ജില്ലയിലെ ചെക്ക് ഡാമുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കും
1547762
Sunday, May 4, 2025 6:19 AM IST
കൽപ്പറ്റ: ജില്ലയിൽ കൃഷിയാവശ്യങ്ങൾക്കായി നിർമിച്ച ജലസേചന പദ്ധതികളുടെ പ്രവർത്തനക്ഷമത പരിശോധിക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് ആസൂത്ര ഭവൻ എ.പി.ജെ ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. കർഷകർക്ക് കൃത്യമായ ഇടവേളകളിൽ നെൽകൃഷി ചെയ്യാൻ ജലസേചന പദ്ധതി മുഖേന ജല ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ വകുപ്പുകൾ നടപ്പാക്കണമെന്ന് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു.
മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാദേശികതല ജലസ്രോതസുകളിലെ ഗതി പുനഃസ്ഥാപിക്കൽ പ്രവർത്തികൾ പുരോഗമിക്കുന്നുണ്ട്. മഴ ശക്തിമാകുന്നതിന് മുൻപ് അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കാൻ ട്രീ കമ്മിറ്റികൾ ചേർന്ന് ആവശ്യമായ നടപടി സ്വീകരിക്കണം.
ജില്ലയിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസ്, പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം, പഞ്ചായത്ത്, സാമൂഹിക നീതി, പട്ടികവർഗ്ഗ വികസന വകുപ്പ്, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ജനങ്കീയ പങ്കാളിത്തതോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരം സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് വെട്ടിനീക്കാൻ നിർദേശിച്ചിട്ടും ചെയ്യാത്തവർക്ക് നോട്ടീസ് നൽകുമെന്നും കഐൽആർ നിയമ പ്രകാരം എസ്റ്റേറ്റ് തോട്ടങ്ങൾ പരിപാലിക്കാതെ കാട് മൂടിയാൽ അത്തരം ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കാൻ സാധിക്കും.
പരിപാലിക്കാതെ കാട് മൂടിയ രീതിയിൽ കണ്ടെത്തിയ എസ്റ്റേറ്റുകളുടെ വിവരം സർക്കാരിനെ അറിയിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനും സ്കൂൾ പ്രവേശനം ഉറപ്പാക്കാനും അധ്യയന വർഷാരംഭത്തിനകം ഉന്നതികൾ കേന്ദ്രീകരിച്ച് ജനകീയ പങ്കാളിത്തതോടെ ഭവന സന്ദർശനം നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കുട്ടികളിൽ കൃഷി ആഭിമുഖ്യം വളർത്തി വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ സ്കൂളുകളിൽ കൃഷിക്കൂട്ടം നൂതന പദ്ധതി നടപ്പിലാക്കും. പദ്ധതിക്കായി സുൽത്താൻ ബത്തേരി, പനമരം, മാനന്തവാടി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധികളിലെ നാല് സ്കൂളുകളെ തെരഞ്ഞെടുത്തു. സുൽത്താൻ ബത്തേരി ഗവ. സർവജന സ്കൂൾ, പനമരം ജിഎൽപി സ്കൂൾ,
എടവക എഎൻഎം യുപി സ്കൂൾ, വൈത്തിരി പഞ്ചായത്തിലെ സെന്റ് ജോസഫ് യുപി സ്കൂളുകളിൽ ജൂണ് മുതൽ പദ്ധതി നടപ്പാക്കുമെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ അറിയിച്ചു. എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ മിസാൽ സാഗർ ഭരത്, പ്ലാനിംഗ് ഓഫീസർ എം. പ്രസാദൻ, വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.