പാചകവാതകം ലഭ്യമല്ലാത്തതും വിലവർധനയും സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലും എല്ലാം ഭക്ഷണത്തിനു ക്രമാതീതമായി വില വർധിപ്പിച്ചിരിക്കുന്നു. കൂടാതെ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചതോടെ ചില ഹോട്ടലുകളിൽ രണ്ടാമതും ഭക്ഷണവില വർധിപ്പിച്ചു.
പല ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി ഉടമകളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഓരോരുത്തരുടെയും ഇഷ്ടത്തിനനനുസരിച്ചാണ് വില വർധിപ്പിച്ചിരിക്കുന്നത്. സർക്കാരുമായി വില വർധന സംബന്ധിച്ച് ചർച്ചകൾ നടത്തിയതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കാണുന്നില്ല. ഹോട്ടലുകളിലെയും റസ്റ്ററന്റുകളിലെയും ഭക്ഷണ വിലവർധയുടെ ചുവടുപിടിച്ച് ബേക്കറികളിലും ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിച്ചത് സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ചെലവുകൾ വർധിച്ചതിന് ആനുപാതികമായി ഭക്ഷണസാധനങ്ങൾക്ക് ഏകീകൃത വില നടപ്പാക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനുകളുമായി സർക്കാർ അടിയന്തരമായി ചർച്ച നടത്തണം. ചർച്ചയിലൂടെ തീരുമാനിക്കുന്നവിലവർധന ഏകീകൃതമായി എല്ലാ ഹോട്ടലുകളും റസ്റ്റോറന്റുകളിലും ബേക്കറികളിലും നടപ്പാക്കുകയും പ്രദർശിപ്പിക്കുകയും വേണം.
ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കിൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും സാധാരണക്കാരുടെയും ജീവിതം ഏറെ ദുരിതപൂർണമാകും.
- റോയി വർഗീസ് ഇലവുങ്കൽ
Tags :