പ്രതീകാത്മക ചിത്രം
കേരള പൊലിസിലെ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും യാതൊരുവിധ വെള്ളപൂശലുമില്ലാതെ, ഭരണകർത്താക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരെടുത്ത് പറഞ്ഞ് ജനങ്ങളുടെ മുന്നിലേക്ക് തുറന്നുകാണിക്കാൻ കാണിച്ച അസാധാരണമായ ചങ്കൂറ്റത്തിന് ദീപിക എഡിറ്റോറിയൽ ടീമിന് അഭിനന്ദനങ്ങളും നന്ദിയും.
ജനങ്ങൾക്കു സുരക്ഷയും നീതിയും ഉറപ്പാക്കേണ്ട പൊലിസ് സേനയിൽ രാഷ്ട്രീയ നേതാക്കളുടെയും ഉന്നതരുടെയും ഒത്താശയോടെ നടക്കുന്ന അതിക്രമങ്ങളും അഴിമതികളും ഇന്ന് സാധാരണക്കാരുടെ നിത്യജീവിതത്തെ എത്രത്തോളം ദുസഹമാക്കി മാറ്റിയിരിക്കുകയാണെന്ന് ഒക്ടോബർ 29ലെ ലേഖനം കൃത്യമായി ചൂണ്ടിക്കാണിക്കുന്നു.
നീതിയുടെ കാവലാളുകളാകേണ്ടവർ തന്നെ അധികാരത്തിന്റെ ഹുങ്കിൽ നിയമം കൈയ്യിലെടുക്കുന്ന ഭീകരമായ അവസ്ഥയാണ് ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നത്. ഒരു മാധ്യമത്തിന്റെ ധർമം എന്താണെന്ന് സമൂഹത്തെ ഓർമിപ്പിക്കുന്ന തരത്തിൽ, യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ഭയത്തിനും വഴങ്ങാതെ സത്യം വിളിച്ചുപറയാൻ എടുത്ത ഈ നിലപാട് അത്യന്തം ശ്ലാഘനീയവും മാതൃകാപരവുമാണ്.
ജനപക്ഷത്ത് ഉറച്ചുനിന്നുകൊണ്ടുള്ള ഈ ധീരമായ ശബ്ദം ഇനിയും കൂടുതൽ കരുത്തോടെയും സന്ധിയില്ലാസമരമായും മുന്നോട്ട് പോകട്ടെയെന്ന് ആശംസിക്കുന്നു.
-ജോസ് ഈപ്പച്ചൻ കുന്നപ്പിള്ളിൽ, പെരിങ്ങഴ
Tags :