പ്രതീകാത്മക ചിത്രം
സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ റബര്‍ ബോര്‍ഡ് നോക്കുകുത്തിയാകുന്നു. ഉത്പാദനം വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ സ്വാഭാവികമായും റബറിനു 300 രൂപയ്ക്കു മുകളില്‍ വില ലഭിക്കേണ്ടതാണ്. എന്നാല്‍, വിപണിയില്‍ അതിന് ആനുപാതികമായ വിലവര്‍ധന ഉണ്ടാകുന്നില്ല. വന്‍കിട ടയര്‍ കമ്പനികളും ഡീലര്‍മാരും റബർ ബോര്‍ഡ് ഉദ്യോസ്ഥരും ചേര്‍ന്നു വില മനഃപൂര്‍വം ഇടിച്ചുതാഴ്ത്തുകയാണെന്ന ഗുരുതരമായ ആരോപണമാണ് കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നത്.
ഉത്പാദനച്ചെലവിന് ആനുപാതികമായി റബറിന് ന്യായമായ വില ലഭിക്കാത്തത് കര്‍ഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. അനിയന്ത്രിതമായ ഇറക്കുമതി മൂലം വിദേശരാജ്യങ്ങളില്‍നിന്നു കുറഞ്ഞ തീരുവയില്‍ റബര്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത് പ്രാദേശിക വിപണിയിലെ വിലയെ പ്രതികൂലമായി ബാധിക്കുന്നു. അസമയത്തുണ്ടാകുന്ന മഴ, കടുത്ത വേനല്‍, ഇലകൊഴിച്ചില്‍ രോഗങ്ങള്‍ എന്നിവ ഉത്പാദനക്ഷമത ഗണ്യമായി കുറയ്ക്കുന്നു. പ്രഫഷണല്‍ ടാപ്പിംഗ് തൊഴിലാളികളുടെ കുറവും ഉയര്‍ന്ന കൂലിയും തോട്ടങ്ങള്‍ ഉപേക്ഷിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്നു. കൂടാതെ, സിന്തറ്റിക് റബറിന്റെ ഉപയോഗം മൂലം പെട്രോകെമിക്കല്‍ ഉത്പന്നമായ സിന്തറ്റിക് റബറിന്റെ ഉപയോഗം വ്യാവസായിക മേഖലയില്‍ കൂടിയത് സ്വാഭാവിക റബറിന്റെ ആവശ്യകത കുറച്ചു.
റബര്‍ കര്‍ഷകര്‍ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ റബര്‍ ബോര്‍ഡ് അടിയന്തരമായി സ്വീകരിക്കേണ്ട ചില നിർദേശങ്ങൾ താഴെ കൊടുക്കുന്നു.
● വിലസ്ഥിരതാ പദ്ധതി ശക്തിപ്പെടുത്തുക.
● തറവില കാലാനുസൃതമായി പുതുക്കുകയും സബ്സിഡി തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു വൈകാതെ നേരിട്ടെത്തിക്കുകയും ചെയ്യുക.
● വിവിധ സബ്സിഡി തുക വര്‍ധിപ്പിക്കുകയും ഉപകരണങ്ങൾ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുകയും ചെയ്യുക.
● ഇറക്കുമതി നിയന്ത്രണം കൊണ്ടുവരിക.
● വിപണന ശൃംഖല വിപുലീകരിക്കുക
- ജോജി ഇടക്കുന്നില്‍, പത്തനംതിട്ട. (കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി )
Tags :