നേതാക്കൾക്കെതിരേ പൊട്ടിത്തെറിച്ച് എൻ.എം. വിജയന്റെ കുടുംബം
1548095
Monday, May 5, 2025 5:58 AM IST
കോൺഗ്രസ് നേതാക്കൾ ഉറപ്പ് പാലിച്ചില്ലെന്ന്
സുൽത്താൻബത്തേരി: കോണ്ഗ്രസ് നേതാക്കൾക്കെതിരേ പൊട്ടിത്തെറിച്ച്, ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബം. തങ്ങൾക്കു നൽകിയ ഉറപ്പുകൾ പാർട്ടി നേതാക്കൾ പാലിച്ചില്ലെന്ന് വിജയന്റെ മകൻ വിജേഷും മരുമകൾ പദ്മജയും ആരോപിച്ചു. പണം നൽകാനുള്ളവർ നിരന്തരം വീട്ടിലെത്തുകയാണെന്ന് അവർ പറഞ്ഞു.
ബത്തേരിയിലെത്തിയ പ്രിയങ്ക ഗാന്ധി എംപിയെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാനും നിവേദനം നൽകാനും അവസരം ഒരുക്കുമെന്ന് പ്രാദേശിക കോണ്ഗ്രസ് നേതാക്കൾ വിജയന്റെ മകനെയും മരുമകളെയും അറിയിച്ചിരുന്നു. പദ്മജയെ അനിമൽ ആംബുലൻസിന്റെ താക്കോൽദാനം നടത്തുന്ന വൈൽഡ് ലൈഫ് ഡിവിഷൻ ആസ്ഥാനത്ത് എത്തിക്കുകയും ചെയ്തു. എന്നാൽ പ്രിയങ്കയെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ പദ്മജയ്ക്ക് കഴിഞ്ഞില്ല.
പ്രിയങ്ക മടങ്ങിയതിനു പിന്നാലെയാണ് വിജേഷും ഭാര്യയും കോണ്ഗ്രസ് നേതാക്കൾക്കെതിരേ പൊട്ടിത്തെറിച്ചത്. വിജയന്റെ മരണശേഷം വീട്ടിലെത്തിയ കോണ്ഗ്രസ് നേതാക്കൾ രണ്ടു കോടിയോളം രൂപ വരുന്ന ബാധ്യത ഏറ്റെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ 10 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. പ്രിയങ്ക ഗാന്ധി എംപി വീട്ടിലെത്തി കുടുംബത്തിന്റെ സംരക്ഷണം ഉറപ്പുനൽകിയതാണ്.
എന്നാൽ ഇപ്പോൾ അവരെ കണ്ട് സംസാരിക്കാൻപോലും അവസരം ലഭിക്കുന്നില്ല. പാർട്ടിക്കുവേണ്ടി വിജയൻ വരുത്തിയ കടങ്ങളിൽ എന്തുചെയ്യാൻ പറ്റുമെന്ന് നേതാക്കൾ വ്യക്തമാക്കണം. ബാധ്യത പാർട്ടി ഏറ്റെടുക്കുമെന്ന വിശ്വാസത്തിൽ പല സത്യങ്ങളും മറച്ചുവച്ചു. അതിനുള്ള നന്ദി നേതാക്കൾ കാണിക്കുന്നില്ല. ഇനിയും നീതി ലഭിക്കുന്നില്ലെങ്കിൽ നേതാക്കളുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകൾ പുറത്തുപറയും. തങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും വിജേഷും പദ്മജയും പറഞ്ഞു.