ഗ്രാമീണ റോഡുകൾ ഉന്നതികളിൽ എത്തുന്ന തരത്തിൽ പിഎംജിഎസ്വൈ മാർഗരേഖ മാറ്റണം: പ്രിയങ്ക ഗാന്ധി
1547763
Sunday, May 4, 2025 6:19 AM IST
കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ ഉന്നതികളെ ബന്ധിപ്പിക്കുന്ന രീതിയിലാക്കുന്നതിന് പിഎംജിഎസ് വൈ മാർഗരേഖയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടും പ്രധാനമന്ത്രി കൃഷി വികാസ് യോജനയിലെ ന്യൂനതകൾ ചൂണ്ടിക്കാണിച്ചും കേന്ദ്ര ഗ്രാമ വികസന-കൃഷി മന്ത്രി ശിവരാജ്സിംഗ് ചൗഹാന് പ്രിയങ്ക ഗാന്ധി എംപി കത്തയച്ചു.
മണ്ഡലത്തിലെ പട്ടികവർഗ ഉന്നതികളിലുള്ളവർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകളാണ്. അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുന്നതിന് ഉന്നതികളെ പട്ടണവുമായി ബന്ധിപ്പിക്കുന്ന റോഡുകൾ ആവശ്യമാണ്. കാടിനകത്തുള്ള ഉന്നതികളിലെ തൊഴിൽ ലഭ്യത, വിദ്യാലയങ്ങളിൽനിന്നു പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയൽ, വന്യമൃഗശല്യ പ്രതിരോധം എന്നിവയ്ക്ക് റോഡ് സൗകര്യക്കുറവ് വെല്ലുവിളിയാകുന്നുണ്ട്.
ആസ്പിരേഷണൽ ജില്ലകളിലെ സാമൂഹിക-സാന്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളിൽ ആദിവാസി സമൂഹം കൂടുതൽ താമസിക്കുന്ന ഗ്രാമങ്ങൾക്ക് മുൻഗണന നൽകണമെന്നുണ്ട്. എന്നാൽ പിഎംജിഎസ് വൈ-4 മാർഗനിർദേശങ്ങൾ അനുസരിച്ച് 500നു മേൽ ജനസംഖ്യയും അതിൽ 50 ശതമാനം ആദിവാസികളും താമസിക്കുന്ന ഗ്രാമങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. കാടിനകത്തുള്ളതിൽ പലതും നൂറിൽ താഴെ മാത്രം ജനസംഖ്യയുള്ള ഉന്നതികളാണ്.
മണ്ഡലത്തിന്റെ പ്രത്യേക സാമൂഹിക-സാന്പത്തിക വെല്ലുവിളികൾ പരിഗണിച്ച് മാർഗനിദേശത്തിൽ ആവശ്യമായ മാറ്റം വരുത്തണം. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തിയ വെള്ളമുണ്ട-പുളിഞ്ഞാൽ റോഡിന്റെയും അച്ചൂർ പാലത്തിന്റെയും നിർമാണത്തിൽ കാലതാമസം ഉണ്ടാകുകയാണ്.
വിഷയത്തിൽ മന്ത്രി ഇടപെടണം. പ്രധാനമന്ത്രി കൃഷി വികാസ് യോജനയിൽ ചെറുകിട കർഷകർക്ക് സ്പ്രിഗ്ളർ ഇറിഗേഷൻ സൗകര്യം ഒരുക്കുന്നതിന് പ്രത്യേക പരിഗണന നൽകി അധിക സാന്പത്തിക സഹായം അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.