നിർധനർക്കും ലഭിക്കണം വിദഗ്ധ ചികിത്സ: രാഹുൽഗാന്ധി എംപി
1374981
Friday, December 1, 2023 7:44 AM IST
സുൽത്താൻ ബത്തേരി: നിർധനർക്കും വിദഗ്ധ ചികിത്സ ലഭ്യമാകുന്ന വിധത്തിൽ ആരോഗ്യമേഖലയിൽ ദേശീയതലത്തിൽ മാറ്റം ഉണ്ടാകണമെന്ന് രാഹുൽഗാന്ധി എംപി. ഇഖ്റ ആശുപത്രിയിൽ ഡയഗ്നോസ്റ്റിക്സ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികൾ വിദഗ്ധ ചികിത്സ നൽകുന്നത് ദേശവ്യാപകമല്ല. കേന്ദ്രത്തിൽ കോണ്ഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആരോഗ്യരംഗത്ത് ദേശീയതലത്തിൽ മാറ്റം കൊണ്ടുവരുമെന്ന് എംപി പറഞ്ഞു.
ജെഡിടി ഇസ്ലാം ഓർഫനേജ് കമ്മിറ്റി സെക്രട്ടറി ഡോ.വി. ഇദ്രീസ് അധ്യക്ഷത വഹിച്ചു. ഇഖ്റ ഹോസ്പിറ്റലിൽ കാത്ത് ലാബ് തുടങ്ങുന്നതിന് തായ് ഗ്രൂപ്പ് നൽകുന്ന തുകയുടെ ആദ്യഗഡു ജോയിന്റ് എംഡി ആഷിഖ് താഹിർ ജെഡിടി ഇസ്ലാം ട്രഷറർ സി.എ. ഹാരിഫിന് കൈമാറി. എംപിമാരായ കെ.സി. വേണുഗോപാൽ, പി.വി. അബ്ദുൾ വഹാബ്, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഇഖ്റ ഫിസിയോ തെറാപ്പി വിഭാഗം മേധാവി കെ. മുഹമ്മദ് നജീബ്, ചീഫ് ഡെന്റൽ സർജൻ ഡോ.നൗഷാദ് പള്ളിയാൽ എന്നിവർ പങ്കെടുത്തു. രാഹുൽഗാന്ധിക്കുള്ള ഉപഹാരം ഇഖ്റ ഗ്രൂപ്പ് ജനറൽ മാനേജർ എൻ. മുഹമ്മദ് ജസീൽ കൈമാറി.
ഇഖ്റ ഹോസ്പിറ്റൽ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.പി.സി. അൻവർ സ്വാഗതവും ഡോ.മുഹമ്മദ് അബ്ദുൾ ജവാദ് നന്ദിയും പറഞ്ഞു.