കേരള എയ്ഡഡ് സ്കൂൾ നോണ്ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന്
1547541
Saturday, May 3, 2025 6:29 AM IST
സുൽത്താൻ ബത്തേരി: കേരള എയ്ഡഡ് സ്കൂൾ നോണ് ടീച്ചിംഗ് സ്റ്റാഫ് അസാസിയേഷന്റെ 61-ാമത് സംസ്ഥാന സമ്മേളനം ഇന്ന് സുൽത്താൻ ബത്തേരിയിൽ നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക.
തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ.വി. മധു അധ്യക്ഷത വഹിക്കും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ ടി.കെ. രമേശ് വിദ്യാഭ്യാസ അവാർഡ്ദാനം നടത്തും.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്, ഡിഡിഇ ശശീന്ദ്രവ്യാസ് വിരമിക്കുന്നവരെ ആദരിക്കും. മുൻ സംസ്ഥാന ഭാരവാഹികളായ പി.എം. സലീം, വി.ഐ. ജോയി, തോമസ് മാത്യു, മാത്യു ജോർജ്, സംസ്ഥാന സെക്രട്ടറി വി. കേശവദാസ് എന്നിവർ പ്രസംഗിക്കും.
ഉച്ചയ്ക്ക്ശേഷം നടക്കുന്ന പൊതുസമ്മേളനം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട 25 കുടുംബങ്ങൾക്കുള്ള തയ്യൽ മെഷീൻ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിക്കും. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ് എൽസി പൗലോസ്, ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ജെ. ഷിജിത അവാർഡ്ദാനം നിർവഹിക്കും.
വൈകുന്നേരം നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി ആയിരത്തോളം പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ, ജില്ലാ പ്രസിഡന്റ് ബെന്നി തോമസ്, ഇ.സി. ബിജു, കെ.എൽ. ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.