അരപ്പറ്റ സിഎംഎസ് സ്കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷം നാളെ
1547766
Sunday, May 4, 2025 6:19 AM IST
കൽപ്പറ്റ: മൂപ്പൈനാട് അരപ്പറ്റ സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷം സാർഥകം-2025 എന്നി പേരിൽ നാളെ നടത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ പി.കെ. ലത്തീഫ്, എം. അറുമുഖൻ, എസ്.എം. റാസിക്, പി.എം. രാജേഷ്, പി.പി. അബ്ദുറഹ്മാൻ, എ.കെ. റഫീഖ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൂർവ വിദ്യാർഥി-അധ്യാപക സംഗമം, അധ്യാപകരെ ആദരിക്കൽ, സമൂഹസദ്യ, കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, ഗാനമേള എന്നിവ ആഘോഷത്തിന്റെ ഭാഗമാണ്. പൂർവ വിദ്യാർഥി-അധ്യാപക സംഗമം രാവിലെ ഒന്പതിന് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ടി. സിദ്ദിഖ് എംഎൽഎ നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ പി.കെ. ലത്തീഫ് അധ്യക്ഷത വഹിക്കും. രാത്രി എട്ടിന് ഗാനമേള ആരംഭിക്കും.
മലയാളം പ്ലാന്േറഷൻസ് കന്പനി ലഭ്യമാക്കിയ സ്ഥലത്ത് 1950ൽ മദ്രാസ് സർക്കാരിന്റെ അംഗീകാരത്തോടെ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ആരംഭിച്ചതാണ് അരപ്പറ്റയിലെ വിദ്യാലയം. 1976ലാണ് യുപിയായി ഉയർത്തിയത്.
1983ൽ ഹൈസ്കൂളും 2009ൽ ഹയർ സെക്കൻഡറി സ്കൂളുമായി. മൂപ്പൈനാട് പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണിത്. എൽപി മുതൽ വിഭാഗങ്ങളിലായി നിലവിൽ 1,200 പഠിതാക്കളും 56 അധ്യാപക-അധധ്യാപക ജീവനക്കാരുമുണ്ട്. തോട്ടം തൊഴിലാളികളുടെയും പട്ടിക വിഭാഗങ്ങളിൽപ്പെട്ടവരുടെയും മക്കളാണ് വിദ്യാർഥികളിൽ അധികവും.