കക്കനഹള്ള ചെക്പോസ്റ്റിലെ ഇ പാസ് പരിശോധന: ഗതാഗതം തടസപ്പെട്ടു
1547539
Saturday, May 3, 2025 6:29 AM IST
ഗൂഡല്ലൂർ: തമിഴ്നാട്-കർണാടക അതിർത്തിയായ കക്കനഹള്ള ചെക്പോസ്റ്റിലെ ഇ പാസ് പരിശോധനയെത്തുടർന്ന് ഒരു മണിക്കൂർ വാഹന ഗതാഗതം തടസപ്പെട്ടു. വാഹനങ്ങളുടെനിര പത്ത് കിലോമീറ്ററോളം നീണ്ടു. കാറുകളും ബസുകളും ചരക്ക് വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് പരിശോധന കാരണം വനമേഖലയിലെ റോഡിൽ കുടുങ്ങിയത്.
കുടിക്കാൻ വെള്ളം പോലും ലഭിക്കാതെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടിലായി. നീലഗിരിയിൽ പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ദാഹം അകറ്റാൻ കുടിവെള്ളം പോലും കയ്യിൽ കരുതാൻ പറ്റാത്ത അവസ്ഥയാണ്.
ഇ പാസ് പരിശോധനയിൽ ഇളവ് വരുത്തണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് നീലഗിരിയിൽ പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഇ പാസ് ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പത്തിൽപ്പരം ചെക്പോസ്റ്റുകളിലായിരുന്നു പരിശോധന നടത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ പരിശോധന അഞ്ച് ചെക്പോസ്റ്റുകളിൽ മാത്രമാക്കി ചുരുക്കി. ഇ പാസ് പരിശോധന കാരണം ചരക്കുകളുമായി പോകുന്ന വാഹനങ്ങളും മറ്റ് യാത്രക്കാരും ഏറെ ദുരിതത്തിലായിരിക്കുകയാണ്. ഇതിന് പരിഹാരം കാണണമെന്നാണ് ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.