പിഎസ്സി പോലുള്ള മത്സര പരീക്ഷകള്‍ ഓരോ ഉദ്യോഗാര്‍ഥിയുടെയും ജീവിതപ്രതീക്ഷകളാണ്. എന്നാല്‍, അത്തരം പരീക്ഷകള്‍ എഴുതാന്‍ ദൂരസ്ഥലങ്ങളില്‍നിന്നു കൈക്കുഞ്ഞുങ്ങളുമായി വരുന്ന ഉദ്യോഗാര്‍ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അധികൃതര്‍ ശ്രദ്ധിക്കാതെ പോകുന്നത് സങ്കടകരമാണ്.
കൈക്കുഞ്ഞുങ്ങളുമായി പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്ന ഉദ്യോഗാര്‍ഥികളുടെ കൂടെയുള്ളവരെ പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റനപ്പുറം പ്രവേശിപ്പിക്കാതിരിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദമാണ് ഉദ്യോഗാര്‍ഥികളില്‍ സൃഷ്ടിക്കുന്നത്.
ബസിലും ട്രെയിനിലും ദീര്‍ഘയാത്ര കഴിഞ്ഞ് ചൂടിലും മഴയിലും കുഞ്ഞുങ്ങളെയും പിടിച്ച് പുറത്ത് നില്ക്കുന്ന രക്ഷാകര്‍ത്തക്കളെയും കുട്ടികളെയും ഓര്‍ത്ത് വ്യാകുലപ്പെട്ടാണ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റിന് പുറത്ത് തടഞ്ഞു നിര്‍ത്തുന്നത് തീര്‍ത്തും മനുഷ്യത്വരഹിതമാണ്.
ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. പക്ഷേ അവ പിഞ്ചുകുഞ്ഞുങ്ങളെയും മുതിര്‍ന്ന പൗരന്മാരെയും ബുദ്ധിമുട്ടിച്ചാകരുത്. കുഞ്ഞുങ്ങളോടുകൂടി വരുന്നവര്‍ക്കും അവരുടെ രക്ഷാകര്‍ത്താകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പരീക്ഷാകേന്ദ്രത്തില്‍ കാത്തിരിപ്പു സൗകര്യങ്ങള്‍ ഒരുക്കണം. സര്‍ക്കാരുകളും ബന്ധപ്പെട്ട അധികാരികളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എ.സി. വിനീത് കുമാര്‍ ആനാംപറമ്പില്‍ വീട്, മണ്ണുത്തി
Tags :