വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഏർപ്പെടുത്തി
1547536
Saturday, May 3, 2025 6:18 AM IST
ഗൂഡല്ലൂർ: ദക്ഷിണേന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നീലഗിരിയിൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്തി.
ഉൗട്ടി ബോട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ചിൽഡ്രൻസ് പാർക്ക്, കുന്നൂർ സിംസ് പാർക്ക്, ഗൂഡല്ലൂർ സൂചിമല, മുതുമല കടുവാ സങ്കേതം, പൈക്കാര, ദൊഡപേട്ട, കോത്തഗിരി നെഹ്റു പാർക്ക് തുടങ്ങിയ സഞ്ചാര കേന്ദ്രങ്ങളിൽ മതിയായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുകയാണ്.
സുരക്ഷയുടെ ഭാഗമായി നിരീക്ഷണത്തിനായി ജില്ലയിൽ 3,756 സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
ഉൗട്ടി നഗരത്തിൽ 880 കാമറകളും ടൗണിനോട് ചേർന്ന മേഖലകളിൽ 395 കാമറകളും കുന്നൂരിൽ 1862 ക്യാമറകളും ഗൂഡല്ലൂരിൽ 968 കാമറകളും ദേവാല മേഖലയിൽ 251 കാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. നീലഗിരിയിൽ വസന്തോത്സവത്തിന്റെ കാലമാണ്.
സമ്മർ സീസണ് ആരംഭിച്ചതോടെ നീലഗിരിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമാണ്. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് ഉൗട്ടിയിൽ വിനോദ സഞ്ചാരത്തിനെത്തുന്നത്. പ്രതിവർഷം 30 ലക്ഷം സഞ്ചാരികളാണ് ഉൗട്ടി സന്ദർശിക്കുന്നത്.