സമുദ്രദിനത്തില് മുഖ്യമന്ത്രി എഴുതിയ ‘പുതുയുഗ കേരളത്തിന് സമുദ്ര സമ്പദ് വ്യവസ്ഥ’ എന്ന ലേഖനം തീരമേഖലയിൽ സമ്മിശ്ര വികാരങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. നമ്മുടെ കടലും തീരവും നല്കുന്ന അനന്തമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള നിര്‍ദേശം നല്ലതുതന്നെ. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കാര്യം ഒന്നുമേ അതില്‍ സൂചിപ്പിച്ചിട്ടില്ല.
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് കടലും തീരവും മീന്‍പിടിത്തവുമാണ് ജീവനും ജീവിതവും.
കടലിലൂടെയുള്ള ചരക്കുനീക്കവും ക്രൂസ് ഷിപ്പിംഗുമെല്ലാം മത്സ്യ ബന്ധനത്തെ എങ്ങനെ ബാധിക്കുമെന്നത് ആകുലത ഉയര്‍ത്തുന്നുണ്ട്.
കടലിലെ സുരക്ഷ അപകടത്തിലാകുമോ, പുതിയ പദ്ധതികളില്‍ തീരവാസികള്‍ക്കുള്ള സാധ്യതകള്‍ എത്രമാത്രം എന്നിവയെല്ലാം ഗൗരവമായ പഠനത്തിനു വിഷയമാക്കണം.
മീന്‍പിടിത്തക്കാരുടെ വരുമാനസാധ്യതയും സുരക്ഷയുമൊക്കെ ഉറപ്പു വരുത്തേണ്ടതുണ്ട്. മാത്രമല്ല, മീന്‍പിടിത്തക്കാര്‍ തീരത്തുനിന്നു പുറംതള്ളപ്പെടുമോ എന്ന ആശങ്കയും ഇല്ലാതില്ല. കടല്‍ ഞങ്ങളുടെ അമ്മയാണ് എന്ന് തീരവാസികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.
പാരമ്പര്യ മീന്‍പിടിത്തക്കാരുടെ കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ ഒരു സമൂഹം മുഴുവന്‍ പ്രതിസന്ധിയിലാകും, തീരത്തു കലാപമുണ്ടാകും. അതുണ്ടാവാതിരിക്കാന്‍ കരുതലും ജാഗ്രതയും ഉണ്ടാകേണ്ടിയിരിക്കുന്നു.
ഫാ. സേവ്യര്‍ കുടിയാംശേരി
ആലപ്പുഴ രൂപത പിആര്‍ഒ,
രാഷ്ട്രീയകാര്യ സമിതി
ചെയർമാൻ
Tags :