​ന്നു അ​വ​ർ.

സു​മേ​റി​യ​ൻ ലി​ഖി​ത​ങ്ങ​ൾ​ക്ക് നാ​ലാ​യി​രം വ​യ​സ്

പ​ക​ർ​ത്തി​യെ​ഴു​താതെത​ന്നെ നാ​ലു സ​ഹ​സ്രാ​ബ്ദ​ങ്ങ​ള്‍ അ​തി​ജീ​വി​ച്ച രേ​ഖ​ക​ൾ ന​മ്മു​ടെ മു​മ്പി​ലു​ണ്ട്. പ്രാ​ചീ​ന സു​മേ​റി​യ​ക്കാ​ർ ടൈ​ഗ്രീ​സി​ന്‍റെ​യും യൂ​ഫ്ര​ട്ടീ​സി​ന്‍റെ​യും തീ​ര​ങ്ങ​ളി​ലെ ക​ളി​മ​ണ്ണു കു​ഴ​ച്ച് എ​ഴു​തി തീ​യി​ൽ ചു​ട്ടെ​ടു​ത്ത ഫ​ല​ക​ങ്ങ​ളി​ലെ ക്യൂ​ണി​ഫോം ലി​പി​ക​ളി​ൽ ഒ​രു കാ​വ്യം​ത​ന്നെ മ​റ​ഞ്ഞി​രി​പ്പു​ണ്ടാ​യി​രു​ന്നു; ഗി​ൽ​ഗ​മേ​ഷ്. ഈ​ജി​പ്തു​കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പാ​പ്പി​റ​സ് ചു​രു​ളു​ക​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ അ​തി​ജീ​വി​ച്ചു. തു​ട​ർ​ന്ന് മൃ​ഗ​ത്തോ​ലി​ലെ​ഴു​തി​യ​വ​യും കൂ​ടു​ത​ൽ ഈ​ടു​ നി​ന്നു.

നാ​ല്പ​ത് തി​ക​യാ​ത്ത ഫ്ലോ​പ്പി​ക​ൾ

സു​മേ​റി​യ​ൻ മ​ൺ​ഫ​ല​ക​ങ്ങ​ളു​ടെ ആ​യു​സ് 4000 വ​ർ​ഷ​ങ്ങ​ളാ​ണെ​ങ്കി​ൽ കം​പ്യൂ​ട്ട​ർ ഫ്ലോ​പ്പി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​രു​പ​തു​കൊ​ല്ല​ത്തെ ആ​യു​സു​പോ​ലു​മു​ണ്ടാ​യി​ല്ല. ഫ്ലോ​പ്പി ഡ്രൈ​വു​ക​ൾ കം​പ്യൂ​ട്ട​റു​ക​ളി​ൽ​നി​ന്ന് ഏ​താ​ണ്ട് അ​പ്ര​ത്യ​ക്ഷ​മാ​യി​ക്ക​ഴി​ഞ്ഞു. പി​ന്നീ​ടു​ വ​ന്ന സി​ഡി​ക​ളും ഡി​വി​ഡി​ക​ളി​ലും രേ​ഖ​പ്പെ​ടു​ത്തി​യ ഡേ​റ്റ​ക​ളു​ടെ ആ​യു​ർ​ദൈ​ർ​ഘ്യം കു​റ​ച്ച​ത് ഈ​ർ​പ്പ​വും പോ​റ​ലു​ക​ളും അ​മി​ത​മാ​യ പ്ര​കാ​ശ​വു​മാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കാ​തി​രു​ന്നാ​ൽ പെ​ൻ​ഡ്രൈ​വു​ക​ളും അ​തി​ലെ ഡാ​റ്റ​യും ന​ഷ്ട​പ്പെ​ടാം.

ആ​കാ​ശ​ങ്ങ​ളി​ലെ​ഴു​തി​യാ​ൽ

ന​മ്മു​ടെ കൈ​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ദൗ​ർ​ബ​ല്യ​ങ്ങ​ൾ മ​റി​ക​ട​ക്കാ​നാ​ണ് ക്ലൗ​ഡി​ൽ ഡാ​റ്റ​ക​ൾ സൂ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ക്ലൗ​ഡി​ൽ സൂ​ക്ഷി​ക്കു​ന്ന​തോ​ടെ ന​മ്മു​ടെ ഡാ​റ്റ ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​​ല്ലാ​താ​കു​ന്നു. ഇ​ന്ന​ലെ​യു​ണ്ടാ​യി​രു​ന്ന ക്ലൗ​ഡ് ക​മ്പ​നി നാ​ളെ ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല. ക​മ്പ​നി അ​ട​ച്ചു​പൂട്ടു​ന്ന​തി​ലൂ​ടെ​യോ സെ​ർ​വ​റു​ക​ൾ പ​ണി​മു​ട​ക്കു​ന്ന​തി​ലൂ​ടെ​യോ ന​മ്മു​ടെ ഡാ​റ്റ​ക​ൾ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

നി​ശ്ചി​ത​മാ​യ ഒ​രു ഫോ​ർ​മാ​റ്റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഡാ​റ്റ തു​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സോ​ഫ്റ്റ്‌​വേ​ർ നാ​ളെ ഇ​ല്ലാ​താ​യാ​ൽ? ഫ​യ​ൽ തു​റ​ക്കാ​ൻ ക​ഴി​യാ​തെ വ​രാം.

അ​ട​ച്ചു​പൂ​ട്ടി​യ സി​റ്റി​ക​ൾ

ഓ​ർ​ക്കൂ​ട്ട്, ഫേസ്‌ബു​ക്ക് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​രു​ന്ന​തി​തി​നു മു​മ്പ് 1990ക​ളി​ൽ ആ​ളു​ക​ൾ​ക്ക് വെ​ബ്സൈ​റ്റു​ക​ൾ നി​ർ​മി​ക്കാ​നും പേരെടുക്കാ​നും സാ​ധി​ക്കു​ന്ന പ്ലാറ്റ്‌ഫോ​മാ​യി​രു​ന്നു യാ​ഹൂ ജി​യോ​സി​റ്റീ​സ്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഈ ​സേ​വ​നം ഉ​പ​യോ​ഗി​ച്ച് വെ​ബ് പേ​ജു​ക​ളും വെ​ബ് സൈ​റ്റു​ക​ളും നി​ർ​മി​ച്ചു. 2009ൽ ​ജി​യോ​സി​റ്റീ​സ് അ​ട​ച്ചു​പൂ​ട്ടി​യ​പ്പോ​ൾ കൂ​ടെ​പ്പോ​യ​ത് കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ വെ​ബ് പേ​ജു​ക​ളും ഫോ​ട്ടോ​ക​ളു​മാ​യി​രു​ന്നു.

പ​ല​തും എ​ന്നെ​ന്നേക്കുമാ​യി ന​ഷ്ട​പ്പെ​ട്ടു. പി​ന്നീ​ട് വ​ന്നുപോ​യ ഓ​ർ​ക്കുട്ടി​ന്‍റെ​ കൂ​ടെ​യും കു​റേ ഡാ​റ്റ​ക​ൾ ന​ഷ്ട​പ്പെ​ട്ടു. ഓ​ർ​ക്കുട്ട് അ​ട​ച്ചുപൂ​ട്ടു​ന്ന​തി​നു​മു​മ്പു​ത​ന്നെ അ​തി​ലെ വി​വ​ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്കാ​നു​ള്ള സാ​വ​കാ​ശം ക​മ്പ​നി ന​ൽ​കി​യി​രു​ന്നു.

 

K-Rail Survey

നി​ങ്ങ​ൾ അ​റി​യു​ന്നു​ണ്ടോ?

ഇ​ന്‍റ​ർ​നെ​റ്റി​ൽ ഓ​രോ നി​മി​ഷ​വും എ​ത്ര​യ​ധി​കം ഡാ​റ്റ​ക​ളാ​ണ് വ​ന്നുചേ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​ഒ​ഴു​ക്കി​നി​ട​യി​ൽ പ​ഴ​യ ഡാ​റ്റ​ക​ൾ ആ​രു​മ​റി​യാ​തെ നീ​ക്കാം, മാ​റ്റ​ങ്ങ​ൾ വ​രു​ത്താം. ഇ​ന്നു​ക​ളെ നാ​ളെ എ​പ്ര​കാ​രം ഓ​ർ​മി​ക്ക​ണമെന്ന്‌ ഡി​സൈ​ൻ ചെ​യ്യാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് സാ​ധി​ക്കും. അ​തി​നു​വേ​ണ്ട​ത് അ​തി​സൂ​ക്ഷ്മ​മാ​യ അ​ൽ​ഗോ​രി​ത​മി​ക് എ​ഡി​റ്റിം​ഗാ​ണ്.

പ​ണ്ടു ത​രം​ഗ​മാ​യ രാ​ഷ്‌​ട്രീ​യ സ്വ​ഭാ​വ​മു​ള്ള വീ​ഡി​യോ​ക​ൾ തെ​ര​ഞ്ഞു​നോ​ക്കൂ. പ​ല​തി​ന്‍റെ​യും യഥാര്‍ഥ രൂ​പ​ങ്ങ​ൾ നെ​റ്റി​ൽ​നി​ന്ന് മ​റ​ഞ്ഞു​പോ​യി​ട്ടു​ണ്ടാ​വാം.

ഒ​രു ഉ​ദാ​ഹ​ര​ണം നോ​ക്കൂ. മു​ഹ​മ്മ​ദ് ബൂ​വാ​സി​സി എ​ന്ന യു​വാ​വ് തെ​രു​വി​ലി​റ​ങ്ങി സ്വ​യം തീ​കൊ​ളു​ത്തി മ​രി​ക്കു​ന്ന സം​ഭ​വ​ത്തോ​ടെ​യാ​ണ് ടുണീഷ്യ​യി​ൽ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​ത്. ഈ ​തീ​കൊ​ളു​ത്ത​ലി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന്‍റെ ക്രൂ​ര​മാ​യ മ​ർ​ദ​ന​ങ്ങ​ളും അ​ന്ന് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. പ്ര​സ്തു​ത വീ​ഡി​യോ പൂ​ർ​ണ​മാ​യി ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു. ബീ​ജിം​ഗി​ലെ ടി​യാ​ൻ​മെ​ൻ സ്ക്വ​യ​റി​ലെ പ​ട്ടാ​ള ഭീ​ക​ര​ത വെ​ളി​പ്പെ​ടു​ത്തി വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് ദൃ​ശ്യ​ങ്ങ​ൾ എ​വി​ടെ?

നീ​ത​ന്നെ ജീ​വി​തം നീത​ന്നെ മ​ര​ണ​വും

ഡി​ജി​റ്റ​ൽ ​ലോ​ക​ത്ത് ഇ​റോ​സും താ​ന​ത്തോ​സും- ജീ​വി​ത, മ​ര​ണാ​സ​ക്തി​ക​ൾ - ര​ണ്ട​ല്ല. എ​വി​ടെ​യാ​ണോ ഡാ​റ്റ അ​ന​ശ്വ​ര​മാ​ണെ​ന്നു ക​രു​തി സം​ര​ക്ഷി​ക്കു​ന്ന​ത് അ​വി​ട​ത്ത​ന്നെ അ​തി​നെ ന​ശി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​തക​ൾ പ​തി​യി​രി​പ്പു​ണ്ട്. ഈ ​സാ​ങ്കേ​തി​ക രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പാ​യി​രു​ന്നു വി​ന്‍റ് സെ​ർ​ഫി​ന്‍റെ ഡി​ജി​റ്റ​ൽ അ​മ്നേ​ഷ്യ.

ജി​പ്സി​ക​ൾ മ​രു​ന്നു​മാ​യി വ​രും

മെ​ൽ​കി​യാ​ദാ​സ് എ​ന്ന ജിപ്സി വ​ർ​ഷ​ങ്ങ​ൾ​ക്ക്ശേ​ഷം മ​റ​വി ബാ​ധി​ച്ച മക്കോണ്ടോയിലേ​ക്ക് തി​രി​ച്ചുവ​രു​ന്നു. ആ​രും അ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല.​ആ ഗ്രാ​മ​ത്തെ ഓ​ർ​മ​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള മ​രു​ന്ന് അ​യാ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നു. അ​തു കു​ടി​ച്ച​പ്പോ​ൾ ഗ്രാ​മ​ത്തി​ന് പ​ഴ​യ ഓ​ർ​മ​ക​ൾ തി​രി​ച്ചു​കി​ട്ടി.

(ച​ങ്ങ​നാ​ശേ​രി എ​സ്ബി ഒ​ട്ടോ​ണ​മ​സ് കോ​ള​ജി​ൽ മാ​ന​വി​ക വി​ഷ​യ​ങ്ങ​ളു​ടെ ഡീ​നാ​ണ് ലേ​ഖ​ക​ൻ)

Tags : Data Internet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up