Letters
ഭക്ഷ്യപാക്കറ്റുകളിൽ വില, നിർമാണ തീയതി, കാലാവധി എന്നിവ വ്യക്തമായി രേഖപ്പെടുത്താത്തതും അവ്യക്തമായി നൽകുന്നതും ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനു തുല്യമാണ്. ഇത്തരം നിയമലംഘനം നടത്തുന്ന നിർമാതാക്കൾക്കും വിതരണക്കാർക്കുമെതിരേ നിയമ നടപടികൾ സ്വീകരിക്കണം. ലൈസൻസ് റദ്ദാക്കലും പിഴയും ഉൾപ്പടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യവകുപ്പ് അടിയന്തരമായി ഇടപെടണം.
-റോയ് വർഗീസ് ഇലവുങ്കൽ,മുണ്ടിയപ്പള്ളി
Letters
വോട്ടേഴ്സ് ലിസ്റ്റ് തിരുത്തലും ഇപിഎഫ് സേവനങ്ങളുമെല്ലാം കേന്ദ്രീകൃത ഐടി സംവിധാനത്തിലേക്ക് മാറിയതോടെ സാധാരണക്കാർ ദുരിതത്തിലാണ്. പ്രാദേശിക പ്രശ്നങ്ങൾക്ക് തീർപ്പുണ്ടാക്കാൻ ദില്ലിയിലെ സെർവറുകളെ കാത്തിരിക്കേണ്ടി വരുന്നതിനാൽ റീജിയണൽ ഉദ്യോഗസ്ഥർ നിസഹായരാവുന്നു.
വ്യക്തമായ കാരണമില്ലാതെ പിഎഫ് അപേക്ഷ തള്ളിയപ്പോൾ കോഴിക്കോട് ഓഫിസിൽ നിന്നും മറുപടി കിട്ടാതെ കേന്ദ്ര തീരുമാനത്തിനായി രണ്ടുമാസം കാത്തിരിക്കേണ്ടി വന്ന അനുഭവം എനിക്കുമുണ്ട്. എഐ യുഗത്തിലും സേവനങ്ങൾക്കായി ജനങ്ങൾ വേഴാമ്പലിനെപ്പോലെ കാത്തിരിക്കേണ്ടി വരുന്നത് കഷ്ടമാണ്. പരാതികൾ പ്രാദേശികമായിത്തന്നെ പരിഹരിക്കാൻ റീജിയണൽ തലത്തിൽ ഐടി സംവിധാനം പുനഃസ്ഥാപിക്കണം.
-ആർ. രാധാകൃഷ്ണൻ പാലക്കാട്
Letters
നെടുന്പാശേരിയിലെ മിനികൂപ്പർ അപകടം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണ്.നിസാമിന് ജയിലറ കിട്ടിയത്, പത്രമാധ്യമങ്ങളുടെ, ജനങ്ങളുടെ ഒരു നോക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ ഉണ്ടായിരുന്നതിനാലാണ്.പാവങ്ങൾക്ക് ഇവിടെ നീതി കിട്ടാൻ ഇവിടെയും അത് ആവശ്യമാണ്.
കടുത്ത ശിക്ഷ ഈ കാര്യത്തിൽ ആഭ്യന്തര മന്ത്രി ഉറപ്പാക്കും എന്നു പറയുന്നുണ്ടങ്കിലും ആദ്യപടിയായ എഫ്ഐ ആറിൽ ലഹരി ഉപയോഗിച്ച് വണ്ടി ഓടിച്ച ആളിന്റെ പേരില്ലെന്നത് ദുരൂഹത ഉണ്ടാക്കുന്നു. ഈ സർക്കാറിന്റെ നിയന്ത്രണത്തിലുള്ള പോലീസിന് ഒരു പഴുതടച്ച എഫ് ഐ ആർ പോലും ഇടാൻ അറിയില്ലേ എന്ന ചോദ്യം ഇവിടെ ഉദിക്കുന്നു. എഫ് ഐ ആർ അറിയില്ലങ്കിൽ എന്ത് പോലീസ്?
കാവല്ലര് ഗംഗാധരൻ, ഇരിങ്ങാലക്കുട.
Letters
ലോക കാലാവസ്ഥാ സംഘടനകൾ 2026-27ൽ സൂപ്പർ എൽ നിനോയ്ക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കാലവർഷം ദുർബലമാകുകയും വരും വേനൽ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയും ചെയ്യുമെന്നാണു സൂചന.
ഈ സാഹചര്യത്തിൽ നമുക്ക് ലഭിക്കുന്ന തുലാവർഷം ജീവന്റെ തുള്ളികളാണ്. ആ മഴവെള്ളം മുഴുവൻ റോഡിലൂടെ ഒഴുകി കടലിൽ എത്തിയാൽ, ജനുവരി മുതൽ കേരളത്തിലെ കിണറുകൾ വറ്റും.
ഓരോ തുള്ളി മഴവെള്ളവും പിടിച്ചുനിർത്തിയാൽ മാത്രമേ വരുന്ന വരൾച്ചയെ നമുക്ക് അതിജീവിക്കാൻ കഴിയൂ. തുലാമഴ ഒഴുക്കിവിടുന്നത് സ്വർണം കടലിൽ എറിയുന്നതിന് തുല്യമാണ്. മഴക്കുഴി നിർമാണം, മഴവെള്ള സംഭരണം, പറന്പിൽ പുതയിടൽ തുടങ്ങിയ ലളിതമായ മാർഗങ്ങളിലൂടെ നമുക്ക് ഈ വെള്ളം മണ്ണിൽ തന്നെ സംഭരിക്കാം.
-ജോജി ജിയോ ജോസ്, ഓലിക്കര മാമ്മൂട്, കോട്ടയം
Letters
വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ (എസ്ഐആർ) പേരിൽ ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം റദ്ദാക്കപ്പെടുന്നത് കടുത്ത ജനാധിപത്യ നിഷേധമാണ്.
പലയിടങ്ങളിലായി ജോലി ചെയ്തു വിരമിച്ച നികുതിദായകർക്കും കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർക്കും ഇന്ന് വോട്ടില്ലാത്ത അവസ്ഥയാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ. സുധാംശു ചതുർവേദിയെപ്പോലുള്ള പ്രമുഖർ പോലും വോട്ടർ പട്ടികയ്ക്ക് പുറത്തായത് സംവിധാനത്തിന്റെ ഗുരുതര വീഴ്ചയാണ് വ്യക്തമാക്കുന്നത്.
ഇതിന് പരിഹാരമായി പരാതികൾക്കായി പ്രത്യേക ഗ്രീവൻസ് പോർട്ടൽ ആരംഭിച്ച് അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കണം. ആധാർ ഉൾപ്പടെയുള്ള ആവശ്യമായ തിരിച്ചറിയൽ രേഖകൾ അപ്ലോഡ് ചെയ്ത്, അതത് ജില്ലാ കളക്ടർമാരുടെയോ ഉത്തരവാദപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയോ മേൽനോട്ടത്തിൽ പരിശോധന നടത്തി സ്ഥിരം പരിഹാരം കാണാൻ തെരഞ്ഞെടുപ്പ് കമ്മിഷനും കോടതികളും ഇടപെടണം.
വിശ്വാസ്യതയുള്ള ഒരു ജനാധിപത്യ സംവിധാനത്തിൽ അർഹനായ ഒരു വോട്ടറുടെയും അവകാശം സാങ്കേതിക കാരണങ്ങളാൽ നിഷേധിക്കപ്പെടാൻ പാടില്ല.
-ആർ. രാധാകൃഷ്ണൻ പാലക്കാട്
Letters
നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വിലവർധനയുടെ പേരിൽ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലും ഭക്ഷണത്തിന് വില കുത്തനേ കൂട്ടി. എന്നാൽ, പാചകവാതക വില കുറഞ്ഞിട്ടും കൂട്ടിയ ഭക്ഷണവില കുറച്ചിട്ടില്ല. 80 രൂപയായിരുന്ന ഊണിന് 150 രൂപ വരെ.
പഞ്ചസാര വിലയുടെ പേരിൽ ചായയ്ക്കും കാപ്പിക്കും ശീതളപാനീയങ്ങൾക്കും വൻ വിലക്കയറ്റവും. വിത്തൗട്ട് ചായയ്ക്കും കാപ്പിക്കും ശീതളപാനീയങ്ങൾക്കും വിലയിൽ കുറവില്ല. ഇത് അനീതിയാണ്. ഇക്കാര്യത്തിൽ ഭക്ഷ്യ വകുപ്പ് ഇടപെട്ട് ആവശ്യമായ ഉത്തരവുകൾ ഇറക്കണം. നടപടി സ്വീകരിക്കണം.
-റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി
Letters
സംസ്ഥാനത്ത് ഒട്ടേറെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരികയാണല്ലോ. എന്നാൽ, പ്രാദേശികമായ ഭൂമിശാസ്ത്ര പ്രത്യേകതകളോ സ്വാഭാവിക നീരൊഴുക്കോ കണക്കിലെടുക്കാതെ വളരെ അശാസ്ത്രീയമായാണ് പലയിടത്തും പണികൾ പുരോഗമിക്കുന്നത്. നീർച്ചാലുകളുടെ ഗതിയും വ്യാപ്തിയും മനസിലാക്കാതെയുള്ള ഓടകളു
ടെയും കലുങ്കുകളുടെയും നിർമാണം മഴക്കാലത്ത് വലിയ വെള്ളക്കെട്ടിന് ഇടയാക്കും. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ ആവശ്യാനുസരണം ഉയർത്തി നിർമിച്ചില്ലെങ്കിൽ, വെള്ളക്കെട്ടു മൂലം നിർമാണം കഴിഞ്ഞ് ചുരുങ്ങിയ നാളുകൾക്കകംതന്നെ റോഡ് തകരുന്ന സ്ഥിതിയുണ്ടാകും.
പ്രദേശവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ട്, സമഗ്രമായ പഠനത്തിന് ശേഷം മാത്രമേ റോഡുകളുടെ ഡിപിആർ തയാറാക്കാവൂ. അശാസ്ത്രീയ നിർമാണം മൂലം സർക്കാർ ഖജനാവിനുണ്ടാകുന്ന നഷ്ടം ചെറുതല്ല. വൻതുക മുടക്കി നിർമിക്കുന്ന ഇത്തരം റോഡുകൾ കുറഞ്ഞത് 25 വർഷമെങ്കിലും ഈടുനിൽക്കത്തക്ക വിധം ഗുണനിലവാരമുള്ളതായിരിക്കണം. പദ്ധതിരേഖ ജനങ്ങൾക്ക് പരിശോധിക്കാൻ അവസരമൊരുക്കുകയും വേണം.
ഗ്രാമീണ റോഡുകളുടെ നിർമാണത്തിൽ ശാസ്ത്രീയ സമീപനവും സുതാര്യതയും ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത്മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണം.
-റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി
Letters
റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ഗവ. ആശുപത്രികൾ എന്നിവിടങ്ങളിലെ പാർക്കിംഗ് ഏരിയകളിൽ സോളാർ പാനൽ സ്ഥാപിക്കണം. ഇതുവഴി വാഹനങ്ങൾക്ക് തണലും സർക്കാരിന് സൗജന്യ വൈദ്യുതിയും ലഭിക്കും.
-ജോജി ജിയോ ജോസ്, ഓലിക്കര മാമ്മൂട്
Letters
കുറച്ചു ദിവസം മുന്‍പ് പങ്കെടുത്ത ഒരു സെമിനാറിൽ ശ്രദ്ധയിൽപ്പെട്ട ഒരു ആശയം വയോജനങ്ങളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റം വരണം എന്നതാണ്. ഇന്ന് മാധ്യമങ്ങളിൽ വാർത്തകൾ വായിക്കുമ്പോൾ പലപ്പോഴും ഇങ്ങനെ കാണാം: “പ്രഭാതസവാരിക്കിറങ്ങിയ വയോധികൻ വാഹനമിടിച്ചു മരിച്ചു.” വാർത്ത വായിച്ചുതുടങ്ങിയാൽ പ്രായം - 58, 60, 62 വയസ്! ഇവിടെ നമ്മൾ ഒന്ന് ചിന്തിക്കേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് 60 വയസ് പിന്നിട്ട ഒരാളെ ഉടൻതന്നെ ‘വയോധികൻ’ എന്ന് വിശേഷിപ്പിക്കുന്നത് ശരിയായ സമീപനമാണോ? പണ്ടത്തെ ജീവിതസാഹചര്യങ്ങളുമായി ഇന്നത്തെ ജീവിതസാഹചര്യങ്ങളെ താരതമ്യം ചെയ്യാൻ കഴിയില്ല.
ഇന്ന് 60-ഉം 70-ഉം വയസിലും ആരോഗ്യത്തോടെ സജീവമായി ജോലി ചെയ്യുകയും സമൂഹത്തിൽ ഇടപെടുകയും യാത്ര ചെയ്യുകയും പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്ന അനേകം ആളുകളുണ്ട്. വാർധക്യം എന്നത് ജീവിതത്തിന്റെ അവസാനഘട്ടം എന്ന രീതിയിൽ മാത്രം കാണേണ്ട കാലമല്ല. അനുഭവവും അറിവും സാമൂഹിക ഇടപെടലുകളും നിറഞ്ഞ ഒരു ജീവിതഘട്ടമാണ് അത്. ‘വയോധികൻ’, ‘വയോധിക’ എന്നീ പദങ്ങൾ ആവശ്യമായ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുകയും, പ്രായത്തെ മുൻനിർത്തിയുള്ള പൊതുവായ വിശേഷണങ്ങൾക്കു പകരം കൂടുതൽ മാന്യവും പോസിറ്റീവുമായ പദങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ ആലോചിക്കുകയും വേണം.
ഒരു മനുഷ്യന്റെ പ്രായം അദ്ദേഹത്തിന്റെ വ്യക്തിത്വമല്ല. പ്രായം ഒരു സംഖ്യ മാത്രമാണ്; ജീവിതത്തിലെ സജീവതയ്ക്കും കഴിവിനും അതിരല്ല. വയോജനങ്ങളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്താൻ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. ആ മാറ്റത്തിന് തുടക്കം മാധ്യമങ്ങളുടെ ഭാഷയിൽനിന്നുതന്നെ ഉണ്ടാകട്ടെ.
- ജെയിംസ് മുട്ടിക്കൽ, തൃശൂർ
Letters
നമ്മുടെ രാജ്യം ഒരുവശത്ത് വരള്‍ച്ചയുടെയും മറ്റൊരു വശത്ത് ശക്തമായ മഴയുടെയും ആശങ്കാജനകമായ ഒരു ചക്രത്തെ അഭിമുഖീകരിക്കുകയാണ്.
വരള്‍ച്ച ഭൂഗര്‍ഭജലം കുറയ്ക്കുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്യുമ്പോള്‍, പെട്ടെന്നുള്ള കനത്ത മഴ വെള്ളപ്പൊക്കത്തിനും മണ്ണൊലിപ്പിനും വിലയേറിയ ജലം ഒഴുകി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. പ്രതിസന്ധിഘട്ടത്തിലെ പരിഹാരത്തില്‍നിന്ന് വര്‍ഷം മുഴുവനുമുള്ള ജല പരിപാലനത്തിലേക്ക് നാം മാറേണ്ടതുണ്ട്.
മണ്‍സൂണിനെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയില്ല. പക്ഷേ അതിന്റെ അതിരുകടന്ന അവസ്ഥകള്‍ക്കായി എങ്ങനെ തയാറെടുക്കണമെന്ന് നമുക്ക് നിയന്ത്രിക്കാനാകും. ഓരോ തുള്ളി മഴയും സംരക്ഷിക്കേണ്ട ഒരു വിഭവമായി കാണണം, വെറുമൊരു അപകടമായി കൈകാര്യം ചെയ്യേണ്ട ഒന്നായിട്ടല്ല.
ആര്. ജിഷി കൊട്ടിയം, കൊല്ലം
Letters
കേരളത്തിലെ മിക്ക റോഡുകളുടെയും ഇരുവശങ്ങളിലും കാടുകളും കുറ്റിച്ചെടികളും റോഡിലേക്ക് വളര്‍ന്ന് വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഇരുചക്രവാഹന യാത്രക്കാരും കാല്‍നടയാത്രക്കാരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
കാഴ്ച മറഞ്ഞുണ്ടാകുന്ന ചെറിയൊരു പിഴവ് പോലും ഗുരുതരമായ അപകടത്തിനും വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്നതിനും കാരണമാകാം.
റോഡരികിലെ കാടുകളും കുറ്റിച്ചെടികളും കൃത്യമായ ഇടവേളകളില്‍ വെട്ടിത്തെളിക്കുന്നതിന് സ്ഥിരമായ സംവിധാനം ഉണ്ടാകണം. തൊഴിലുറപ്പ് പദ്ധതിയിലൂടെയോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനം നടത്താവുന്നതാണ്.
മഴക്കാലത്തിന് മുമ്പും അതിനുശേഷവും മാത്രമല്ല, വര്‍ഷം മുഴുവന്‍ ആവശ്യാനുസരണം റോഡരികുകള്‍ വൃത്തിയാക്കുകയും കാഴ്ച മറയ്ക്കുന്ന സസ്യങ്ങള്‍ നീക്കം ചെയ്യുകയും വേണം. ഇത് റോഡിന്റെ ഭംഗിക്കുവേണ്ടി മാത്രമല്ല, മനുഷ്യജീവന് സംരക്ഷിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
സെബാസ്റ്റ്യന്‍ കൊച്ചുപറമ്പില്‍ ലബ്ബക്കട, ഇടുക്കി
Letters
സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ റബര്‍ ബോര്‍ഡ് നോക്കുകുത്തിയാകുന്നു. ഉത്പാദനം വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ സ്വാഭാവികമായും റബറിനു 300 രൂപയ്ക്കു മുകളില്‍ വില ലഭിക്കേണ്ടതാണ്. എന്നാല്‍, വിപണിയില്‍ അതിന് ആനുപാതികമായ വിലവര്‍ധന ഉണ്ടാകുന്നില്ല. വന്‍കിട ടയര്‍ കമ്പനികളും ഡീലര്‍മാരും റബർ ബോര്‍ഡ് ഉദ്യോസ്ഥരും ചേര്‍ന്നു വില മനഃപൂര്‍വം ഇടിച്ചുതാഴ്ത്തുകയാണെന്ന ഗുരുതരമായ ആരോപണമാണ് കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നത്.
ഉത്പാദനച്ചെലവിന് ആനുപാതികമായി റബറിന് ന്യായമായ വില ലഭിക്കാത്തത് കര്‍ഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. അനിയന്ത്രിതമായ ഇറക്കുമതി മൂലം വിദേശരാജ്യങ്ങളില്‍നിന്നു കുറഞ്ഞ തീരുവയില്‍ റബര്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത് പ്രാദേശിക വിപണിയിലെ വിലയെ പ്രതികൂലമായി ബാധിക്കുന്നു. അസമയത്തുണ്ടാകുന്ന മഴ, കടുത്ത വേനല്‍, ഇലകൊഴിച്ചില്‍ രോഗങ്ങള്‍ എന്നിവ ഉത്പാദനക്ഷമത ഗണ്യമായി കുറയ്ക്കുന്നു. പ്രഫഷണല്‍ ടാപ്പിംഗ് തൊഴിലാളികളുടെ കുറവും ഉയര്‍ന്ന കൂലിയും തോട്ടങ്ങള്‍ ഉപേക്ഷിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്നു. കൂടാതെ, സിന്തറ്റിക് റബറിന്റെ ഉപയോഗം മൂലം പെട്രോകെമിക്കല്‍ ഉത്പന്നമായ സിന്തറ്റിക് റബറിന്റെ ഉപയോഗം വ്യാവസായിക മേഖലയില്‍ കൂടിയത് സ്വാഭാവിക റബറിന്റെ ആവശ്യകത കുറച്ചു.
റബര്‍ കര്‍ഷകര്‍ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ റബര്‍ ബോര്‍ഡ് അടിയന്തരമായി സ്വീകരിക്കേണ്ട ചില നിർദേശങ്ങൾ താഴെ കൊടുക്കുന്നു.
● വിലസ്ഥിരതാ പദ്ധതി ശക്തിപ്പെടുത്തുക.
● തറവില കാലാനുസൃതമായി പുതുക്കുകയും സബ്സിഡി തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു വൈകാതെ നേരിട്ടെത്തിക്കുകയും ചെയ്യുക.
● വിവിധ സബ്സിഡി തുക വര്‍ധിപ്പിക്കുകയും ഉപകരണങ്ങൾ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുകയും ചെയ്യുക.
● ഇറക്കുമതി നിയന്ത്രണം കൊണ്ടുവരിക.
● വിപണന ശൃംഖല വിപുലീകരിക്കുക
- ജോജി ഇടക്കുന്നില്‍, പത്തനംതിട്ട. (കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി )
Letters
ഹയർ പെൻഷൻ കേസ് വിധിയെ തെറ്റായി വ്യാഖ്യാനിക്കുകയും, കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുന്ന രീതിയിൽ വയോജനങ്ങളെ ചതിക്കുന്ന നിയമവിരുദ്ധ സർക്കുലർ പുറപ്പെടുവിച്ച് ഒരു പെൻഷനറുടെ ശിഷ്ട ജീവിതകാലം മുഴുവൻ കോടതി വ്യവഹാരത്തിന് നിർബന്ധിക്കുകയും ചെയ്യുന്ന ക്രൂരത വാക്കുകൾക്കതീതമാണ്.
പെൻഷൻ ഫണ്ട് അമിതമായി കൂടിക്കിടക്കുന്ന വസ്തുതപോലും മറച്ചുവച്ച് മേൽകോടതിയിൽ അപ്പീലിനു പോകുന്ന ഉന്നതാധികാരികളെ കോടതിമുറിയിൽ ‘പൊരിക്കാൻ’ പറ്റിയ ന്യായാധിപന്മാരും നമുക്ക് ഇല്ലാതെപോയി.
പെൻഷൻ മൂലം അർഹമായ തുക വെട്ടിക്കുറയ്ക്കാൻ ഒരു വിഡ്ഢിക്കൂശ്മാണ്ഡ ഫോർമുല ഉണ്ടാക്കി എഴുപതും എൺപതും കഴിഞ്ഞ പെൻഷൻകാരെ കുരുതിക്കു കൊടുക്കുന്ന ഈ അധികാരികളിൽനിന്ന് പിഴത്തുക പിടിക്കാൻ കഴിയണം.
പഞ്ചാബ്/കൽക്കട്ട ഹൈക്കോടതികൾ പെൻഷൻകാർക്ക് അനുകൂലമായി വിധിച്ചെങ്കിലും അവയെ സുപ്രീംകോടതിയിൽ ഇപിഎഫ്ഒ എതിർക്കുന്ന കേസ് പോലും ലിസ്റ്റ് ചെയ്യുന്നത് ആറുമാസം കഴിഞ്ഞാണ്. ഇനി മുതൽ ലിസ്റ്റിംഗ് എങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പിലൂടെ ചെയ്യാനാകണം. എത്രപേരുടെ ജീവനോപാധിയെ ബാധിക്കുന്ന കേസാണ് എന്ന ഘടകത്തിനായിരിക്കണം പ്രാഥമിക പരിഗണന.
-ആർ. രാധാകൃഷ്ണൻ പാലക്കാട്
Letters
എസ്എസ്എൽസി പരീക്ഷയിൽ ഓരോ വിഷയത്തിനും 30 % മിനിമം മാർക്ക് വേണമെന്നുള്ള മുൻ സർക്കാരിന്റെ തീരുമാനം റദ്ദുചെയ്തത് ഈ സർക്കാർ പുനഃപരിശോധിക്കണം.
100 % വിജയം എന്നതിൽ അല്ല നാം അഭിമാനിക്കേണ്ടിയത്, മറിച്ച് കുട്ടികളുടെ പഠനനിലവാരം ഉയരുന്നതിലാണ്. കുട്ടികളെ തോൽപ്പിക്കരുത് എന്നത് ശരിയാണെങ്കിലും പഠിക്കാതെ അവരെ ജയിപ്പിക്കുന്നത് അവരെ ജീവിതത്തിൽ തോൽപ്പിക്കുന്നതിനു തുല്യമാണ്.
തോൽവി അവസാനമല്ല എന്ന് കുട്ടികൾ പഠിക്കണം, പഠിപ്പിക്കണം. കുട്ടികൾ തങ്ങളുടെ പോരായ്മ തിരിച്ചറിഞ്ഞു പഠിക്കണം. അതുകൊണ്ട് 30 % മിനിമം മാർക്ക് എന്നത് നിർബന്ധമാക്കണം. അത് കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനു വേണ്ടിയാണെന്ന് കുട്ടികളും മാതാപിതാക്കളും സമൂഹവും തിരിച്ചറിയണം.
- എ.വി. ജോർജ് (റിട്ട. ഹെഡ്മാസ്റ്റർ) എഴിക്കാത്ത്, തിരുവല്ല
Letters
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന ആശയം നടപ്പാക്കാൻ സർക്കാർ ആലോചന തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ, നടന്നില്ല. കുട്ടികൾ ദുരിതത്തിൽ തന്നെ. പ്രൈമറി സ്കൂൾ വിദ്യാർഥികൾ പുസ്തകത്തിന്റെ ഭാരവും താങ്ങി പോകുന്നതു കണ്ടാൽ ആർക്കാണ് ദയ തോന്നാത്തത്.
ബസിൽ വലിഞ്ഞുകയറുന്നത് തോളെല്ലിന് പിശകുണ്ടാക്കും. സ്ഥിരം ചാടിയിറങ്ങുന്നത് തണ്ടെല്ലിന് പരിക്കേല്പിക്കും. ചില രക്ഷിതാക്കൾ കുട്ടികളെ രാവിലെ ബസിൽ കയറ്റാനും വൈകിട്ട് ഇറക്കാനും പോകുന്നതായി കാണാറുണ്ട്.
സ്കൂളിൽ ലോക്കർ നൽകിയും പുസ്തകങ്ങൾ ഒന്ന് രണ്ട് മുന്ന് എന്നിങ്ങനെ സൗകര്യാനുസരണം വോള്യങ്ങളാക്കിയും സ്കൂളുകളിൽ ശുദ്ധജലം ലഭ്യമാക്കിയും ഇത് ഒരു പരിധിവരെ പരിഹരിക്കാവുന്നതേയുള്ളൂ.
-കാവല്ലുർ ഗംഗാധരൻ ഇരിങ്ങാലക്കുട
Letters
നമ്മുടെ നാട്ടിലെ റസ്റ്ററന്റുകളിലെ അനിയന്ത്രിതമായ ഭക്ഷണവില പകൽക്കൊള്ളയായി മാറിയിരിക്കുന്നു. ഈ ക്രൂരമായ ചൂഷണം ഇനിയും കണ്ടില്ലെന്നു നടിക്കാൻ സർക്കാരിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ കഴിയില്ല. ഈ അന്യായത്തിന് തടയിടാൻ ബാർ ഹോട്ടലുകളുടേതുപോലെ ശാസ്ത്രീയമായ സ്റ്റാർ/ഗ്രേഡിംഗ് സമ്പ്രദായം എല്ലാ ഭക്ഷണശാലകളിലും അടിയന്തരമായി നടപ്പിലാക്കണം.
അടുക്കളയുടെ ശുചിത്വം, ഭക്ഷണത്തിന്റെ ഗുണനിലവാരം, അന്തരീക്ഷം, എയർ കണ്ടീഷൻ ഉൾപ്പെടെയുള്ള ഭൗതിക സൗകര്യങ്ങൾ എന്നിവ കർശനമായി പരിശോധിച്ചുവേണം തദ്ദേശ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും ഗ്രേഡ് സർട്ടിഫിക്കറ്റുകൾ നൽകാൻ. ആ ഗ്രേഡിന് അനുസരിച്ചുള്ള ഭക്ഷണനിരക്ക് തദ്ദേശ ഭരണകൂടം നിശ്ചയിക്കുകയും വേണം.
ലഭിച്ച അംഗീകൃത ഗ്രേഡ് സർട്ടിഫിക്കറ്റും നിശ്ചയിക്കപ്പെട്ട വിലവിവരപ്പട്ടികയും ഹോട്ടലിന്റെ മുൻവശത്ത്, ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ നിർബന്ധമായും പ്രദർശിപ്പിക്കണം.
-ജോസ് ഈപ്പച്ചൻ, കുന്നപ്പള്ളി ഹൗസ്,
പെരുമ്പല്ലൂർ പി ഒ, പെരിങ്ങഴ
Letters
സംസ്ഥാനത്തെ നഗര-ഗ്രാമവീഥികളിൽ തെരുവുവിളക്കുകൾ പകൽസമയത്തും പ്രകാശിക്കുന്നത് പതിവു കാഴ്ചയാണ്. പ്രവർത്തനക്ഷമമല്ലാത്ത ടൈമറുകൾ കണ്ടെത്തി തകരാറുകൾ പരിഹരിച്ച് പകൽ തെരുവുവിളക്കുകൾ പ്രകാശിക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇക്കാര്യത്തിൽ കെഎസ്ഇബി കൂടുതൽ ജാഗ്രത പുലർത്തണം.
-റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി
Letters
രണ്ടു വർഷത്തിനിടെ യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് തുടങ്ങിയ രാസവളങ്ങളുടെ വില 35 ശതമാനത്തിലധികമാണ് വർധിച്ചത്. കൃഷി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഇതിനുള്ള പരിഹാരം നമ്മുടെ മുറ്റത്തു തന്നെയുണ്ട്, പ്രകൃതികൃഷി.
രാസവളം ഇല്ലാതെയും കൃഷി ചെയ്തു വിജയിക്കാം എന്ന് പ്രകൃതി കൃഷി തെളിയിക്കുന്നു. രാസവള സബ്സിഡിക്കു പകരം ഇന്ന് കർഷകനു വേണ്ടത് പ്രകൃതികൃഷി ചെയ്യാനുള്ള അറിവും പിന്തുണയുമാണ്.
എല്ലാ കൃഷിഭവനുകളിലും പ്രകൃതികൃഷിയിൽ, പ്രത്യേകിച്ച് ജീവാമൃതം, ബീജാമൃതം, ഘനജീവാമൃതം എന്നിവ ഉണ്ടാക്കുന്നതിൽ സൗജന്യ പരിശീലനം നൽകണം. തുടക്കത്തിൽ കർഷകർക്ക് ജീവാമൃതം സൗജന്യമായി നൽകി പ്രോത്സാഹിപ്പിക്കണം.
- ജോജി ജിയോ ജോസ് ഓലിക്കര. മാമ്മൂട്
Letters
മഴമൂലം താറുമാറായി കിടക്കുന്ന എംസി റോഡിൽ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുകയാണ്. കുഴിയുള്ള ഭാഗം നിലവിലെ റോഡ് നിരപ്പിൽനിന്ന് രണ്ടും മൂന്നും ഇഞ്ച് ഉയരത്തിൽ പല സ്ഥലങ്ങളിലായി ടാർ ചെയ്തിരിക്കുന്നു.
വാഹനങ്ങളുടെ നിയന്തണം നഷ്ടപ്പെടുന്നതരത്തിലാണ് ഇപ്പോഴത്തെ അവസ്ഥ. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.
കുഴിയുള്ള ഭാഗം ചതുരത്തിൽ മുറിച്ചുമാറ്റി അവിടെ നിലവിലെ റോഡിന്റെ സമാനരീതിയിൽ ചെയ്താൽ യാത്ര ഏറെ സുഖകരമായിരിക്കും.
- ഡോ. ചാർലി സെബാസ്റ്റ്യൻ പകലോമറ്റം
Letters
കടുത്ത വേനൽച്ചൂടിനൊപ്പം ജനജീവിതത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വൈദ്യുതി നിയന്ത്രണങ്ങൾ. ഉയർന്ന വൈദ്യുത ഉപഭോഗം മൂലം ഓരോ ദിവസവും ഏതാണ്ട് 900 മുതൽ 1200 മെഗാവാട്ട് വരെയുള്ള വലിയ തോതിലുള്ള വൈദ്യുതി ലഭ്യതക്കുറവാണ് അനുഭവപ്പെടുന്നത്.
ദേശീയതലത്തിലുള്ള കൽക്കരി ക്ഷാമവും കുറഞ്ഞ മഴലഭ്യത കാരണം ഡാമുകളിൽ ജലനിരപ്പ് താഴ്ന്നതുമാണ് ഈ പ്രതിസന്ധിക്കു കാരണമായി കെഎസ്ഇബി ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, മുൻകൂട്ടി കൃത്യമായ ആസൂത്രണം നടത്താതെ ജനങ്ങളെ പ്രതിസന്ധിയിലേക്കു തള്ളിവിട്ട അധികൃതരുടെ നടപടി പ്രതിഷേധാർഹമാണ്.
അപ്രഖ്യാപിത പവർകട്ടുകൾ കാരണം വിദ്യാർഥികളുടെ പഠനവും പ്രായമായവരുടെയും രോഗികളുടെയും ഉറക്കവും താറുമാറായി. താത്കാലികമായി പവർ എക്സ്ചേഞ്ചുകളിൽനിന്നു കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനു പകരം, ഭാവി മുൻകൂട്ടി കണ്ട് സൗരോർജ പദ്ധതികൾ വിപുലീകരിക്കാനും ദീർഘകാല കരാറുകൾ ഉറപ്പാക്കാനും സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
- മുഹമ്മദ് മുണ്ടക്കോട്
Letters
നാട്ടിൽ നടക്കുന്ന ഒരു പരിപാടിക്ക് അവതാരകയായി എത്തുമ്പോൾ ഇംഗ്ലീഷ് (മംഗ്ലീഷ്) സംസാരിക്കുന്നത് എന്തോ സംഭവമാണെന്ന് ധരിക്കുന്ന തലമുറ പണ്ടത്തേപ്പോലെതന്നെ ഇന്നുമുണ്ട്.
കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പരിപാടിയിൽ നമ്മുടെ ഉർവശിച്ചേച്ചി, ഇംഗ്ലീഷിൽ കസറിയ അവതാരകയോട് മലയാളത്തിൽ പറഞ്ഞാൽ മതിയായിരുന്നുവെന്ന് അഭിപ്രായപ്പെടുകയുണ്ടായി.
മലയാളികൾ മാത്രം പങ്കെടുക്കുന്ന ഒരു പരിപാടിയിൽ ഇംഗ്ലീഷിൽ സംസാരിക്കേണ്ട കാര്യമില്ല. ഭാഷ ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമാണ്. എല്ലാവർക്കും മനസിലാകുന്ന ഭാഷ സംസാരിക്കുന്നതാണ് ഉചിതം.
-ആർ. ജിഷി കൊട്ടിയം, കൊല്ലം
Letters
100 വർഷം കഴിഞ്ഞ മുല്ലപ്പെരിയാർ അണക്കെട്ട്, സിമന്റ് ചേർക്കാതെ കെട്ടിപ്പൊക്കിയതാണ്. ഇപ്പോഴും നല്ല ഉറപ്പാണ് എന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്.
വെള്ളം കൊണ്ടുപോകാനായി കേരളവും തമിഴ്നാടും തമ്മിലുള്ള കരാറിനെ പോലെ ഒന്ന് ലോകത്ത് എവിടെയും കേട്ടിട്ടില്ല. അണക്കെട്ടിന്റെ ശേഷി 142ൽനിന്ന് 152 അടി ആക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്. നേപ്പാൾ ദുരന്തം നാം കണ്ടു. ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ അതിലും എത്രയോ വേദനാജനകമായിരിക്കും?
- ടി.ടി. തോമസ് തടത്തിൽ, കാവിലംപാറ
Letters
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും അതുകൊണ്ട് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറക്കണമെന്നുമാണല്ലോ വൈദ്യുതി ബോർഡ് ജനങ്ങളെ ഉപദേശിക്കുന്നത്. ഉപദേശം എന്തായാലും കൊള്ളാം.
എന്നാൽ ബോർഡ് ഇങ്ങനെ ഉപദേശിക്കുമ്പോഴും ഗ്രാമീണ റോഡുകളിൽ തെരുവുവിളക്കുകൾ പകൽസമയത്തും പ്രകാശിക്കുന്നത് പതിവുകാഴ്ചയാണ്. തെരുവുവിളക്കുകൾ അണയ്ക്കാൻ സ്ഥാപിച്ചിട്ടുള്ള ടൈം-ബ്രേക്കർ പലയിടത്തും പ്രവർത്തനരഹിതമായതാണ് ഇതിനു കാരണം.
ഇതുപോലുള്ള തകരാറുകൾ പരിഹരിച്ചാൽതന്നെ വൈദ്യുതി പാഴാകുന്നത് ഒഴിവാക്കാൻ കഴിയും. ഇതിനൊന്നും കഴിയാത്ത വൈദ്യുതി ബോർഡാണ് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നു ജനങ്ങളെ ഉപദേശിക്കുന്നത്.
- കണ്ണോളി സുനിൽ, തേലപ്പിള്ളി
Letters
തൃശൂർ കയ്പമംഗലത്ത് ദേശീയപാതയിൽ അനധികൃതമായി നിർത്തിയിട്ടിരുന്ന ചരക്കുലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടു വിദ്യാർഥികൾ മരിച്ചപ്പോഴാണ് പൊതുമരാമത്ത് മന്ത്രി ഉണർന്നത്.
അമിതവേഗം, മോശം വെളിച്ചം അശാസ്ത്രീയ ട്രാഫിക് ക്രമീകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും പാത തുറന്നുകൊടുക്കുന്പോൾ റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും ദേശീയപാതാ അഥോറിറ്റിക്ക് അദ്ദേഹം നിർദ്ദേശം നൽകിയിരിക്കുന്നു.
മാത്രമല്ല ദേശീയ പാതയിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായതെന്നും ഇത്തരം അശാസ്ത്രീയ പാർക്കിംഗ് അനുവദിക്കരുതെന്നും പൊലിസിനു നിർദേശം നൽകിയിട്ടുണ്ട്.
ഇതിനുമുന്‍പ് ഇങ്ങനെയൊരു നിർദേശം നൽകിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. ദുരന്തം സംഭവിച്ചശേഷമേ ഭരണാധികാരികൾ ഉണരൂ. ഇനിയെങ്കിലും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ മുന്നൊരുക്കങ്ങൾ നടത്തുമോ അതോ അടുത്ത ദുരന്തത്തിനായി കാത്തിരിക്കുമോ?
കണ്ണോളി സുനിൽ, തേലപ്പിള്ളി
Letters
ഒരു എസി മെമു ട്രെയിൻ കേരളത്തിലെ ഓഫീസ് യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന സമയക്രമത്തിൽ എറണാകുളം-തിരുവനന്തപുരം റൂട്ടിൽ രാവിലെയും വൈകിട്ടും ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവർ താത്പര്യം കാണിച്ചാൽ നന്നായിരുന്നു.
നിലവിലെ വേണാട് എക്സ്പ്രസ് ഷൊർണൂരിൽ നിന്ന് ആരംഭിച്ച് എറണാകുളത്ത് എത്തുന്പോഴേക്കും യാത്രക്കാർ നിറഞ്ഞു സീറ്റുകൾ ലഭിക്കാത്ത അവസ്ഥയാണ്.
ഇതിന് പരിഹാരമായി എറണാകുളത്തു നിന്ന് ഓഫീസ് സമയത്ത് യാത്ര ചെയ്യുന്നവർക്കായി ഒരു ഐസിഎഫ് കോച്ച് പാസഞ്ചർ ട്രെയിൻ കൊല്ലം ഭാഗത്തേക്ക് ആരംഭിക്കേണ്ടത് അനിവാര്യതയാണ്.
സുനിൽ തോമസ്, റാന്നി