മാനന്തവാടി രൂപത സാമുദായികദിനം ആഘോഷിച്ചു
1548086
Monday, May 5, 2025 5:33 AM IST
കൽപ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് ജന്മദിനമായ ഏപ്രിൽ 30നുശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ മാനന്തവാടി രൂപത സാമുദായികദിനം ആഘോഷിച്ചു. ഇടവകകളിൽ രാവിലെ പതാക ഉയർത്തി. സമുദായ ശക്തീകരണത്തിന്റെ ആവശ്യകത, പ്രാധാന്യം, സഭയുടെ വളർച്ചയിൽ അല്മായർക്കുള്ള പങ്ക്, സഭ നേരിടുന്ന പ്രശ്നങ്ങളിൽ കത്തോലിക്ക കോണ്‍ഗ്രസിന്റെ ഇടപെടൽ എന്നിവ വ്യക്തമാക്കി മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം പുറപ്പെടുവിച്ച ഇടയലേഖനം ഇടവകകളിൽ വിശുദ്ധ കുർബാനമധ്യേ വായിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് കണ്‍വൻഷനുകൾ ചേർന്നു. സമുദായ മുന്നേറ്റത്തിൽ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രസക്തി എന്ന വിഷയത്തിൽ ചർച്ചയും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്റെ പ്രാധാന്യത്തിൽ സംവാദവും നടത്തി.
ഉച്ചയ്ക്കുശേഷം ഫൊറോനതലത്തിൽ കണ്വൻഷൻ ചേർന്നു. സമുദായം നേരിടുന്ന രാഷ്ട്രീയ-സാമൂഹിക അവഗണന, കാർഷിക മേഖലയിലെ പ്രതിസന്ധി, വന്യമൃഗശല്യം, ഇഎസ്എ, പട്ടയപ്രശ്നം, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്, രാഷ്ട്രീയ നിലപാടുകൾ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.
മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ ദിനാഘോഷം എകെസിസി ഫൊറോന പ്രസിഡന്റ് സുനിൽ പാലമറ്റം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജസ്റ്റിൻ മൂന്നനാൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. റിജോസ്, ബീന കരുമാംകുന്നേൽ, ടോമി വണ്ടന്നൂർ, ആന്റണി മങ്കടപ്ര, ജസ്റ്റസ് തൈപ്പറന്പിൽ, റെൽജു മിറ്റത്താനി, തോമാച്ചൻ കടുപ്പിൽ, ജോസ് തൊട്ടിയിൽ, ബെന്നി കോട്ടുപള്ളി, ജോയൻ പറയുംനിലം എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ ഡിപോൾ ഫൊറോന പള്ളിയിൽ വികാരി ഫാ. മാത്യു പെരിയപ്പുറം പതാക ഉയർത്തി. ഡിപോൾ സ്കൂൾ ഹാളിൽ ചേർന്ന കണ്വൻഷൻ എകെസിസി രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് സജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡിപോൾ പള്ളി അസി. വികാരി ഫാ. കിരണ്‍ ആമുഖപ്രഭാഷണവും എകെസിസി മേഖലാ ഡയറക്ടർ ഫാ. ടോമി പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണവും നടത്തി.
എകെസിസി രൂപത സെക്രട്ടറി ജോണ്സണ് കാവുംപാടത്ത്, ഷിബിൻ കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഗ്രിഗറി മണവാളൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പിഎച്ച്ഡി നേടിയ ഡോ. അശ്വിൻ പോൾ എന്നിവരെ ആദരിച്ചു.
വൈത്തിരി സെന്റ് മേരീസ് ഇടവകയിൽ എകെസിസി പ്രസിഡന്റ് കുര്യൻ തോലംമാക്കിയിൽ പതാക ഉയർത്തി. വിശുദ്ധകുർബാനയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ വികാരി ഫാ. ടോമി പുത്തൻപുരയ്ക്കൽ ആമുഖപ്രഭാഷണം നടത്തി. എകെസിസി വൈസ് പ്രസിഡന്റ് ഡെന്നിസ് കണ്ണന്പുഴ പ്രസംഗിച്ചു.
മാത്മാറ്റിക്സിൽ പിഎച്ച്ഡി നേടിയ ഷൈനി പൈനാടത്ത്, കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഗ്രിഗറി മണവാളൻ, ലോഗോസ് ക്വിസ് പരീക്ഷയിൽ മാനന്തവാടി രൂപതയിൽ ഒന്നാം സ്ഥാനം നേടിയ അന്നമ്മ പുതിയകുന്നേൽ എന്നിവരെ ആദരിച്ചു.
ഇവർക്കുള്ള മെമന്റോ നിതിൻ ഉതിമൂട്ടിൽ, ബിജു തെക്കേകുന്നത്ത്, ബിനോജ് വെള്ളത്താനത്ത് എന്നിവർ കൈമാറി. ചെന്നലോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ പതാക ഉയർത്തി. സമുദായ നേതാക്കളെ ആദരിച്ചു.