മാനന്തവാടി രൂപത സമുദായിക ദിനാഘോഷം നാളെ
1547542
Saturday, May 3, 2025 6:29 AM IST
കൽപ്പറ്റ: മാനന്തവാടി രൂപത സാമുദായിക ദിനം നാളെ ആഘോഷിക്കും. കത്തോലിക്ക കോണ്‍ഗ്രസ് ജൻമദിനമായ ഏപ്രിൽ 30നുശേഷമുള്ള ഞായറാഴ്ചയാണ് സാമുദായിക ദിനമായി ആഘോഷിക്കുന്നത്. എല്ലാ ഇടവകകളിലും രാവിലെ പതാക ഉയർത്തും.
സാമുദായിക ശക്തീകരണത്തിന്റെ ആവശ്യകത, പ്രാധാന്യം, സഭയുടെ വളർച്ചയിൽ അല്മായർക്കുള്ള പങ്ക്, സഭ നേരിടുന്ന പ്രശ്നങ്ങളിൽ കത്തോലിക്ക കോണ്‍ഗ്രസിന്റെ ഇടപെടൽ എന്നിവ വ്യക്തമാക്കി മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം പുറപ്പെടുവിക്കുന്ന ഇടയലേഖനം എല്ലാ ഇടവകകളിലും വിശുദ്ധ കുർബാനമധ്യേ വായിക്കും.
കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് കണ്‍വൻഷനുകൾ ചേരും. സാമുദായിക മുന്നേറ്റത്തിൽ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രസക്തി എന്ന വിഷയത്തിൽ ചർച്ചയും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്റെ പ്രാധാന്യത്തിൽ സംവാദവും നടത്തും.
ഉച്ചയ്ക്കുശേഷം ഫൊറോനതലത്തിൽ സാമുദായിക കണ്വൻഷൻ ചേരും. സമുദായം നേരിടുന്ന രാഷ്ട്രീയ- സാമൂഹിക അവഗണന, കാർഷിക മേഖലയിലെ പ്രതിസന്ധി, വന്യമൃഗശല്യം, ഇഎസ്എ, പട്ടയ പ്രശ്നങ്ങൾ, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്, രാഷ്ട്രീയ നിലപാടുകൾ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.
ദിനാഘോഷ ആലോചനായോഗം കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടർ ഫാ.ജോബി മുക്കാട്ടു കാവുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, സജി ഫിലിപ്പ്, സാജു പുലിക്കോട്ടിൽ, റെനിൽ കഴുതാടിയിൽ, തോമസ് പാഴൂക്കാല, തോമസ് പട്ടമന, റെജിമോൻ പുന്നോലിൽ, സജി ഇരട്ടമുണ്ടയ്ക്കൽ, അഡ്വ.ഗ്ലാസിസ് ചെറിയാൻ, മോളി മാമൂട്ടിൽ, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.