കാർഷിക സ്റ്റാർട്ടപ്പുകൾക്ക് മികച്ച അവസരവുമായി കാർഷിക സർവ്വകലാശാല
1548440
Tuesday, May 6, 2025 8:01 AM IST
കൽപ്പറ്റ: കാർഷിക സർവകലാശാലയുടെ അഗ്രിപ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാം, സ്റ്റാർട്ട് അപ്പ് ഇൻക്യൂബേഷൻ പ്രോഗ്രാം എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്മാർട്ട് കൃഷി രീതികൾ, കാർഷിക ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കൾ, പുതിയ മൂല്യവർധിത ഉത്പന്നങ്ങൾ, കാർഷിക യന്ത്രങ്ങൾ, മാലിന്യ സംസ്കരണ മാർഗങ്ങൾ എന്നിങ്ങനെ മണ്ണു മുതൽ വിണ്ണിൽ പറക്കുന്ന ഡ്രോണ് വരെ കാർഷിക ആശയം ഏതുമാകട്ടെ പുതുമയുള്ളതാണെങ്കിൽ കാർഷിക സ്റ്റാർട്ടപ്പുകളാക്കാം.
കേരള കാർഷിക സർവകലാശാലയിലെ അഗ്രിബിസിനസ് ഇൻക്യുബേറ്ററിൽ, കേന്ദ്ര കാർഷിക കർഷകക്ഷേമ മന്ത്രലയത്തിന്റെ കീഴിലുള്ള ആർകെവിവൈ ആർഎഎഫ്ടിഎഎആർ പദ്ധതിയിലൂടെയാണ് കാർഷിക ആശയങ്ങൾക്ക് അവസരങ്ങളൊരുക്കുന്നത്.
കെഎയുറെയ്സ്, കെഎയു പെയ്സ് എന്നിങ്ങനെ രണ്ടിന പ്രോഗ്രാമുകളിലായി ഇക്കഴിഞ്ഞ ആറ് വർഷത്തിൽ ഇരിനൂറ്റി നാൽപ്പത്തിയഞ്ചോളം നവസംരംഭകരെയാണ് കെ.എ.യു. റാഫ്ത്താർ അഗ്രിബിസിനസ്സ് ഇൻക്യുബേറ്റർ വളർത്തിയെടുത്തത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 98 സംരംഭകർക്ക് 12.23 കോടി രൂപയുടെ ഗ്രാന്റിന് കേന്ദ്ര കാർഷിക കർഷകക്ഷേമ മന്ത്രലയത്തിൽ നിന്നും അംഗീകാരം ലഭിച്ചു. നൂതന ആശയങ്ങളുള്ള കാർഷിക മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വിദ്യാർഥികൾക്കും നവസംരംഭകർക്കും പ്രോഗ്രാമുകളിലേക്കായി അപേക്ഷിക്കാം.
കാർഷിക മേഖലയിൽ വേറിട്ട ആശയങ്ങളുള്ളവരും വിദ്യാർഥികളും അവ പ്രോട്ടോടൈപ്പുകളായി വികസിപ്പിച്ചെടുക്കുന്നതിനായി അഗ്രിപ്രണർഷിപ്പ് ഓറിയന്േറഷൻ പ്രോഗ്രാമിലേക്കും (കഐയു റെയ്സ് 2025), നിലവിൽ സംരംഭം തുടങ്ങിയവർ പ്രാട്ടോടൈപ്പുകളുടെ വിപുലീകരണത്തിനും വാണിജ്യവത്കരണത്തിനുമായി സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ പ്രോഗ്രാമിലേക്കുമാണ് (കെഎസ്യു പേസ് 2025) അപേക്ഷിക്കേണ്ടത്.
കെഎയു റെയ്സ് 2025 പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു മാസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയും പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ വരെ ഗ്രാന്റിനും അവസരമൊരുക്കുന്നു. നൂതന ആശയങ്ങളുള്ള വിദ്യാർഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ആശയങ്ങൾ സംരംഭമായി വികസിപ്പിക്കുന്നതിനുമായി നാല് ലക്ഷം രൂപ വരെയുള്ള ധനസഹായവും പദ്ധതിയിലൂടെ ലഭ്യമാക്കുന്നു.
കെഎസ്യു പെയ്സ് 2025 പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോട്ടോടൈപ്പുകളുടെ വാണിജ്യവത്കരണത്തിനായുള്ള വിദഗ്ദ മാർഗ നിർദേശങ്ങളും സാങ്കേതിക സാന്പത്തിക സഹായവും 15 ദിവസത്തെ അധിക ഇൻക്യുബേഷൻ വർക്ക്ഷോപ്പും അഗ്രിബിസിനസ് ഇൻക്യൂബേഷൻ സൗകര്യം ഉപയോഗപ്പെടുത്തുവാനുള്ള അവസരവും ലഭ്യമാക്കുന്നു. വിവിധ ഘട്ട സ്ക്രീനിംഗുകൾക്കു ശേഷം തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് പരമാവധി 25 ലക്ഷം രൂപ വരെ ഗ്രാന്റും ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്rabi.kau.in
എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ കൊടുത്തിരിക്കുന്ന ഫോണ് നന്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ ൃമയശ@സമൗ.ശി എന്ന ഇ മെയിൽ വിലാസത്തിലേക്കോ അഗ്രിബിസിനസ് ഇൻക്യബേറ്ററിലേക്ക് പോസ്റ്റ് വഴിയോ ഗൂഗിൾ ഫോം മുഖേനയോ അയക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30. വിലാസം: ഡോ.കെ.പി. സുധീർ, അഗ്രിബിസിനസ് ഇൻക്യുബേറ്റർ മേധാവി, കാർഷിക എൻജിനിയറിംഗ് വിഭാഗം, കാർഷിക കോളജ്, കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര, തൃശൂർ 680656. ഫോണ്: 9778436265/ 0487 2438332/ 8330801782/ 9496108185. email: [email protected].