വന്യമൃഗ ശല്യം പ്രതിരോധിക്കാൻ ദീർഘകാല പദ്ധതികൾ അനിവാര്യം: മന്ത്രി ഒ.ആർ കേളു
1547540
Saturday, May 3, 2025 6:29 AM IST
കൽപ്പറ്റ: ജില്ലയിൽ വന്യമൃഗ ശല്യം പ്രതിരോധിക്കാൻ ദീർഘകാല പദ്ധതികൾ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പട്ടികജാതി പട്ടിക വർഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു. മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണാൻ വിശദമായ പഠന റിപ്പോർട്ട് തയാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ ഉൾവനങ്ങളിൽ ഫലവൃക്ഷങ്ങൾ നട്ടുവളർത്തൽ, കുളം ബണ്ട് നിർമാണം, മഞ്ഞക്കൊന്ന ഉൻമൂലനം ചെയ്ത് വനത്തിന്റെ സ്വാഭാവികത തിരച്ചെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
വന മേഖലയോട് ചേർന്നുള്ള ഉന്നതികളിലും വഴിയോരങ്ങളിലും ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും വനം വകുപ്പിനും മന്ത്രി നിർദേശം നൽകി. ജില്ലയിൽ കാട് മൂടിയ എസ്റ്റേറ്റുകൾ കണ്ടെത്തി ഉടമകൾക്ക് നോട്ടീസ് നൽകാൻ മാനന്തവാടി, വൈത്തിരി, സുൽത്താൻ ബത്തേരി തഹസിൽദാർമാരോട് ആവശ്യപ്പെട്ടു.
കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, വൈൽഡ് ലൈഫ് വാർഡൻ വരുണ്‍ ഡാലിയ, സബ് കളക്ടർ മിസാൽ സാഗർ ഭരത്, സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.