വന്ദേമാതരത്തിന്റെ മുഴുവൻ വരികളും പാടണം എന്ന നിർദേശത്തിൽ ഗവർണറും സർക്കാരും പ്രതിപക്ഷവും പല തട്ടിലാണ്. അതേസമയം, എല്ലാവർക്കും അതൃപ്തിയും പ്രതിഷേധവുമാണ്. മലയാളികൾക്ക് ഇത് ഇപ്പോൾ ഒരു വലിയ ചർച്ചാവിഷയവുമായി.
നമുക്കറിയാവുന്ന വന്ദേമാതരത്തിന് എന്തൊരു സൗന്ദര്യമാണ്! ഏത് ഭാഷയാണെന്ന് അറിയാതെ നാം കാണാതെ പഠിച്ചതാണ്. ബാക്കിയുള്ള വരികൾ ഇനി പഠിച്ച് പാടാനൊക്കെ പാടാണ്.
പിന്നെ ആ വരികളിൽ ഹിന്ദു ദേവതാ സങ്കൽപ്പങ്ങളെ/ബിംബങ്ങളെ ജന്മഭൂമിയായ ഭാരതത്തോട് ഉപമിച്ചതൊക്കെ അന്യമതസ്ഥർക്കും മതേതരക്കാർക്കും പാടാൻ മടിയായി. ഇതിനൊക്കെ ഒരു പരിഹാരമുണ്ട് ഞാൻ എന്റെ കൗമാരകാലത്തെ ഒരു അനുഭവം വച്ച് പറയാം. എന്റെ ജന്മദേശം ആയ ഹരിപ്പാട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവസമയത്ത് പതിവായി നാഗസ്വരക്കച്ചേരി നടത്താൻ ചിന്ന മൗലാന സാഹിബ് എന്ന സംഗീതവിദ്വാൻ വരാറുണ്ടായിരുന്നു എല്ലാവർഷവും അദ്ദേഹം നാഗസ്വരത്തിലൂടെ ക്ഷീരസാഗര ശയന എന്ന കീർത്തനം പാടുന്നത് ആസ്വദിക്കാൻ അന്യമതസ്ഥരും എത്തും.
മഹാവിഷ്ണുവിനെ സ്തുതിക്കുന്ന ദേവഗാന്ധാര രാഗത്തിലുള്ള ഈ വരികൾ ആ വാദ്യോപകരണത്തിലൂടെ പുറത്തു വരുമ്പോൾ എന്തൊരു സൗന്ദര്യമാണ്! അതാസ്വദിക്കുന്നത് ദേശക്കാരാകെയാണ്! അതേപോലെ, ഇക്കാലത്തെ സ്റ്റീഫൻ ദേവസി തന്റെ ഉപകരണത്തിലൂടെ ഇതേപോലുള്ള കീർത്തനങ്ങൾ വായിക്കുമ്പോൾ നാം ഏവരും ആസ്വദിക്കുന്നില്ലേ? ഇത് മാതൃകയായി എടുത്താൽ വന്ദേമാതരത്തിലെ എല്ലാ വരികളും നാഗസ്വരമോ ഓടക്കുഴലോ പോലെ വാദ്യോപകരണത്തിലൂടെ പാടിയാൽ കേൾക്കുന്നവർക്കും ഈ ചർച്ച ചെയ്യുന്നവർക്കും വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കും ഒക്കെ സമാധാനമാകും.
ഇതു കേൾക്കുന്ന ആളുകൾക്കെല്ലാം ഈ സംഗീതത്തിൽ തങ്ങളുടെ ഉള്ളിലെ സ്വന്തം വരികൾ കേൾക്കുന്നതായി തോന്നിയാൽ അന്യന്റെ ശബ്ദം സംഗീതമായി കാണാൻ കഴിയുന്ന ഉദാത്തമായ ഒരു അവസ്ഥയും സ്വായത്തമാക്കാം.
തമിഴ്നാട്ടിൽ ദേശീയ ഗീതത്തിനും ദേശീയ ഗാനത്തിനും ഒപ്പം തമിഴ്വാഴ്ത്ത്പാട്ടും പാടുന്നു. അതേപോലെ മലയാളിക്കും ഒരു മലയാള പ്രാർഥനാ ഗീതം അത്യാവശ്യമാണ്. അതിനു മതേതരമായ തികച്ചും ഉദാത്തമായ ഒരു ഗീതമുണ്ട് മലയാളത്തിൽ. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി എഴുതിയ “എങ്ങും എങ്ങും നിറയും വെളിച്ചമേ...’’ എന്ന ഗാനം. ഇതിന്റെ വരികൾ മുഴുവൻ ശ്രദ്ധിച്ചാൽ ഇത്രയും സെക്കുലറായി നന്മയുടെ ഗീതം പാടുന്ന മറ്റൊരു പ്രാർഥനാഗീതമില്ല!
നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ കൂടുന്നു എന്നുദ്ദേശിക്കുന്ന നിയമസഭയുള്ള എല്ലാ ദിവസങ്ങളിലും ആദ്യമേ ഗാനം പാടണം എന്നാണ് എന്റെ അഭ്യർഥന.
-ആർ. രാധാകൃഷ്ണൻ പാലക്കാട്
Tags :