നെല്ലാക്കോട്ടയിൽ കാട്ടാന ആക്രമണം: നാട്ടുകാർ റോഡ് ഉപരോധിച്ചു
1548445
Tuesday, May 6, 2025 8:01 AM IST
ഗൂഡല്ലൂർ: ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തർ സംസ്ഥാന പാതയിലെ നെല്ലാക്കോട്ട ടൗണിൽ കാട്ടാനയുടെ പരാക്രമം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം. വനത്തിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ ആന റോഡരികിൽ പാർക്ക് ചെയ്തിരുന്ന നെല്ലാക്കോട്ട സ്വദേശിയും വ്യാപാരിയുമായ ജനീറിന്റെ കാർ തകർത്തു. കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ നിലത്ത് വീണ് മധ്യവയസ്കന് പരിക്കേറ്റു.
നെല്ലാക്കോട്ട സ്വദേശി ഷൗക്കത്ത് (62) ആണ് പരിക്കേറ്റത്. (മുസ്ലിം ജമാഅത്ത് നെല്ലാക്കോട്ട സർക്കിൾ സെക്രട്ടറിയാണ്). ഇദ്ദേഹത്തെ ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡിന്റെ അരികിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
തുടർന്ന് റോഡിന്റെ താഴ്ഭാഗത്തിലേക്ക് ഇറങ്ങിയ ആന പ്രദേശവാസിയായ സൈതലവിയുടെ വീട് തകർത്തു. വീടിന്റെ ടറസിന് മുകളിൽ കയറുകയും ചെയ്തു. പിന്നീട് ജനങ്ങൾ ശബ്ദം ഉണ്ടാക്കിയാണ് ആനയെ വനത്തിലേക്ക് തുരത്തിയത്.
നെല്ലാക്കോട്ട ടൗണിൽ കാട്ടാനയുടെ വിളയാട്ടമാണ്. പലതവണ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വനംവകുപ്പിന്റെ അനാസ്ഥ കാരണമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
കാട്ടാനയുടെ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പോലീസ് സ്റ്റേഷന് സമീപത്ത് ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തർ സംസ്ഥാന പാത ഉപരോധിച്ചു. രാവിലെ എട്ട് മുതൽ 9.30വരെയാണ് ഉപരോധ സമരം നടത്തിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുക്കണക്കിന് പേർ സമരത്തിൽ പങ്കെടുത്തു.
വിവരമറിഞ്ഞ് ദേവാല ഡിവൈഎസ്പി ജയപാലൻ, വനംവകുപ്പ് ഉദ്യോഗസ്ഥരായ കറുപ്പ, രവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. വനാതിർത്തിയിൽ കിടങ്ങ് നിർമിക്കുമെന്നും ആക്രമണത്തിൽ മതിയായ നഷ്ടപരിഹാരം നൽകുമെന്നും അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കാട്ടാന ശല്യം കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.
വനംവകുപ്പിനെതിരെ ജനരോഷം ഉയർന്നു. സമരം കാരണം റോഡിന്റെ ഇരുവശങ്ങളിലും നൂറുക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടന്നിരുന്നത്.